പനച്ചിക്കാട് കുടിവെള്ള ക്ഷാമം രൂക്ഷം: എം.എല്‍.എയുടെ നേതൃത്വത്തില്‍ വാട്ടര്‍അതോറിറ്റി ഓഫിസ് ഉപരോധിച്ചു
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് പരാതി. ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ പ്രതിപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
പനച്ചിക്കാട് പഞ്ചായത്തില്‍ മാത്രമല്ല സമീപ മേഖലകളില്‍ പലയിടത്തും കുടിവെള്ള പ്രശ്‌നം രൂക്ഷമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുകയും ജലച്ചോര്‍ച്ച തടയുകയും വേണം. സര്‍ക്കാരും ജല അതോറിറ്റിയും ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
വേനല്‍ രൂക്ഷമാകുമ്പോഴും പനച്ചിക്കാട് പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണം നാളുകളായി മുടങ്ങിയിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങള്‍ സമരവുമായി കോട്ടയം കലക്ടറേറ്റിന് സമീപമുള്ള വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തിയത്. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഉപരോധ സമരവും സംഘടിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്തില്‍ ഒട്ടുമിക്ക മേഖലകളിലും വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ദിവസങ്ങളും ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും കാത്തിരുന്നാലാണ് പലയിടങ്ങളിലും ശുദ്ധജലമെത്തുന്നത്. വാട്ടര്‍ അതോറിറ്റി അധികൃതരുടെ യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള പ്രശനം പരിഹരിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.പനച്ചിക്കാട് പഞ്ചായത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."