HOME
DETAILS
MAL
'കൊവിഡ് റാണി എന്ന പദവിക്കു വേണ്ടി മത്സരം'
backup
June 20 2020 | 03:06 AM
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച മുല്ലപ്പള്ളി, നിപാ രാജകുമാരി എന്ന പേരിനു ശേഷം കൊവിഡ് റാണി എന്ന പദവിക്കു വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ നടത്തുന്നതെന്നും പരിഹസിച്ചു.
പ്രവാസികളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യവേയാണ് മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. കോഴിക്കോട്ട് നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ' റോളില്‍ ഇടയ്ക്കു വന്നുപോകുക മാത്രമാണ് ആരോഗ്യമന്ത്രി ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിനു പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതിനിടെ, മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധമുയര്‍ന്നു. അപമാനകരമായ പ്രസ്താവന പിന്‍വലിച്ച് മുല്ലപ്പള്ളി പരസ്യമായി മാപ്പു പറയണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും ഡി.വൈ.എഫ്.ഐയും ആവശ്യപ്പെട്ടു.
അതേസമയം പ്രസ്താവനയില്‍ വിശദീകരണവുമായി മുല്ലപ്പള്ളി രംഗത്തെത്തി. മന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിപായെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. മുഖ്യമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മറ്റാര്‍ക്കും അതില്‍ ക്രെഡിറ്റ് ഇല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."