ചരിത്രത്തിന് പുതുവെളിച്ചം പകര്‍ന്ന് അന്താരാഷ്ട്ര സെമിനാര്‍
പഴയങ്ങാടി: അന്താരാഷട്ര ചരിത്ര ശില്പശാലക്ക് മാടായിയില്‍ തുടക്കമായി. തലശേരി ഗവ. ബ്രണ്ണന്‍ കോളജിന്റെയും ജര്‍മനി റൂറര്‍ യൂനിവേഴ്സിറ്റിയുടെയും നേതൃത്വത്തിലാണ് ചരിത്ര സെമിനാര്‍ നടത്തുന്നത്.
പുരാവസ്തുകളുടെയും ലിഖിതങ്ങളുടെയും അടിസ്ഥാനത്തില്‍ മാടായിയുടെ ചരിത്രം പഠനത്തിന് വിധേയമാക്കുകയെങ്കില് ഇന്നറിയപെടുന്ന മാടായിയുടെയും മലബാറിന്റെയും ചരിത്രം തിരുത്തി എഴുതപ്പെടുമെന്ന് പ്രഫ. രാജന്ഗുരുക്കള് പറഞ്ഞു.
മാടായി റൂറല്‍ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ നടത്തിവരുന്ന ചരിത്ര ശില്പശാലയില് പ്രബന്ധമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മാടായിപളളിയിലെ ലിഖിതത്തെ അടിസ്ഥാനമാക്കി മലബാറിലേക്കുളള ഇസ്ലാമിന്റെ വരവും മുസ്ലിങ്ങളുടെ സ്ഥിരവാസമുറപ്പിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലവും ഉദ്ഘാടനം പ്രബന്ധമവതരിപ്പിച്ച് കൊണ്ട് പ്രഫ. എം.ജി.എസ് നാരായണന് വിശദമാക്കി.
ഇറ്റലിയില്‍ നിന്നെത്തിയ പുരാവസ്തു ശാസ്ത്രജ്ഞനായ വാസ്കോസ സാല്‍വിയ, അബ്ദുല്ല അഞ്ചില്ലത്ത്, എന്‍ അതിയമന്, വി ശെല്വകുമാര് എന്നിവര്‍ തുടര്‍ സെഷനുകളില്‍ പ്രബന്ധമവതരിപ്പിച്ചു. മാടായിയില്‍ നിന്നു മധ്യശിലായുഗം മുതലുളള തെളിവുകള്‍ കിട്ടുന്നുണ്ടെന്നും പട്ടണം പോലുളള സ്ഥലങ്ങളില്‍ നിന്നു വ്യത്യസ്തമായ നിറങ്ങളോട് കൂടിയ പാത്രശകലങ്ങള്‍ ധാരളം ലഭിച്ചിട്ടുണ്ടെന്നും ഇവിടെ കാലങ്ങളായി മാറി വന്നുകൊണ്ടിരിക്കുന്ന മനുഷ്യ വാസത്തിന്റെ രീതിയുടെയും മനസിലാക്കാന്‍ ഇത് ഉതകുമെന്നും വി ശെല്വകുമാര് അഭിപ്രായപെട്ടു. കെ.വി കുഞ്ഞികൃഷ്ണന്, ഡോ.എ വത്സലന്‍, ഒഫീറ ഗാംലിയേല്‍, ഗിരീഷ് വിഷ്ണു സംസാരിച്ചു. ചരിത്ര സെമിനാര്‍ ഇന്ന് വൈകിട്ടോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."