കേരളവ്യാപാരി വ്യവസായി ഏകോപന സമിതി: പടലപ്പിണക്കം ഇനി പഴങ്കഥ
പാലക്കാട് : കഴിഞ്ഞ കുറെ മാസങ്ങളായി ശത്രുതയിലായിരുന്ന വ്യാപാര സംഘടനയിലെ ഇരു ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെ വ്യാപാരി സമൂഹത്തില്‍ പുത്തനുണര്‍വ്വിന്റെ പുതുനാമ്പുകള്‍ വിടര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ജോബി വി. ചുങ്കത്ത് ഗ്രൂപ്പും ബാബു കോട്ടയില്‍ ഗ്രൂപ്പുമാണ് കഴിഞ്ഞ ദിവസം ശീതസമരം അവസാനിപ്പിച്ച് ഒന്നായത്.
ഇരുഗ്രൂപ്പും ഒന്നായപ്പോള്‍ മഞ്ഞക്കുളം റോഡിലെ വ്യാപാര ഭവനിലുള്ള കെ.വിവിഇഎസ്. ന്റെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ താക്കോല്‍ ആര്‍ഡി.ഒ. പി. കാവേരിക്കുട്ടിയുടെ കൈയ്യില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ഏറ്റുവാങ്ങിയതോടെ വ്യാപാര സംഘടനയില്‍ മാസങ്ങളായി ഉടലെടുത്ത ശത്രുതക്ക് അവസാനമായി. ഇരു ഗ്രൂപ്പുകളുമൊന്നായതോടെ ഇനി ജോബി വി. ചുങ്കത്തിന്റെയും ബാബു കോട്ടയിലിന്റെയും നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിയുടെ ലയനം ഉടനുണ്ടാകുമെന്നും സംഘടനക്കുള്ളില്‍ ഇനി ശത്രുതയില്ലാതെ പരസ്പരം സ്‌നേഹത്തോടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നു ടി നസിറുദ്ദീനും കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി സംഘടനക്കുള്ളിലിവ്യാപാര ഭവനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുമവസാനിപ്പിച്ചതോടെയാണ് ബുധനാഴ്ച വ്യാപാരഭവന്റെ താക്കോല്‍ സംസ്ഥാന പ്രസിഡന്റായ ടി നസിറുദ്ദീന്‍ ഇരുവരുടെയും സാന്നിദ്ധ്യത്തില്‍ തന്നെ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് മിത്രങ്ങളായി മാറിയ ഇരു വിഭാഗങ്ങളെയും അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തതോടെ സംഘടനാ നേതാക്കളുടെ മനസ്സുകളില്‍ സന്തോഷത്തിന്റെ തിരമാലകളുയര്‍ന്നു.
കെ.വി.വിഇ.എസിന്റെ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തര്‍ക്കങ്ങളും പടലപ്പിണക്കങ്ങളുമെല്ലാം ഇതോടെ അവസാനിച്ചതായും ഇനി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് സംഘടനയെ ബലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരു വിഭാഗവും പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് അദ്ദേഹം ഇരുനേതാക്കളുടെയും സാന്നിധ്യത്തില്‍ തന്നെ ജില്ലാ കമ്മിറ്റി ഓഫിസിനകത്ത് ഭാരവാഹികളുമായി ഒറ്റക്കും കൂട്ടായും ചര്‍ച്ച നടത്തുകയും ചെയ്തു.
എല്ലാത്തിനും സാക്ഷിയായി സംസ്ഥാന സെക്രട്ടറി കെ സേതു മാധവനും നസിറുദ്ദീനൊപ്പമുണ്ടായിരുന്നു. ഇരു സമിതികളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായതോടെ പല യൂണിറ്റുകളും ഇനി സമവായത്തിലൂടെ ലയിച്ച് ഒന്നാകുമെന്നും സംഘടനയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സംഘടനയെ ശക്തിപ്പെടുത്താന്‍ കൂടെ നില്‍ക്കുമെന്നും എല്ലാവരും അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
ഏതായാലും പതിറ്റാണ്ടുകളായുള്ള വ്യാപാര സംഘടനയില്‍ മാസങ്ങളായി പൊട്ടുപ്പുറപ്പെട്ട പടലപ്പിണക്കമവസാനിപ്പിച്ച് മഞ്ഞുരുക്കമുണ്ടായതോടെ വ്യാപാര സംഘടനയിലും വ്യാപാരി സമൂഹത്തിലും ഇനി പുതിയരൊധ്യായം തുറക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."