ബഹ്‌റൈനില്‍ മലയാളിയുവാവ് കൊല്ലപ്പെട്ട സംഭവം: അറബ് പൗരന്‍ അറസ്റ്റില്‍
മനാമ: ബഹ്‌റൈനില്‍ രണ്ടു ദിവസം മുന്‍പ് മലയാളിയുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു അറബ് പൗരനെ ബഹ്‌റൈന്‍ പൊലിസ് അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ അഭ്യന്തര മന്ത്രാലയം അറിയിച്ചു. കോഴിക്കോട് താമരശേരി പരപ്പന്‍പ്പൊയില്‍ ജിനാന്‍ തൊടിക ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുല്‍ നഹാസി (33) നെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്‌ലിസിന് സമീപത്തുള്ള നഹാസിന്റെ താമസ സ്ഥലത്ത് വെച്ചായിരുന്നു കൊലപാതകം.
ഈ സംഭവത്തിലാണ് 42 കാരനായ ഒരു അറബ് പൗരനെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ബഹ്‌റൈന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യുവാവിനെ കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രസ്താവനയിലുള്ളത്. അതേ സമയം പ്രതിയുടെ പേരുവിവരങ്ങളോ കൊലപാതകം സംബന്ധിച്ച വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് നഹാസ് കൊല്ലപ്പെട്ടത്. രാത്രി പ്രാദേശിക സമയം 9 മണിയോടെ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ പുതപ്പ് കൊണ്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നിലേക്ക് കെട്ടി മര്‍ദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ നിലത്ത് മുളക്‌പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്ന സഹദിന്റെ താമസ രേഖകള്‍ കാലാവധി കഴിഞ്ഞിരുന്നതായാണ് വിവരം. പണം കടം വാങ്ങാനായി പാസ്‌പോര്‍ട്ട് പണയം വെച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം അത് തിരികെ ലഭിച്ചതായും സുഹൃത്തുക്കള്‍ സുപ്രഭാതത്തെ അറിയിച്ചു.
അതിനിടെ സഹദിന്റെ മരണവിവരമറിഞ്ഞ് സൗദിയിലുള്ള ബന്ധു ഷഹിന്‍ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തി. നിയമ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. വാരാന്ത അവധി ദിനങ്ങളായതിനാല്‍ ഞായറാഴ്ച മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകൂവെന്നാണ് കരുതുന്നത്.
അതേ സമയം കൊലപാതക കാരണത്തെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. അന്വേഷണം തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."