ഇവരെ ഇനിയും മഴയത്ത് നിര്‍ത്തരുത്
മനുഷ്യന്‍ സ്വാര്‍ഥനായതു മുതല്‍ അവനില്‍ വിവേചന ചിന്തകള്‍ ഉണര്‍ന്നിട്ടുണ്ട്. കറുത്തവന്‍, വെളുത്തവന്‍, കാശുള്ളവന്‍, ഇല്ലാത്തവന്‍, ദലിതന്‍... കാലാകാലങ്ങളില്‍ ഭരണം കൈയാളിയവരും അധികാരത്തിനായി 'വിവേചനം' പലതരത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു, ഇന്നും തുടരുന്നു. ചരിത്രങ്ങളായ നിരവധി വിപ്ലവങ്ങള്‍ക്ക് സാക്ഷിയായ കേരളത്തിലും പലതരത്തില്‍ ഇന്നും വേര്‍തിരിവും വിവേചനവും മുറപോലെ നടക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ 'ജനസേവന'ത്തിലാണ് ഇന്ന് വിവേചനം രൂക്ഷമായുള്ളത്. കൊടിയുടെ നിറം, അനുഭാവം, സാമ്പത്തിക ശേഷി, സ്വാധീനം, ബന്ധു... പുതുകാലത്തില്‍ വിവേചനത്തിന്റെ മാനദണ്ഡങ്ങളാണിവ. അര്‍ഹതപ്പെട്ടവനും അത്യാവശ്യക്കാരനും സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും ആനുകൂല്യങ്ങളില്‍നിന്നും പുറത്താകുന്നതും അകത്താകുന്നതും പലപ്പോഴും ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. സ്വാധീനവും ശേഷിയുമുള്ളവര്‍ അര്‍ഹതയില്ലാത്തതും ഞൊടിയിടയില്‍ നേടുമ്പോഴും അര്‍ഹര്‍ അവകാശത്തിനായി ഓഫിസുകള്‍ കയറിയിറങ്ങികൊണ്ടിരിക്കും. സമീപകാലത്തായി സംസ്ഥാനത്ത് സംഭവിച്ച ഭരണകൂട വിവേചനത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ് മരടിലെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട ഇടപെടലും പ്രളയം നക്കിത്തുടച്ച കവളപ്പാറയിലെയും പുത്തുമലയിലെയും അവശേഷിക്കുന്ന ജീവിതങ്ങളോടുള്ള അവഗണനയും.
നിയമലംഘനങ്ങള്‍ക്ക് മേല്‍ കെട്ടിപ്പൊക്കിയ മരടിലെ ഫ്‌ളാറ്റുകള്‍ സുപ്രിംകോടതിയുടെ അന്തിമ വിധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 11, 12 തിയതികള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. അതിന് മുമ്പേ താമസക്കാരെ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചു. പൊളിക്കുന്ന വീട്ടില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് വരെ ഭരണകൂട സഹായം ഇവര്‍ക്ക് ലഭിച്ചു. കൂടാതെ കൃത്യമായി രേഖകളുള്ളവര്‍ക്ക് മാത്രം ലഭിക്കുമെന്ന് പറഞ്ഞിരുന്ന നഷ്ടപരിഹാര തുകയായ 25 ലക്ഷവും എല്ലാവര്‍ക്കും ലഭിച്ചു. സത്യവാങ്മൂലം നല്‍കാനുള്ള മുദ്ര പേപ്പറിന് പോലും ആരും ബുദ്ധിമുട്ടിയില്ല. ബന്ധപ്പെട്ടവര്‍ വെണ്ടറെ നഗരസഭയില്‍ താല്‍ക്കാലികമായി കുടിയിരുത്തി. നഷ്ട പരിഹാരം ലഭിക്കാന്‍ ആര്‍ക്കും സമരത്തിനിറങ്ങേണ്ടി വന്നില്ല. ഭരണ, പ്രതിപക്ഷ രാഷ്ട്രീയങ്ങളും സംഭവം ആവശ്യത്തിനനുസരിച്ച് ഉപയോഗിച്ചു. എല്ലാം ശുഭം.
അതേസമയം 2019 ഓഗസ്റ്റ് 8, ആകാശം തോരാതെ പെയ്തു. ഒടുവില്‍ മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും 76 ജീവനുകളും ജീവിതകാല സമ്പാദ്യവും മണ്ണിനടിയിലാക്കി ഉരുള്‍ സംഹാരതാണ്ഡവമാടി. രണ്ടിടത്തുമായി ഇരുനൂറോളം വീടുകളും തകര്‍ന്നു. കര്‍ഷക കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമായ മണ്ണും തെളിവിന് പോലും ബാക്കിയില്ലാതെ കുത്തിയൊലിച്ചു പോയി. ദുരന്തം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു. പ്രഖ്യാപിച്ച പുനരധിവാസം ഇന്നും നടപടികളില്‍ മാത്രം പുരോഗമിക്കുകയാണ്. കവളപ്പാറയില്‍ പുനരധിവാസത്തനുള്ള നടപടികള്‍ ചലിച്ചു തുടങ്ങിയതു തന്നെ മാസങ്ങള്‍ ശേഷം, ഇതു സംബന്ധിച്ച ഹരജി ഹൈക്കോടതിയില്‍ എത്തിയതിനൊടുവില്‍.
