മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും: ജില്ലാ ശുചിത്വ സമിത
പാലക്കാട്: മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ-ബ്ലോക്ക് തലത്തില്‍ സംഘത്തെ രൂപീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ ശുചിത്വ സമിതി യോഗം ആവശ്യപ്പെട്ടു. സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കണ്‍വീനര്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയും യോഗത്തില്‍ പങ്കെടുത്തു.
ആരോഗ്യപ്രശ്‌നമുളവാക്കുന്ന തരത്തില്‍ മാലിന്യ നിക്ഷേപമുള്ള ഹോട്ട് സ്‌പോട്ടുകള്‍ ജില്ലയില്‍ കണ്ടെത്തി അവ ഉടന്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശനിര്‍ദേശം നല്‍കാന്‍ ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്ററോട് സമിതി നിര്‍ദേശിച്ചു. ജലനിധി, വാട്ടര്‍ അതോറിറ്റി വഴിയുള്ള ജലവിതരണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശുചിത്വമുറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഡെങ്കിപ്പനി പ്രതിരോധം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനാണ് സമിതിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി കുടിവെള്ള സ്രോതസുകളെല്ലാം തന്നെ ശുദ്ധമായി സൂക്ഷിക്കണം. ഉറവിടത്തില്‍ തന്നെ കൊതുകുകളെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പും ശുചിത്വമിഷനും സംയുക്തമായി ആസൂത്രണം ചെയ്യണം. പഞ്ചായത്തുതലത്തിലും നഗരസഭാതലത്തിലും വാര്‍ഡുകള്‍ തിരിച്ചുകൊണ്ട് സന്നദ്ധ സംഘടനകള്‍ മുഖേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
അങ്കണവാടികളിലും പാതയോരങ്ങളിലും ശുചിത്വമുറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സമിതി നിര്‍ദേശം നല്‍കി. മാലിന്യ സംസ്‌കരണത്തില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ സര്‍വെ നടത്തണമെന്നും മാലിന്യസംസ്‌കരണത്തിന് പഞ്ചായത്തുതല ഫണ്ടുകള്‍ക്ക് പുറമെ കേന്ദ്ര ഫണ്ടുകളുടെ കൂടി സാധ്യത കണ്ടെത്തണമെന്നും നിര്‍ദേശമുയര്‍ന്നു. സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍ പദ്ധതി മുന്നില്‍കണ്ടുളള പ്രവര്‍ത്തനങ്ങളാവും നടത്തുക എന്നും സമിതി അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."