പരാതികള്‍ കേട്ടും വോട്ടഭ്യര്‍ഥിച്ചും അടൂര്‍ പ്രകാശ് ആദിവാസി മേഖലകളില്‍
ആറ്റിങ്ങല്‍: പരാതികള്‍ കേട്ടും വോട്ടഭ്യര്‍ഥിച്ചും അടൂര്‍ പ്രകാശ് ഇന്നലെ ആദിവാസി മേഖലകളില്‍ പര്യടനം നടത്തി. അരുവിക്കര നിയോജക മണ്ഡലത്തില്‍ കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി മേഖലകളിലാണ് ഇന്നലെ സന്ദര്‍ശനം നടത്തിയത്. രാവിലെ കോട്ടൂര്‍, ചോന്നന്‍പ്പാറ മേഖലയിലായിരുന്നു പര്യടനം. ഹര്‍ഷാരവത്തോടെയാണു സ്ഥാനാര്‍ഥിയെ കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും അടങ്ങുന്ന ആദിവാസി സമൂഹം സ്വീകരിച്ചത്. തുടര്‍ന്ന് ജി. കാര്‍ത്തികേയന്‍ 2006ല്‍ ആനകള്‍ക്കു വേണ്ടി വനം വകുപ്പിന്റെ സഹായത്തോടെ നെയ്യാറിലെ കോട്ടൂര്‍ കാപ്പുകാട്ടില്‍ ഒരുക്കിയ സങ്കേതം സന്ദര്‍ശിച്ചു.
വെള്ളനാട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷം മിത്ര നികേതന്‍ സന്ദര്‍ശിച്ചു. ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാനും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും പ്രാധാന്യം നല്‍കി ജനങ്ങള്‍ക്കിടയില്‍ നിസ്വാര്‍ഥ പ്രവര്‍ത്തനം നടത്തിയ ആളായിരുന്നു പത്മശ്രീ വിശ്വനാഥനെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വിശ്വനാഥന്റെ ഭാര്യ സേതു വിശ്വനാഥനെയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആര്യനാട് പഞ്ചായത്തിലെ പറണ്ടോട് മേഖലകള്‍ സന്ദര്‍ശിച്ചു. പര്യടന കേന്ദ്രങ്ങള്‍ക്ക് നൂറു മീറ്റര്‍ അകലെവച്ച് സ്ഥാനാര്‍ഥിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിക്കുകയായിരുന്നു.
ജങ്ഷനിലെ സ്വീകരണ സ്ഥലങ്ങളിലെ കടകളിലും സമീപ വീടുകളിലുമെത്തി സ്ഥാനാര്‍ഥി വോട്ടുതേടി. ആര്യനാട്ടില്‍ ഉച്ചഭക്ഷണത്തിനു ശേഷം അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ മണ്ഡലം കണ്‍വന്‍ഷനുകളിലും പങ്കെടുത്തു. എം.എല്‍.എ കെ.എസ് ശബരീനാഥനും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."