അഡ്വ: അംജദ്ഖാന്‍ ഫൈസിക്ക് പഠിക്കാന്‍ അവസരങ്ങളേറെ, പക്ഷേ...
കല്‍പ്പറ്റ: ആഗ്രഹം തീവ്രമെങ്കില്‍ അതു സാധ്യമാക്കാന്‍ ലോകം കൂടെനില്‍ക്കുമെന്ന ആല്‍ക്കെമിസ്റ്റിലെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് വയനാട്ടിലെ മുട്ടില്‍ സ്വദേശി അഡ്വ. അംജദ് ഖാന്‍ ഫൈസിയുടെ നേട്ടം. നിലവില്‍ യു.കെയിലെ ലോ സ്‌കൂളുകളില്‍ മൂന്നാം സ്ഥാനവും(ഗാര്‍ഡിയന്‍ യൂണിവേഴ്‌സിറ്റി ലീഗ് ടേബിള്‍സ് റാങ്കിങ് 2018) ലോക നിയമ സര്‍വകലാശാലകളില്‍ 37ാം സ്ഥാനവുമുള്ള(ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ റാങ്കിങ് 2018) ക്വീന്‍മേരി യൂണിവേഴ്‌സിറ്റിയില്‍ മനുഷ്യാവകാശ സ്ട്രീമില്‍ പി.ജി അഡ്മിഷന്‍ ലഭിച്ച അംജദിന് ഡര്‍ഹം, ന്യൂ കാസില്‍, ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റ്, യോര്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങി 15ഓളം യൂണിവേഴ്‌സിറ്റികളില്‍ നിന്നു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വമ്പിച്ച സാമ്പത്തിക ബാധ്യത അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നമാണ്. നാളെ രാജ്യത്തെ ഉന്നത നീതിപീഠങ്ങളില്‍ ഈ യുവ ഫൈസി പണ്ഡിതന്റെ ആര്‍ജവമുള്ള ശബ്ദം നാം കേള്‍ക്കുമെന്നുറപ്പ്. എങ്കിലും ആരും കൊതിക്കുന്ന ലോക നിയമ സര്‍വകാലശാല റാങ്കിങില്‍ 37ാം സ്ഥാനമുള്ള ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനമെന്ന സ്വപ്നം ഇത്രയടുത്തെത്തിയിട്ടും സാമ്പത്തിക പ്രശ്‌നത്തില്‍ തട്ടി നഷ്ടപ്പെടുന്നത് അദ്ദേഹത്തിന് വേദനയുണ്ടാക്കുന്നതാണ്. സുമനസുകള്‍ കൈകോര്‍ത്താല്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാവുമെന്നും അത് തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലുമാണ് ഈ മിടുക്കന്‍.
സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂമിലെയും പട്ടിക്കാട് ജാമിഅ:നൂരിയയിലെയും ദര്‍സ്-കിതാബ് പഠനങ്ങള്‍ക്കിടയില്‍ മനസില്‍ തറച്ച അതിയായൊരാഗ്രഹമായിരുന്നു നിയമ വിദഗ്ധനാവുകയെന്നത്. അഞ്ചാം ക്ലാസ് വരെ മാത്രം സ്‌കൂളില്‍ പഠിച്ച അംജദ് പക്ഷെ രാത്രിയെ പകലുകളാക്കി കഠിനമായി അധ്വാനിച്ചു. ഉറക്കമൊഴിച്ചു പഠിച്ച് പരിമിതികളുടെ കൂമ്പാരത്തില്‍ നിന്നും പരീക്ഷ പാസായി. ജാമിഅയിലെ ദ്വിവര്‍ഷ പഠനശേഷം ഫൈസി ബിരുദം നേടി. അതിനിടയില്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയെഴുതി മലപ്പുറം സെന്ററില്‍ നിയമപഠനത്തിന് അവസരം നേടി. റഗുലര്‍ സ്‌കൂളിങിന്റെ അഭാവം ആരംഭത്തില്‍ പ്രയാസം സൃഷ്ടിച്ചെങ്കിലും നേടാനുറച്ച പരിശ്രമം അലിഗഡ് പഠനത്തിനിടയില്‍ തന്നെ ഐ.ഐ.ടി ഖരക്പൂരില്‍ നിന്ന് കോര്‍പറേറ്റ് ഗവേണന്‍സിലും സിംബയോസിസ് ലോ സ്‌കൂളില്‍ നിന്ന് മെഡിക്കല്‍ നിയമത്തിലും ഹ്രസ്വകാല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. തൃശൂര്‍ ലോ കോളജ് സംഘടിപ്പിച്ച റീഗാലിയ ദേശീയ സംവാദ മത്സരത്തില്‍ രണ്ടാം സ്ഥാനവും അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ സംഘടിപ്പിച്ച പ്രസംഗ-സംവാദ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും അംജദ് നേടി. വിവിധ സ്ഥാപനങ്ങളിലെ അന്തര്‍ദേശീയ, അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.
പഠിക്കാന്‍ അടങ്ങാത്ത ആഗ്രഹമുള്ള അംജദ് തന്റെ പരിശ്രമം കൊണ്ട് നേടിയെടുത്ത ക്വീന്‍മേരി യൂണിവേഴ്‌സിറ്റിയിലെ പി.ജി അഡ്മിഷന്‍ സുമനസുകളുടെ സഹായത്താല്‍ നടക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."