നഗരഹൃദയത്തില്‍ ജില്ലാ ലൈബ്രറിയുടെ സ്ഥലം വെറുതെ കിടക്കുന്നു
കോഴിക്കോട്: നഗര മധ്യത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നു. മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി കോപ്ലക്‌സിനു എതിര്‍വശത്തുള്ള 14 സെന്റ് സ്ഥലമാണു വെറുതെ കിടക്കുന്നത്. ജില്ലാ സെന്‍ട്രല്‍ ലൈബ്രറി കിളിയനാട് എല്‍.പി സ്‌കൂളിലെ ഇടുങ്ങിയ റൂമുകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ലൈബ്രറിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം ഉപയോഗമില്ലാതെ കിടക്കുന്നത്. കോടികള്‍ വിലവരുന്ന ഈ സ്ഥലത്തു ബഹുനില കെട്ടിടം പണിതാല്‍ ലൈബ്രറി കെട്ടിടം ഇങ്ങോട്ടു മാറ്റുകയും ലൈബ്രറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യാം.
കോണ്‍ഗ്രസ് നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലഗോപാലന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈബ്രറി കൗണ്‍സിലിനു വേണ്ടി വാങ്ങിയതാണ് ഈ ഭൂമി. താല്‍ക്കാലിക ഷെഡില്‍ ഇവിടെ കൈത്തറി വസ്ത്രങ്ങളുടെ കച്ചവടമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതു നടക്കുന്നില്ല. ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയയായി ചിലര്‍ ഇപ്പോള്‍ ഇതുപയോഗിക്കുന്നുണ്ട്. മാലിന്യക്കൂമ്പാരവും ഇവിടെ നിറഞ്ഞുതുടങ്ങിയ അവസ്ഥയാണ്.
കിളിയനാട് സ്‌കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ലൈബ്രറിക്കു കെട്ടിടം പണിയാന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ടുപയോഗിച്ച് മാവൂര്‍ റോഡിലെ ഈ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്‌സ് നിര്‍മിക്കാനാവും. എന്നാല്‍ അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം ഇതുവരെ പതിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."