യുദ്ധം പ്രസംഗമത്സരമല്ല
1962-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര ബോംബെ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ട് അഭ്യര്‍ഥന പുറപ്പെടുവിച്ചു. 1962 ഫെബ്രുവരി 23-ാം തിയതിയിലെ അഭ്യര്‍ഥനയില്‍ പറയുന്നതിങ്ങനെ: 'ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമെന്നെനിക്കുറപ്പുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ മുന്നോട്ടുവച്ചാണ് പലരും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ തന്നെയാണ്. ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.കെ കൃഷ്ണമേനോന്‍ കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ പിന്തുടരുന്ന ആളാണ്. കോണ്‍ഗ്രസില്‍ വിശ്വാസമുള്ള ജനങ്ങള്‍ മുഴുവന്‍ കൃഷ്ണമേനോന് വോട്ടുചെയ്യണം'. സി. രാജഗോപാലാചാരിയാവട്ടെ, കൃഷ്ണമേനോന്‍ കമ്യൂണിസ്റ്റുകാരനാണെന്നും അദ്ദേഹത്തിന്റെ വിജയം കമ്യൂണിസ്റ്റുകാരുടെ വിജയമായിരിക്കുമെന്നും ആക്ഷേപിച്ചു. ജയപ്രകാശ് നാരായണന്‍ പറഞ്ഞതിങ്ങനെ: 'കൃഷ്ണമേനോന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെന്നത് ശരിതന്നെ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൂര്‍ണ പിന്തുണയുമുണ്ടണ്ട്. എങ്കിലും കൃഷ്ണമേനോന്റെ വിജയം കമ്യൂണിസ്റ്റുകാരുടെ വിജയമായിരിക്കും'.
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കഴിഞ്ഞാല്‍ ഏറ്റവും കരുത്തരായ ചുരുക്കം ചിലരിലൊരാളായ മലയാളി നേതാവ് തലശ്ശേരി സ്വദേശി വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണ മേനോന്‍ ലോക്‌സഭയിലേക്ക് രണ്ടണ്ടാമതും മത്സരിക്കുകയാണ്. നെഹ്‌റുവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥാനാര്‍ഥിയായി. എതിരാളി ജെ.ഡി കൃപലാനിയായിരുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിക്കൊണ്ടണ്ടിരുന്ന കാലഘട്ടം. കമ്യൂണിസ്റ്റുകാരെ തള്ളിപ്പറയുകയും സ്വയം ഒരു കമ്യൂണിസ്റ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യാന്‍ കൃഷ്ണമേനോന്‍ തയാറായാല്‍ സ്വന്തം സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാമെന്ന് കൃപലാനി കൃഷ്ണമേനോനെ വെല്ലുവിളിക്കുകയും ചെയ്തു.
ദീര്‍ഘകാലം ബ്രിട്ടനിലായിരുന്ന കൃഷ്ണമേനോന്‍ 1930 കാലഘട്ടത്തില്‍തന്നെ നെഹ്‌റുവിന്റെ അടുത്ത സുഹൃത്തായി. ആ സൗഹൃദത്തിന്റെ പേരില്‍ അദ്ദേഹം ഡല്‍ഹിയിലെത്തി. ഇടതുപക്ഷക്കാരനായിരുന്ന മേനോന്റെ സ്വാധീനത്തിലാണ് നെഹ്‌റുവും ഇടതുപക്ഷ ചിന്തകളിലേക്ക് ആകൃഷ്ടനായത്. 1957-62 കാലഘട്ടത്തിലെ നെഹ്‌റു സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന കൃഷ്ണമേനോന്‍ മന്ത്രിസഭയിലെ കരുത്തനായ ഭരണാധികാരിയായിരുന്നു. അതീവ ബുദ്ധിശാലി എന്ന പേരിനൊപ്പം തന്ത്രശാലിയെന്നും വക്രബുദ്ധിക്കാരനെന്നും മറ്റുമുള്ള നിരവധി വിശേഷണങ്ങളും അദ്ദേഹത്തിനു കിട്ടി.
