ബാംഗ്ലൂരിന് സൂര്യാഘാതം
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ദിവസമായിരുന്നു ഇന്നലെ. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തിയ സണ്‍റൈസേഴ്‌സ് ഐ.പി.എല്‍ 12ാം സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. 118 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം.
സെഞ്ചുറികളുമായി തിളങ്ങിയ വാര്‍ണറും ബൈര്‍സ്റ്റോവും ബൗളിങ്ങില്‍ നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മുഹമ്മദ് നബിയുമാണ് ആര്‍.സി.ബിയെ തകര്‍ത്തെറിഞ്ഞത്. സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
ഹൈദരാബാദിന്റെ 231 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാഗ്ലൂരിന് 19.5 ഓവറില്‍ 113 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 118 റണ്‍സിന്റെ തോല്‍വി. മികച്ച വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് മത്സരത്തില്‍ ഒരിക്കല്‍പോലും തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. 6.1 ഓവര്‍ ആകുമ്പോഴേക്കും പ്രധാന ബാറ്റ്‌സ്മാന്മാരെല്ലാം പവലിയനിലെത്തിയിരുന്നു.
തുടര്‍ച്ചയായ ഓവറുകളില്‍ നാല് പ്രധാന ബാറ്റ്‌സ്മാന്‍മാരെ പവലിയനിലെത്തിച്ച അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്. 37 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ആണ് ടോപ് സ്‌കോറര്‍. സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റുകളുമായി നബിക്ക് മികച്ച പിന്തുണ നല്‍കി.
ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഓപ്പണിങ്ങില്‍ പുറത്തെടുത്തത്. ബാംഗ്ലൂരിന്റെ ബൗളര്‍മാരെല്ലാം ഹൈദരാബാദ് ഓപ്പണര്‍മാരുടെ അടിയുടെ ചൂടറിഞ്ഞു. ആദ്യ ഓവര്‍ എറിയാനെത്തിയ മൊയീന്‍ അലിയെ ബൈര്‍സ്റ്റോവും വാര്‍ണറും കൂടെ ആക്രമിച്ചു. 14 റണ്‍സാണ് ആദ്യ ഓവറില്‍ ഇരുവരും നേടിയത്.
തുടക്കത്തില്‍ വാര്‍ണറാണ് ആക്രമിച്ച് കളിച്ചത്. നല്ല പന്തുകള്‍ തിരഞ്ഞെടുത്ത് പതിയെ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ ബൈര്‍സ്റ്റോ പിന്നീട് അക്രമകാരിയായി. ഒന്‍പതാം ഓവര്‍ എറിയാനെത്തിയ അരങ്ങേറ്റക്കാരന്‍ പ്രയാസ് ബര്‍മനെ തിരഞ്ഞുപിടിച്ച് അക്രമിച്ച ബൈര്‍സ്റ്റോ ആ ഓവറില്‍ 18 റണ്‍സ് കൂട്ടിച്ചേര്‍ത്തു അര്‍ധ സെഞ്ചുറി കുറിച്ചു.
തൊട്ടടുത്ത ഓവറില്‍ ഗ്രാന്‍ഡ്‌ഹോമിനെയും വെറുതെ വിട്ടില്ല. രണ്ട് പ്രാവശ്യം സികസറിന് പറത്തിയാണ് ബൈര്‍സ്റ്റോ കരുത്തുകാട്ടിയത്. മറു ഭാഗത്ത് വാര്‍ണറും അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ ഇരുവരും ഹൈദരാബാദിന്റെ സ്‌കോര്‍ബോര്‍ഡ് അനായാസം ഉയര്‍ത്തി.
ഓപ്പണിങ്ങില്‍ 185 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. 56 പന്തില്‍ 7 സിക്‌സറുകളും 12 ബൗണ്ടറികളുമടക്കം 114 റണ്‍സ് അടിച്ചുകൂട്ടിയ ബൈര്‍സ്റ്റോ ആണ് ആദ്യം പുറത്തായത്. ചഹലിന്റെ പന്തില്‍ അനാവാശ്യ ഷോട്ടിന് മുതിര്‍ന്ന ബൈര്‍സ്റ്റോ ഉമേഷ് യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താവുകയായിരുന്നു.
ആദ്യ ഐ.പി.എല്ലിനെത്തിയ ബൈര്‍സ്റ്റോവിന്റെ കന്നി സെഞ്ചുറിയാണിത്. പിന്നീടെത്തിയ വിജയ് ശങ്കര്‍ സിക്‌സറോടെ തുടങ്ങിയെങ്കിലും അനാവശ്യമായ ഓടി റണ്‍ഔട്ടായി. തുടര്‍ന്ന് യൂസുഫ് പത്താനെ കൂട്ടുപിടിച്ചാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്.
