സി.പി.എം വിറളിപിടിക്കുന്നത് എന്തിനെന്ന് ഉമ്മന്‍ ചാണ്ടി
കൊച്ചി: കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ സി.പി.എം എന്തിനാണ് വിറളിപിടിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ദക്ഷിണേന്ത്യയില്‍ വളരാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.
മുഖ്യശത്രു ബി.ജെ.പി ആണെന്നതില്‍ കോണ്‍ഗ്രസിന് യാതൊരു സംശയവും ഇല്ല. ബി.ജെ.പിക്കെതിരായ പോരാട്ടത്തിനാണ് രാഹുല്‍ ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത്. എന്നാല്‍, സി.പി.എമ്മിന്റെ കാര്യം അതല്ല. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസുമായി ഒന്നിക്കേണ്ടെന്ന് തീരുമാനിച്ച പാര്‍ട്ടിയാണ് സി.പി.എം. പിന്നെ എങ്ങനെയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്ന് പറയാനാകുക. ഇപ്പോള്‍ പോരാട്ടം നടത്തേണ്ടത് ബി.ജെ.പിക്കും മോദിക്കും എതിരായിട്ടാണ്. രാഹുലിനെതിരേ 'ദേശാഭിമാനി'യില്‍ വന്ന ലേഖനത്തിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ തനിക്കോ കോണ്‍ഗ്രസിനോ കഴിയില്ല. അതിനുള്ള മറുപടി ജനങ്ങള്‍ 23ന് നല്‍കും. രാഹുല്‍ ജനവിധി ഭയന്ന് ഒളിച്ചോടിയെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം കാര്യമറിയാതെയാണ്. അന്ധമായ രാഹുല്‍ വിരോധമാണ് ഇതിനു പിന്നില്‍. വയനാട്ടിലെ സി.പി.ഐ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ട സാഹചര്യം വ്യത്യസ്തമാണ്. രാഹുലിന്റെ വരവ് വിശാല സഖ്യത്തിനുള്ള സാധ്യതകളെ ബാധിക്കുമോയെന്നത് തെരഞ്ഞെടുപ്പിനുശേഷം ആലോചിക്കേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."