1962 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കൃഷ്ണമേനോന്‍ ജയിച്ചത് വലിയ ഭൂരിപക്ഷത്തിന്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടിയുണ്ട് ഭൂരിപക്ഷം. രണ്ടാമതും ലോക്‌സഭയിലേക്ക്. വീണ്ടും പ്രതിരോധമന്ത്രിപദമേറ്റ കൃഷ്ണമേനോന്‍ മെയിലും ജൂണിലും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു. കശ്മിര്‍ തര്‍ക്കത്തെക്കുറിച്ചുള്ള ലോകപ്രശസ്തമായ ആ പ്രസംഗങ്ങള്‍ പാകിസ്താന്റെ വാദങ്ങളെ ചുരുട്ടിക്കെട്ടി.
1962 ജൂലൈയില്‍ കൃഷ്ണമേനോന്‍ വീണ്ടും യു.എന്നിലേക്ക് തിരിച്ചു. പോകുന്നതിനു മുന്‍പ് പ്രധാനമന്ത്രി നെഹ്‌റു ഓര്‍മിപ്പിച്ചു: 'ലഡാക്കില്‍ ചൈനയുമായി ചില പ്രശ്‌നങ്ങളുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രിയും ജനീവയില്‍ വരുന്നുണ്ടെന്നറിയാം. നിങ്ങള്‍ രണ്ടുപേരും ഈ വിഷയം സംബന്ധിച്ച് വിശദമായി സംസാരിക്കണം'. ലഡാക്കില്‍ ഉരുണ്ടകൂടുന്ന സംഘര്‍ഷത്തെക്കുറിച്ച് കൃഷ്ണമേനോന്ന് അന്നുതന്നെ അറിയാമായിരുന്നു. ജൂലൈ 22നും 23നും കൃഷ്ണമേനോന്‍ ചൈനീസ് വിദേശകാര്യമന്ത്രി മാര്‍ഷല്‍ ചെങ്ങ് യീയുമായി സംസാരിച്ചു. മൂന്ന് മാസം തികയും മുന്‍പ് 1962 ഒക്ടോബര്‍ 20ാം തിയതി ചൈന ഇന്ത്യയെ ആക്രമിച്ചു. ടിബറ്റന്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ ഇടപെടലും അതിര്‍ത്തിയിലെ തര്‍ക്കവുമൊക്കെയായിരുന്നു കാരണം. ക്യൂബയുടെ പേരില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും മുഖാമുഖം നോക്കിനില്‍ക്കുന്ന സമയം നോക്കിത്തന്നെയാണ് ചൈന യുദ്ധം തുടങ്ങിയത്. രണ്ട് തവണയായി വെറും 10 ദിവസംകൊണ്ട് ചൈന ലക്ഷ്യം നേടി. ലഡാക്കിന്റെ പകുതിയും ചൈനയുടെ കൈയിലായി. അരുണാചല്‍പ്രദേശ് തങ്ങളുടെ പ്രദേശമാണെന്നാണ് ചൈന ഇപ്പോഴും അവകാശപ്പെടുന്നത്. ഒരു മാസംകൊണ്ട് അതായത് നവംബര്‍ 21ന് യുദ്ധം അവസാനിപ്പിച്ച് ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ക്യൂബന്‍ സംഘര്‍ഷം തീര്‍ന്ന സമയത്തായിരുന്നു വെടിനിര്‍ത്തല്‍.
ചൈനയ്ക്ക് മുന്നില്‍ ഇന്ത്യ പൂര്‍ണമായി കീഴടങ്ങുകയായിരുന്നു. ഏകദേശം 20,000 പടയാളികളാണ് അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത്. ചൈനയ്ക്കാവട്ടെ ഏതാണ്ട് 80,000 വരുന്ന സൈന്യ സന്നാഹവും. സ്വാതന്ത്ര്യം നേടി ബാലാരിഷ്ടതകളോട് മല്ലിടുകയായിരുന്ന ഇന്ത്യന്‍ സര്‍ക്കാരിന് ആദ്യവെല്ലുവിളി രാജ്യത്തെ തുറിച്ചുനോക്കിയിരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയുമായിരുന്നു. രൂക്ഷമായ ദാരിദ്ര്യവും പട്ടിണിയും ഇല്ലായ്മയും നിലനില്‍ക്കെ രാജ്യത്തിന് പടക്കോപ്പുകള്‍ വാങ്ങാനോ സൈന്യത്തെ നവീകരിക്കാനോ കഴിയുമായിരുന്നില്ല. ചൈനയാവട്ടെ അന്നു തന്നെ വലിയൊരു സൈനിക ശക്തിയായിരുന്നുതാനും.
രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ തോല്‍വി ഒട്ടും ഭൂഷണമല്ലതന്നെ. തോല്‍വിക്കു കാരണക്കാരായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വി.കെ കൃഷ്ണമേനോന്റെയും പേരുകള്‍ ഉയര്‍ന്നുനിന്നു. അയല്‍രാജ്യമായ ചൈന ശത്രുവാകുമെന്ന് ഒരിക്കല്‍പോലും രണ്ടുപേരും ചിന്തിച്ചതേയില്ല. കൃഷ്ണമേനോനാവട്ടെ, പാകിസ്താനെയാണ് ഒന്നാം നമ്പര്‍ ശത്രുരാജ്യമായി എപ്പോഴും കണ്ടത്. ലഡാക്ക് ഉള്‍പ്പെട്ട ചൈനയുമായി അതിര്‍ത്തിയുള്ള പ്രദേശങ്ങളിലൊക്കെയും തര്‍ക്കങ്ങളുണ്ടായിരുന്നുവെങ്കിലും അത് സംഘര്‍ഷമായി വളരുമെന്ന് അദ്ദേഹം കരുതിയതേയില്ല. അന്നേ വന്‍ശക്തിയായിരുന്ന ചൈനയോട് മല്ലിട്ടു ജയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടായിരുന്നുമില്ല.
പകരം നയതന്ത്ര വഴികളിലൂടെ അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ ചൈനയുമായി പറഞ്ഞുതീര്‍ക്കാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ പട്ടാളവും ഉദ്യോഗസ്ഥരുമൊന്നും ശക്തമായൊരു ആക്രമണത്തെ തുരത്താന്‍ ശേഷിയുള്ളവരുമായിരുന്നില്ല. ആധുനിക സന്നാഹങ്ങളൊന്നുമില്ലാത്തൊരു സേനയായിരുന്നു ഇന്ത്യയുടേത്. എല്ലാറ്റിനും പുറമെ സൈന്യത്തിന്റെ മേലേത്തട്ടില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കവും ഉള്‍പ്പോരും. യുദ്ധമല്ല, നയതന്ത്ര നീക്കങ്ങളാണ് ഫലപ്രദമെന്ന് പലതവണ അന്നത്തെ സൈനിക മേധാവി ജനറല്‍ കെ.എം തിമ്മയ്യ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ധരിപ്പിച്ചിരുന്നതുമാണ്. പാകിസ്താനാണ് ഇന്ത്യയുടെ പ്രധാന ശത്രുവെന്ന കൃഷ്ണമേനോന്റെ നിലപാടിന്റെ ബുദ്ധിശൂന്യത ജനറല്‍ തിമ്മയ്യ അന്നത്തെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ മാല്‍ക്കം മാക്‌ഡൊണാള്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു.
1962 ലെ യുദ്ധം ആത്യന്തികമായി വി.കെ കൃഷ്ണമേനോന്റെ പരാജയമായിരുന്നുവെന്നാണ് ഈയിടെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് കൃഷ്ണമേനോനെക്കുറിച്ച് എഴുതിയ ജീവചരിത്ര ഗ്രന്ഥത്തില്‍ പറഞ്ഞുവയ്ക്കുന്നത്. 1962-ല്‍നിന്ന് 2020 ല്‍ എത്തുമ്പോള്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു? കഴിഞ്ഞ തിങ്കളാഴ്ച സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവേശത്തോടെ പ്രസംഗിച്ചതിങ്ങനെ: 'ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ല. ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ ആരും പിടിച്ചെടുത്തിട്ടില്ല. ഒരിഞ്ചുഭൂമി പോലും നഷ്ടപ്പെട്ടിട്ടുമില്ല'. പ്രധാനമന്ത്രിയുടെ വാദം വലിയ വിവാദത്തിനിടയാക്കി. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചൈനീസ് പട്ടാളക്കാരാണ് ഇക്കഴിഞ്ഞ 15 ാം തിയതി രാത്രി 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത്. അതിക്രമിച്ചു കടന്ന ചൈനീസ് പട്ടാളക്കാര്‍ അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയുമാണ്. പിറ്റേന്ന് തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന് ഒരു വിശദീകരണം പ്രസിദ്ധീകരിക്കേണ്ടി വന്നു.1962 ലെ യുദ്ധത്തിന്റെയും രാജ്യം നേരിട്ട പരാജയത്തിന്റെയും യഥാര്‍ഥ കാരണങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ദശകങ്ങളോളം രഹസ്യമായി സൂക്ഷിച്ചുവയ്ക്കുകയായിരുന്നുവെന്ന കാര്യവും ഇതിനോടു ചേര്‍ത്തു വായിക്കണം.
