റിങ്ങിലെ ഡെഡ്മാന്‍ അണ്ടര്‍ടേക്കര്‍ വിരമിച്ചു
ന്യൂയോര്‍ക്ക്: റിങ്ങില്‍ ഇടിമുഴക്കം സൃഷ്ടിച്ച് ആരാധകരുടെ മനം കവര്‍ന്ന ദി അണ്ടര്‍ടേക്കര്‍(യഥാര്‍ഥ പേര് മാര്‍ക്ക് വില്ല്യന്‍ കലാവെ) ഡബ്ല്യു.ഡബ്ല്യു.ഇയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
റിങ്ങിലേക്കു ഇനിയൊരിക്കലും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരിയറിലെ അവസാനത്തെ മത്സരമാണ് ദി ലാസ്റ്റ് റൈഡില്‍ താന്‍ പങ്കെടുത്തതെന്നും താരം അറിയിച്ചു. ഇക്കാര്യം ഡബ്ല്യു.ഡബ്ല്യു.ഇയും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിയറിലെ ഏറ്റവും ഉചിതമായ സമയത്താണ് താന്‍ കരിയര്‍ അവസാനിപ്പിക്കുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇയിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവുമോയെന്ന് കാലം തെളിയിക്കും. കരിയറിന്റെ ഈ സമയത്ത് ഇനിയൊരിക്കല്‍ക്കൂടി റിങ്ങില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും 55കാരനായ ദി അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി.
1990 നവംബറിലാണ് ഡബ്ല്യു.ഡബ്ല്യു.ഇയില്‍ ദി അണ്ടര്‍ടേക്കറിന്റെ അരങ്ങേറ്റം. അന്നുമുതല്‍ വന്‍ താരങ്ങളെ പരാജയപ്പെടുത്തി ലോക ശ്രദ്ധയും പിടിച്ചുപറ്റി. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഡബ്ല്യുഡബ്ല്യുഇയിലെ സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ ദി അണ്ടര്‍ടേക്കര്‍ക്കു സാധിച്ചു. ഏഴു തവണ ലോക ചാംപ്യനായ അദ്ദേഹം ആറു തവണ ടീമിനൊപ്പവും കിരീടവിജയത്തില്‍ പങ്കാളിയായി.
കൂടാതെ 2007ല്‍ റോയല്‍ റംബിള്‍ വിന്നറായും 12 തവണ സ്ലാമി അവാര്‍ഡ് ജേതാവായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം എ.ജെ സ്‌റ്റൈല്‍സിനെതിരേ ആരാധകര്‍ ഉറ്റുനോക്കിയ ബോണിയാര്‍ഡ് മത്സരത്തിലാണ് അണ്ടര്‍ടേക്കര്‍ അവസാനമായി മാറ്റുരച്ചത്. നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അണ്ടര്‍ടേക്കര്‍ അക്ഷയ് കുമാര്‍ നായകനായ ഖിലാഡിയോം കാ ഖിലാഡിയെന്ന ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."