ഏഴു വയസുകാരനെ മര്‍ദിച്ച കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമം
തൊടുപുഴ: ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ തൊടുപുഴ കുമാരമംഗലത്തെ വാടക വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. വന്‍ പൊലിസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
സംഭവം നടന്ന തൊടുപുഴ കുമാരമംഗലത്തെ വീട്ടിലേക്കു വന്‍ പൊലിസ് സന്നാഹത്തോടെയാണ് പ്രതിയെ എത്തിച്ചത്. തെളിവെടുപ്പിനെത്തുമെന്നറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാര്‍ പ്രതിയെ കൂകി വിളിച്ചു, ചിലര്‍ അസഭ്യവര്‍ഷം നടത്തി.
തുടര്‍ന്ന് വീടിനുള്ളില്‍ കുട്ടി തലയടിച്ചു വീണ മുറിക്കുള്ളിലെത്തിച്ചു തെളിവുകള്‍ ശേഖരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി അരുണ്‍ ആനന്ദിനെ പുറത്തെത്തിച്ചതോടെ നാട്ടുകാരുടെ രോഷം അണപൊട്ടി.
പ്രതിയെ കയ്യേറ്റം ചെയ്യാന്‍ നാട്ടുകാര്‍ സംഘടിച്ചതോടെ തൊടുപുഴ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിയെ മടക്കി എത്തിച്ചു. ഒരു മാസം മുന്‍പ് ഭാര്യ- ഭര്ത്താക്കന്മാരെന്ന പേരില്‍ ഇവിടെ വാടകക്ക് താമസിച്ചു വരികയായിരുന്ന പ്രതിയും യുവതിയും രണ്ട് കുട്ടികളും. നാട്ടുകാരുമായി ഇവര്‍ അധിക ബന്ധം പുലര്‍ത്തിയിരുന്നില്ല. സംഭവ ദിവസം മുകളിലത്തെ നിലയില്‍ താമസിക്കുന്ന കുടുംബവും സ്ഥലത്തില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."