കാംപസുകളിലെ അക്രമ രാഷ്ട്രീയം നിയന്ത്രിക്കാന്‍ നിയമം വരുന്നു
തിരുവനന്തപുരം: കാംപസുകളില്‍ അക്രമരാഷ്ട്രീയത്തിന് അറുതി വരുത്താന്‍ നിയമ നിര്‍മാണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി നടപ്പിലാക്കേണ്ടി വരുമെന്ന സൂചനയെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നത്. കാംപസുകളില്‍ സംഘടനാ സ്വാതന്ത്ര്യം വിലക്കി കഴിഞ്ഞ വര്‍ഷം ഹൈക്കോടതി വിധി വന്നിരുന്നു.
നിയമം വരുന്നതോടെ കാംപസുകളില്‍ അംഗീകൃത വിദ്യാര്‍ഥി സംഘടനകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇത് സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാകും. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂ.
വിദ്യാര്‍ഥി സംഘടനകളുടെ രജിസ്‌ട്രേഷനായി സെക്രട്ടറി തലത്തില്‍ പ്രത്യേക സെല്ലിന് രൂപം നല്‍കും. പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ അവരുടെ പ്രധാന ഭാരവാഹിയുടെ പേരുകളുള്‍പ്പെടെയുള്ള വിശദാംശങ്ങളും സഹിതമാണ് രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ടത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ എന്ന നിബന്ധന കൊണ്ടു വന്നേക്കും. രജിസ്റ്റര്‍ ചെയ്തതിനു ശേഷം അനുമതി ലഭിച്ച സംഘടനകള്‍ക്ക് കാംപസിനുള്ളില്‍ കുട്ടികളെ വ്യക്തിപരമായോ കൂട്ടമായോ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും ഇടപെടാം.
വര്‍ഗീയത അടിസ്ഥാനമാക്കി തരംതിരിഞ്ഞ് സംഘടിക്കുന്നതും മതേതരത്വത്തിന് കോട്ടം തട്ടുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് ആയുധ രഹിതരായി സംഘടിക്കുന്നതിനും ആശയ പ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും നിയമപരമായ പിന്‍ബലം നല്‍കുന്നതാണ് പുതിയ നിയമം. നിയമം നടപ്പിലാക്കുന്നതിനു മുമ്പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."