1962 ല്‍ നേരിട്ട പരാജയത്തില്‍നിന്ന് എന്തൊക്കെ പാഠങ്ങള്‍ പഠിച്ചിട്ടാണ് ഇന്നത്തെ ഇന്ത്യന്‍ നേതൃത്വം ചൈനയെ നേരിടുന്നതെന്നത് പരമപ്രധാനം തന്നെയാണ്. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് എങ്ങനെ കഴിയും? സൈനിക ശക്തിയുടെ കാര്യത്തില്‍ ചൈന ഇന്ത്യയെക്കാള്‍ വളരെയേറെ മുന്‍പിലാണ്. യുദ്ധമുന്നണിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാതെ നയതന്ത്ര വഴികളിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. 1962-ല്‍ ജനറല്‍ തിമ്മയ്യ പ്രധാനമന്ത്രി നെഹ്‌റുവിനെയും പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനെയും ഓര്‍മിപ്പിച്ചതും ഇതാണ്. ഇനി വാണിജ്യരംഗത്ത് ചൈനയെ പിടിച്ചുകെട്ടാനാവുമോ? ഉല്‍പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങണമെന്ന് ഉപദേശിക്കുന്നവര്‍ ഏറെയുണ്ട്. സ്വദേശി ജാഗ്‌രണ്‍ മഞ്ച് പോലെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. സ്വയംപര്യാപ്തത കൈവരിച്ചാല്‍ ഇറക്കുമതി കുറയ്ക്കാമെന്നാണ് ഇക്കൂട്ടരുടെ കണക്ക്. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും നയം ഇതുതന്നെയായിരുന്നു. 1947 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വെറും മൂന്നര ശതമാനമായിരുന്നുവെന്ന് കാണുക. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്ന കാലം. ജനസംഖ്യ വളരെ കൂടുകയും ചെയ്തു. 1991 ല്‍ പി.വി നരസിംഹറാവു പ്രധാനമന്ത്രിയാവുകയും ഡോ. മന്‍മോഹന്‍ സിങ് ധനമന്ത്രിയാവുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറി. ജി.ഡി.പി. വളര്‍ച്ച ഒന്‍പത് ശതമാനം വരെ ഉയര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഥമ ലക്ഷ്യം ഇന്ത്യയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ്. അതിനു വ്യാപാരം വര്‍ധിക്കണം. ചൈനയുടെ വാതില്‍ കൊട്ടിയടച്ചുകൊണ്ട് ഇത് കഴിയുമോ? 1962 ലേതിനേക്കാള്‍ ചൈന ഇന്ന് പത്ത് മടങ്ങെങ്കിലും വളര്‍ന്നിരിക്കുന്നു. സാമ്പത്തിക ശക്തിയെന്ന നിലയ്ക്കും സൈനിക ശക്തിയെന്ന നിലയ്ക്കും ഏഷ്യയിലും ലോകത്തെങ്ങും വലിയൊരു ശക്തിയായി വളരാന്‍ വെമ്പി നില്‍ക്കുകയാണ് ചൈന. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ഇറക്കുമതിയില്‍ 14 ശതമാനവും ചൈനയില്‍നിന്നായിരുന്നു. കയറ്റുമതിയാവട്ടെ അഞ്ച് ശതമാനവും. 2001 മുതല്‍ 2018-19 വരെയുള്ള കാലത്ത് ഇന്ത്യാ- ചൈന വ്യാപാരം വളര്‍ന്നത് 30 ശതമാനം. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വളര്‍ന്നത് 45 ശതമാനം. ഏത് വഴിയില്‍ ഇന്ത്യ ചൈനയെ നേരിടും? യുദ്ധത്തില്‍ ഒന്നാം സ്ഥാനമേയുള്ളൂ. ഇന്ത്യാ ചൈന യുദ്ധം എന്നത് പ്രസംഗമത്സരമല്ല തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."