പി.കെ ശ്രീമതി നാമനിര്‍ദേശ പത്രിക നല്‍കി
കണ്ണൂര്‍: എല്‍.ഡി.എഫ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി.കെ ശ്രീമതി നാമനിര്‍ദേശ പത്രിക നല്‍കി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്കു മുന്നിലെത്തി പത്രിക നല്‍കിയത്. എല്‍.ഡി.എഫിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവനും പത്രിക സമര്‍പ്പിച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സി. രവീന്ദ്രന്‍, കെ.കെ രാഗേഷ് എം.പി എന്നിവര്‍ക്കൊപ്പമാണു ശ്രീമതി പത്രിക സമര്‍പ്പിക്കാനെത്തിയത്. മൂന്നു സെറ്റ് പത്രികകളാണു സമര്‍പ്പിച്ചത്.
പഴയങ്ങാടി അതിയടം സ്വദേശിയായ പി.കെ ശ്രീമതി, കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ വോട്ടറാണ്. കേരള സര്‍വകലാശലയില്‍ നിന്നുള്ള പ്രീ ഡിഗ്രി, ടി.ടി.സി എന്നിവയാണു വിദ്യാഭ്യാസ യോഗ്യത. കണ്ണൂര്‍സിറ്റിയിലെ ഐ.ആര്‍.പി.സിയില്‍ സന്ദര്‍ശിച്ചതിനുശേഷം കാല്‍ടെക്‌സിലെ എ.കെ.ജി പ്രതിമയിലും പ്രസ്‌ക്ലബ് റോഡിലെ യുദ്ധസ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിയതിനുപിന്നാലെ താണയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണു പത്രിക നല്‍കാന്‍ പി.കെ ശ്രീമതി എത്തിയത്. ജയിംസ് മാത്യു എം.എല്‍.എ, കെ.വി സുമേഷ്, പി.പി ദിവാകരന്‍, വി. ശിവദാസന്‍, കെ.പി പ്രശാന്ത്, വി. രാജേഷ് പ്രേം, കെ.പി. സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശ്രീമതിക്ക് 48,72,492 രൂപയുടെ ബാങ്ക് നിക്ഷേപം
കണ്ണൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്ക് 48,72,492 രൂപയുടെ ബാങ്ക് നിക്ഷേപം. 16 ബാങ്ക് അക്കൗണ്ടിലും മൂന്നു ട്രഷറി അക്കൗണ്ടിലുമായാണു നിക്ഷേപം. ഭര്‍ത്താവ് ഇ. ദാമോദരന്‍ നമ്പ്യാര്‍ക്കു 37,83,850 രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. ഇതിനു പുറമെ മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ ഓഹരിയുമുണ്ട്. ശ്രീമതിയുടെ കൈയില്‍ 5500 രൂപയാണുള്ളതെന്നും ജില്ലാ കലക്ടര്‍ മുമ്പാകെ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ പറയുന്നു. മൂന്നുലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമുണ്ട്. വിവിധ സമരങ്ങളില്‍ ഗതാഗത തടസം സൃഷ്ടിച്ചതിനു പത്തു കേസുകളും നിലവിലുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലാണു കേസുകള്‍.
കയരളം വില്ലേജില്‍ പിന്തുടര്‍ച്ചാവകാശമായി ലഭിച്ച 1.1847 ഏക്കര്‍ ഭൂമിയുമുണ്ട്. ഇതിനു 46 ലക്ഷം വില വരും. ഭര്‍ത്താവിനു ചെറുതാഴം വില്ലേജില്‍ 89 ലക്ഷം വില വരുന്ന 2.8711 ഏക്കര്‍ ഭൂമിയുമുണ്ട്. ചെറുതാഴം വില്ലേജിലെ വീടിനു 25 ലക്ഷം രൂപ വിലവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."