പുസ്തക- യൂനിഫോം വില്‍പ്പന വേണ്ട; സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ പുസ്തകം, യൂനിഫോം, സ്‌റ്റേഷനറികള്‍ തുടങ്ങിയവ വില്‍ക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സി.ബി.എസ്.ഇയുടെ മുന്നറിയിപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളല്ലെന്നും വിദ്യ നല്‍കാനുള്ളതാണെന്നും സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ചില പ്രത്യേക കമ്പനികളില്‍ നിന്ന് മാത്രം പുസ്തകം വാങ്ങി വില്‍ക്കുന്നുവെന്നും സ്‌കൂളുകളില്‍ സ്റ്റേഷനറി, യൂനിഫോം കച്ചവടം നടക്കുന്നുവെന്നുമുള്ള പരാതി വ്യാപകമായതോടെയാണ് സി.ബി.എസ്.ഇ ഇടപെട്ടത്.
പാഠ പുസ്തകങ്ങള്‍, നോട്ട്ബുക്ക്, സ്‌റ്റേഷനറി, യൂനിഫോം, ഷൂസ്, സ്‌കൂള്‍ ബാഗ് തുടങ്ങിയവ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി വാങ്ങിപ്പിക്കുന്ന അനാരോഗ്യ പ്രവൃത്തി ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
സാമൂഹ്യ സേവനത്തിനു വേണ്ടിയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി.ബി.എസ്.ഇ ചട്ടത്തില്‍ പറയുന്നുണ്ട്. കച്ചവടത്തിനു വേണ്ടിയല്ല, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാണ് സ്‌കൂളുകളെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രൈനിങ് (എന്‍.സി.ഇ.ആര്‍.ടി) നല്‍കുന്ന പുസ്തകങ്ങള്‍ വാങ്ങണമെന്നും സി.ബി.എസ്.ഇ അറിയിച്ചു. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."