55 പന്തില്‍ 100 റണ്‍സെടുത്ത വാര്‍ണര്‍ പുറത്താകാതെ നിന്നു. വാര്‍ണറുടെ ഐ.പി.എല്ലിലെ നാലാം സെഞ്ചുറിയാണിത്. വിജയ് ശങ്കര്‍ ഒന്‍പതും യൂസുഫ് ആറ് റണ്‍സും നേടി.
ഒരൊറ്റ ഇന്നിങ്‌സില്‍ രണ്ട് പേര്‍ സെഞ്ചുറി നേടിയതോടെ ഹൈദരാബാദ് മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. മുന്‍പ് ആര്‍.സി.ബിക്കായി കോഹ്‌ലി, ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഒരൊറ്റ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. ഹൈദരാബാദിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് 231.
16ാം വയസില്‍ അരങ്ങേറ്റം;
ചരിത്രമെഴുതി പ്രയാസ്
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി ഇന്ത്യന്‍ യുവതാരം. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി അരങ്ങേറ്റം നടത്തിയ പ്രയാസ് റേ ബര്‍മ്മന്‍ ആണ് ഇന്ന് ചരിത്രമെഴുതിയത്. ഐ.പി.എല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിമാറിയിരിക്കുകയാണ് പ്രയാസ്. ഇന്ന് ബാംഗ്ലൂരിന് വേണ്ടി കളിക്കുമ്പോള്‍ 16 വര്‍ഷവും, 157 ദിവസവുമാണ് പ്രയാസിന്റെ പ്രായം.അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്റെ ഐ.പി.എല്‍ റെക്കോര്‍ഡാണ് പ്രയാസ് മറികടന്നത്. 17 വര്‍ഷവും 11 ദിവസവും ആയിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ മുജീബിന്റെ പ്രായം. പക്ഷേ സിംഹങ്ങള്‍ക്കിടയില്‍പ്പെട്ട മാന്‍പേടയുടെ അവസ്ഥയായിരുന്നു പതിനാറുകാരന്‍ പ്രയാസ് റായ് ബര്‍മന്റേത്. ബൈര്‍സ്റ്റോവും വാര്‍ണറും കൗമാരതാരത്തെ അടിച്ചൊതുക്കി. നാല് ഓവറില്‍ 56 റണ്‍സാണ് താരം വഴങ്ങിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഒന്‍പത് മത്സരങ്ങളില്‍നിന്നായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ ലെഗ്‌സ്പിന്നറെ ആര്‍.സി.ബി സ്വന്തമാക്കിയത് 1.5 കോടി രൂപയ്ക്കാണ്.
Q
വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് തുടക്കത്തിലേ അടിതെറ്റി. 11 റണ്‍സെടുത്ത പാര്‍ഥിവിനെ രണ്ടാം ഓവറില്‍ നബി പാണ്ഡെയുടെ കൈകളിലെത്തിച്ചു. പ്രതീക്ഷയര്‍പ്പിച്ച ഹെറ്റ്മയറും ഡിവില്ലേഴ്‌സും നാലാം ഓവറില്‍ മടങ്ങിയതോടെ ബാഗ്ലൂര്‍ പരാജയം മണത്തിരുന്നു. നാലാം ഓവറിന്റെ ആദ്യ പന്തില്‍ നബിയെ കയറി അടിക്കാന്‍ ശ്രമിച്ച ഹെറ്റ്മയറിനെ ബൈര്‍സ്റ്റോ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഈ ഓവറിലെ നാലാം പന്തില്‍ ഡിവില്ലേഴ്‌സിന്റെ മിഡില്‍ സ്റ്റംപ് പിഴുതെറിഞ്ഞ് നബി സീസണിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി. ഷഹബാസ് നദീമിന് പകരക്കാരനായാണ് നബി ഈ മത്സരത്തിനിറങ്ങിയത്.
പ്രതീക്ഷയുണ്ടായിരുന്ന വിരാട് കോഹ്‌ലി മൂന്ന് റണ്‍സെടുത്ത് പുറത്താവുകകൂടി ചെയ്തതോടെ ആര്‍.സി.ബി തോല്‍വി സമ്മതിച്ചിരുന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗ്രാന്‍ഡ്‌ഹോം - ബര്‍മന്‍ കൂട്ടുകെട്ടാണ് ആര്‍.സി.ബിയുടെ തോല്‍വിഭാരം കുറച്ചത്. ഗ്രാന്‍ഡ് ഹോം 37 റണ്‍സും ബര്‍മന്‍ 19 റണ്‍സും നേടി. 14 റണ്‍സെടുത്ത ഉമേഷ് യാദവാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."