വരണ്ടുണങ്ങിയ വയനാട് കേന്ദ്രസംഘം സന്ദര്‍ശിച്ചു സംഘം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും
ഇന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികളെയും കാണുംകല്‍പ്പറ്റ: ജില്ലയിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ നേരില്‍ കാണാനായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വിനികുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി.
കൃഷി മന്ത്രാലയത്തിലെ ഡോ. കെ പൊന്നുസ്വാമി, രാഹുല്‍ സിങ്, വിജയ് രാജ്‌മോഹന്‍, കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ചീഫ് എന്‍ജിനീയര്‍ അന്‍ജലി ചാരു എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.
രാവിലെ സുല്‍ത്താന്‍ ബത്തേരിയിലെത്തിയ സംഘാംഗങ്ങളോട് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള ജില്ലാതല ഉദ്യേഗസ്ഥസംഘം ജില്ലയിലെ രൂക്ഷമായ വരള്‍ച്ചാ സ്ഥിതിഗതികള്‍ വിശദീകരിച്ചു.
ജില്ലാകൃഷി ഓഫിസര്‍ എം.പി വത്സമ്മ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.യു ദാസ്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. രാജേന്ദ്രന്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ ടി.കെ സുരേഷ്‌കുമാര്‍, അര്‍ബന്‍ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കെ.എസ് അജയന്‍, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് ജില്ലാ ഓഫിസര്‍ ഒ.കെ സുജിത്കുമാര്‍, മീനങ്ങാടി റീജ്യനല്‍ ആനിമല്‍ ഹെല്‍ത്ത് സെന്റര്‍ അസി. പ്രൊജക്ട് ഓഫിസര്‍ ഡോ. അനില്‍ സക്കറിയ, മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടര്‍ ഡോ. വിന്നി ജോസഫ് സംബന്ധിച്ചു.
കേന്ദ്ര സംഘാംഗങ്ങളും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഉദ്യോഗസ്ഥ സംഘവും ഏരിയപ്പള്ളി, ഗാന്ധിനഗര്‍ കോളനിയിലെ വാട്ടര്‍ കിയോസ്‌കില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ പ്രദേശവാസികളോട് സംസാരിച്ചു. ജില്ലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വാട്ടര്‍ കിയോസ്‌കുകളിലൊന്നാണ് ഏരിയപ്പള്ളിയിലുള്ളത്. കേന്ദ്രസംഘം പിന്നീട് മുള്ളന്‍കൊല്ലിക്കടുത്ത് വണ്ടിക്കാവ് കോളനിയിലെത്തി.
കോളനി നിവാസികള്‍ക്കായി കുഴിച്ച പൊതുകിണര്‍ വറ്റിവരണ്ട് കിടക്കുന്നത് ഉദ്യോഗസ്ഥര്‍ കേന്ദ്രസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കോളനിയില്‍ പകരമായി ഏര്‍പ്പെടുത്തിയ ജലവിതരണ സംവിധാനം ഏറെ പ്രയോജനപ്പെടുന്നതായി കോളനി നിവാസികള്‍ കേന്ദ്രസംഘത്തോട് പറഞ്ഞു.
സംഘം പാടിച്ചിറക്കടുത്ത കൊളവള്ളിയിലെ കബനി സന്ദര്‍ശിച്ചു. ജില്ലയിലെ രൂക്ഷമായ വരള്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ടീം ലീഡര്‍ അശ്വിനികുമാര്‍ അറിയിച്ചു.
സംഘം ഇന്ന് തിരുവനന്തപുരത്തെത്തി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും കാണും. ഇതേസംഘം നേരത്തെ മലപ്പുറം, പാലക്കാട് ജില്ലകളും സന്ദര്‍ശിച്ചിരുന്നു.
നീതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനാഷ് ചന്ദ്രധരിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ കാണാനെത്തിയിരുന്നു.
ജനപ്രതിനിധികളെ
ഒഴിവാക്കിയെന്ന് ആരോപണം
പുല്‍പ്പള്ളി: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വന്ന കേന്ദ്രസംഘം ജനപ്രതിനിധികളെ ഒഴിവാക്കിയതായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജില്ലയില്‍ ഏറ്റവുമധികം വരള്‍ച്ചബാധിത പ്രദേശങ്ങളാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍.
ജനപ്രതിനിധികള്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസംഘത്തെ അയക്കുവാന്‍ തീരുമാനമായത്. ജനങ്ങളുടെ വികാരം നേരിട്ടറിയിക്കുവാന്‍ കഴിയുന്ന ജനപ്രതിനിധികള്‍ക്ക് കേന്ദ്രസഘത്തെ കാണാനൊ പ്രദേശങ്ങളില്‍ സംഘത്തോടൊപ്പം ഒന്നിച്ച് പോകുന്നതിനൊ ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല.
കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടം ശരിയായി വിലിരുത്തി മതിയായ നഷ്ടപരിഹാരം എത്രയും വേഗം നല്‍കുവാന്‍ തയാറാകണമെന്നും പഞ്ചായത്ത് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്രസംഘമെത്തുന്നതിന്
മുന്‍പെ കുടിവെള്ളമെത്തി
പുല്‍പ്പള്ളി: ജില്ലയില്‍ വരള്‍ച്ച മൂലം ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കേന്ദ്രസംഘം എത്തുന്നതിനു തൊട്ടുമുന്‍പായി റവന്യു വകുപ്പധികൃതര്‍ കുടിവെള്ളവുമായി ഗ്രാമങ്ങളിലെത്തി. കഴിഞ്ഞ മൂന്ന് മാസങ്ങളായി കുടിവെളളത്തിനായി ജനം നെട്ടോട്ടത്തിലായിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
ഇപ്പോള്‍ വരള്‍ച്ച നേരിട്ടുകാണാന്‍വന്ന കേന്ദ്രസംഘത്തിന്റെ കൂടെ നടക്കുവാന്‍ ജില്ലാഭരണകൂടം അനുവദിച്ചില്ലെന്ന് ആരോപിക്കുന്ന പഞ്ചായത്ത് ജനപ്രതിനിധികള്‍ ജനങ്ങളുടെ ദുരിതം കണ്ടിലെന്ന് നടിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."