കവളപ്പാറയില്‍ 96 വീടുകളാണ് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിക്കേണ്ടത്. പ്രമുഖ വ്യവസായി എം.എ യൂസുഫലിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 33 വീടുകളുടെ നിര്‍മാണം നിലവില്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള 63 കുടുംബങ്ങളുടെ പുനരധിവാസം പ്രതിസന്ധിയില്‍ തന്നെയാണ്. ജനപ്രതിനിധിയും കലക്ടറും തമ്മിലുള്ള അസ്വാരസ്യത്തില്‍ മഴയത്ത് നില്‍ക്കുന്നത് ദുരന്തബാധിതരാണ്. പുത്തുമലയിലും സ്ഥിതി മറിച്ചല്ല. ഭൂമി കണ്ടെത്താന്‍ തന്നെ മാസങ്ങളെടുത്തു. ഒടുവില്‍ ഭൂമി കണ്ടെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഒരുമാസമെടുത്തു. രജിസ്‌ട്രേഷന്‍ തുക ഒഴിവാക്കി നല്‍കുന്നത് സംബന്ധിച്ച അടിയന്തര ഇടപെടല്‍ ആവശ്യമായ വിഷയത്തില്‍ പോലും ഭരണകൂടം മെല്ലപ്പോക്കാണ് നടത്തിയത്. നടപടിക്ക് വേഗത പോരെന്ന് പറയേണ്ടവര്‍ തെരഞ്ഞെടുപ്പ് കാലത്തേക്ക് പറയാന്‍ വിഷയം മാറ്റിവച്ചു. ഒടുവില്‍ എല്ലാം കഴിഞ്ഞ് ജൂണ്‍ 20ന് ശിലാസ്ഥാപനം നടത്തുമെന്ന് പ്രഖ്യാപിച്ചു. മുന്നണിക്കുള്ളിലെ തര്‍ക്കം കാരണം അതും മാറ്റി. ഇനി തര്‍ക്കമവസാനിച്ചാല്‍ 23ന് തറക്കല്ലിടുമായിരിക്കും. ഇതിനിടെ രണ്ടാം തവണയാണ് ശിലാസ്ഥാപനം മാറ്റിവയ്ക്കുന്നത്. പുത്തുമലയില്‍ വീട് നഷ്ടപ്പെട്ട 55 കുടുംബങ്ങളാണ് ഇനിയും വീടിനായി കാത്തിരിക്കുന്നത്. വീട് നഷ്ടപ്പെട്ട 83 പേരില്‍ 28 പേര്‍ക്ക് സന്നദ്ധസംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തില്‍ വീട് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എന്തായാലും സ്വന്തം കൂരയില്‍ അന്തിയുറങ്ങാന്‍ ഇവരിനിയും കാത്തിരിക്കണം.
ഭരണ-പ്രതിപക്ഷ രാഷ്ട്രീയങ്ങളും ഉദ്യോഗസ്ഥരും മരടില്‍ കാണിച്ച താല്‍പര്യത്തിന്റെ അംശം പോലും ഇതേ സംസ്ഥാനത്തെ ദുരന്തഭൂമികളില്‍ കണ്ടില്ല. സ്വാധീനമില്ലാത്ത ദുരന്തബാധിതര്‍ ഇന്നും തങ്ങളുടെ പുനരധിവാസ വിശേഷങ്ങളറിയാന്‍ സര്‍ക്കാര്‍ ഓഫിസുകളിലെ സ്ഥിരം സാന്നിധ്യങ്ങളാകുന്നു. ചിലര്‍ വിധിയെ പഴിച്ച് വാടക വീടുകളിലും മറ്റും ജീവിതം തള്ളി നീക്കുന്നു. പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ പ്രയാസമുള്ളവരായിരുന്നില്ല പൊളിച്ച ഫ്‌ളാറ്റുകളിലെ ഉടമകളിലധികവും. എന്നാല്‍ ദുരന്തഭൂമികളിലെ സ്ഥിതി മറിച്ചാണ്. വാടക നല്‍കാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുന്നവരാണ് അധികവും. അതിനിടെ എത്തിയ കൊവിഡ്-19 പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോകത്തിന്റെ കോണുകളില്‍ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരേ പ്രസ്താവന ഇറക്കുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ സ്വന്തം നാട്ടില്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."