ഗ്രൂപ്പ് മാറി രക്തം നല്‍കി: വൃദ്ധയെ മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ രക്തഗ്രൂപ്പ് മാറി കുത്തിവയ്പ് നടത്തിയതായി പരാതി. കുത്തിവയ്പിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപെട്ട വൃദ്ധയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എഴുകോണ്‍ ഇടയ്ക്കിടം ചരുവിള പുത്തന്‍ വീട്ടില്‍ ചെല്ലമ്മ (88)യാണു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ദുരവസ്ഥ ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണു സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതകളുടെ വാര്‍ഡില്‍ രക്തകുറവ് മൂലമുണ്ടാകുന്ന വിരള്‍ച്ച സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ചെല്ലമ്മ.
ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയ്ക്ക് രക്തം കുറവുള്ളതിനാല്‍ രക്തം നല്‍കിവരുകയായിരുന്നു. ഒ പോസിറ്റിവ് രക്തഗ്രൂപ്പുകാരിയായ ചെല്ലമ്മക്ക് വ്യാഴാഴ്ച ഇതേ ഗ്രൂപ്പിലുള്ള രക്തം കുത്തിവച്ചിരുന്നു. രോഗിയായ ചെല്ലമ്മയുടെ നാട്ടുകാരിയായ രാജമ്മ എന്ന വൃദ്ധയും ഇതേ വാര്‍ഡില്‍ ചികിത്സയിലായിരുന്നു.
ഇവര്‍ക്ക് എ പോസിറ്റിവ് രക്തമാണു ചികിത്സയ്ക്കായി നല്‍കിവന്നിരുന്നത്. ഇവര്‍ക്കായി കൊണ്ടുവന്ന രക്തമാണ് ആള്‍ മാറി ചെല്ലമ്മയ്ക്കു നല്‍കിയത്. രക്തം കുത്തിയിട്ടതിനെ തുടര്‍ന്ന് ചെല്ലമ്മയ്ക്കു ശാരീരിക അസ്വസ്ഥതകളും വിറയലും അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് രാജമ്മയ്ക്കു നല്‍കാനായി രാജമ്മയുടെ ബന്ധു ബ്ലഡ് ബാങ്കില്‍ നിന്നു കൊണ്ടുവന്ന രക്തബാഗ് മാറി ചെല്ലമ്മയ്ക്കു നല്‍കിയതായി ബോധ്യപ്പെടുകയും ചെയ്തു. അവശയായ ചെല്ലമ്മയെ ഉടന്‍ തന്നെ രക്തം കുത്തിയിടുന്നതു നിര്‍ത്തി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ ബന്ധുക്കളെയും കൂട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി
കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുന്‍പ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അഞ്ചുവയസുകാരന്‍ മരണപ്പെട്ടിരുന്നു. മരുന്നുമാറി കുത്തിവച്ചതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് ബന്ധുക്കളുടെ പരാതി അന്നുയര്‍ന്നിരുന്നു. തുടര്‍ന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആശുപത്രി പടിക്കല്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ജീവനക്കാരുടെ അശ്രദ്ധധയാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനു പിന്നിലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."