ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ പൂര്‍ണ ചുമതല കായിക വകുപ്പിന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഭരണചുമതല കായിക വകുപ്പിന് കൈമാറുന്നു. വിദ്യാഭ്യാസ - കായിക മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സ്‌കൂളിന്റെ ഭരണചുമതല കൈമാറ്റം സംബന്ധിച്ചു ധാരണയായത്. സ്‌കൂളിന്റെ പൂര്‍ണ ചുമതല കായികവകുപ്പിന് ലഭിക്കുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
കായിക പരിശീലനത്തിലെ നിലവാരത്തകര്‍ച്ച ഉണ്ടായതോടെയാണ് ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പൊതുവിഭ്യാഭ്യാസ വകുപ്പില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കായികവകുപ്പ് ഏറ്റെടുത്തത്. എന്നാല്‍, അധ്യാപക നിയമനം ഉള്‍പ്പടെ സ്‌കൂളിന്റെ ഭരണചുമതല പൊതുവിദ്യാഭ്യാസ വകുപ്പ് കൈവശം വെച്ചു. കായിവകുപ്പിന്റെ നിയന്ത്രണം പൂര്‍ണമല്ലാതായതോടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലായി. ഇതുതിരച്ചറിഞ്ഞതോടെയാണ് ഭരണചുമതല കൈമാറാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായത്. സ്‌കൂളില്‍ ഇനിമുതല്‍ കായികരംഗത്തോട് താല്‍പര്യമുള്ള അധ്യാപകരെ മാത്രമേ നിയമിക്കൂ.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം കായികതാരങ്ങളുടെ പരിശീലന സൗകര്യങ്ങള്‍ വിപുലമാക്കാനാണ് പ്രാഥമിക പരിഗണന നല്‍കുകയെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഇതിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിനും ഹെഡ്മാറ്റര്‍ ജയിന്‍ രാജിനും എതിരായ അച്ചടക്ക നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇവരുടെ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മന്ത്രി എ.സി മൊയ്തീന്‍ നിരസിച്ചത്.
പ്രിന്‍സിപ്പലിന് എതിരേയുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഗുരുതരമാണ്. അതിനാല്‍ പ്രദീപിനെ ജി.വി രാജയില്‍ നിലനിര്‍ത്താനാവില്ലെന്നും കായികമന്ത്രി കുട്ടികളെ ബോധ്യപ്പെടുത്തി.
അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി വിദ്യാര്‍ഥികളെ അറിയിച്ചു. പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വ്യാഴാഴ്ച്ച രാത്രി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കായികമന്ത്രി എ.സി മൊയ്തീന്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്. സ്ഥലംമാറ്റ നടപടിക്കെതിരേ ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാര്‍ഥികളെ മന്ത്രി ശാസിച്ചു. ആരുടെ നിര്‍ദേശ പ്രകാരമാണ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതെന്നും തുടര്‍ന്നും സമരവുമായി മുന്നോട്ടുപോകുയാണെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് പൂട്ടിയ ഗേറ്റ് തുറന്ന് കുട്ടികള്‍ മുകളിലെത്തിയത് സ്‌കൂളിലെ ജീവനക്കാരുടെ അറിവോടെയാണെന്നതില്‍ സംശയമില്ല. കുട്ടികളെ ഉപയോഗിച്ചു സര്‍ക്കാരിനെ നേരിടാമെന്ന് അധ്യാപകരും ജീവനക്കാരും കരുതുന്നെങ്കില്‍ വിലപോകില്ലെന്നും വിദ്യാര്‍ഥികള്‍ക്കൊപ്പം എത്തിയ അധ്യാപകരോടായി കായികമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. ഇനി യാതൊരു സമരവും ഉണ്ടാകില്ലെന്ന് മന്ത്രിക്ക് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."