ദിജി: അതിജീവനത്തിന്റെ നല്ലപാഠം
സി.കെ ശശിപച്ചാട്ടിരി
ആനക്കര: അതിജീവനത്തിന്റെ ജീവിതപാഠം ദിജി എന്ന രണ്ടക്ഷരം അന്വര്‍ഥമാക്കുകയാണിവിടെ. തൊഴുക്കാട് നെടുംപുറത്ത് പരേതനായ ബാലന്റയും ആനക്കര ചാത്തയില്‍ പ്രേമയുടേയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ദിജി. ജനിച്ച് ആറ് മാസമായപ്പോള്‍ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട പെണ്‍കുട്ടി. എല്ലാ കുട്ടികളേയും പോലെ കളിയും ചിരിയും കളിപ്പാട്ടങ്ങളുമായി ആഹ്ലാദഭരിതമാകേണ്ട നാളുകള്‍ക്ക് പകരം ദിജിയുടെ ബാല്യം ദൈന്യതയില്‍ മുങ്ങി. ദിജിയുടെ ഈ ദുരവസ്ഥക്ക് മൂകസാക്ഷികളാകാനെ മാതാപിതാക്കള്‍ക്കായുള്ളൂ.
മറ്റു കുട്ടികളെ പോലെ വീടിന് പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ദിജിക്കും ആഗ്രഹം നാമ്പിട്ടു. പക്ഷെ തന്റെ ആഗ്രഹങ്ങള്‍ നൊമ്പരങ്ങളായി അവശേഷിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകള്‍ നാലു ചുമരുകള്‍ക്ക് മാത്രം കാഴ്ചയായി. ദിനരാത്രങ്ങള്‍ കരയാന്‍ മാത്രം വിധിക്കപ്പെട്ട ബാല്യകാലം. അതിന് ശേഷം സ്‌കൂളിലേക്ക് സൈക്കിളിലില്‍ അച്ഛന്‍ തുണയായി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം സൈക്കിളില്‍ സ്‌കൂളില്‍ കൊണ്ടുവിട്ട അച്ഛന്‍, തിരികെ കൊണ്ടുപോകാന്‍ എത്തിയില്ല. അച്ഛനോടൊത്ത് സ്‌കൂളിലേക്കുള്ള അവസാനത്തെ യാത്രയായിരുന്നു അന്ന്. ആ കറുത്ത ദിനത്തില്‍ അച്ഛന്റെ വിയോഗം തീര്‍ത്ത ശൂന്യതയില്‍ ദിജിയുടെ പഠനം തുടരാനായില്ല.
ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ. അച്ഛന്റെ സ്‌നേഹ സാന്നിധ്യം അത്രമേല്‍ ദിജിയെ സ്വാധീനിച്ചിരുന്നു. സഹോദരങ്ങളിലൂടെയുള്ള കേട്ടറിവുകള്‍ മാത്രമായി അവളുടെ പുറം ലോക കാഴ്ചകള്‍. അച്ഛന്റെ വിയോഗത്തിലൂടെ സംജാതമായ ശൂന്യതയില്‍ അമ്മയുടെ സ്‌നേഹലാളനകള്‍ അവള്‍ക്ക് വര്‍ഷങ്ങളോളം അത്താണിയായി. പരിമിതികളുമായി ജീവിതം മുന്നേറുന്നതിനിടയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃത്താലബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന എംബ്രോയ്ഡറി പരിശീലന ക്ലാസ് ദിജിയുടെ ജീവിതത്തില്‍ മാറ്റങ്ങളുടെ വഴിതിരിവായി. അവിടെ നടന്ന പരിശീലന ക്ലാസില്‍നിന്ന് ജ്വല്ലറി മേക്കിങില്‍ ദിജി വൈദഗ്ധ്യം നേടി. പരിശീലനത്തില്‍വച്ച് നേടിയ അറിവിലൂടെ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമായി ജില്ലാതല ഓണം മേളയില്‍ പങ്കെടുത്തു.
ഈ പരിശീലനവും മേളയും ദിജിയുടെ മനസില്‍ ആത്മവിശ്വാസം വേരുറപ്പിച്ചു. അംഗ പരിമിതര്‍ക്കുള്ള മുച്ചക്ര വാഹനവും ലഭ്യമായതോടെ താന്‍ മറ്റുള്ളവരില്‍നിന്ന് ഒട്ടും പിറകിലല്ല എന്ന് നാടിന് ബോധ്യപ്പെടുത്തി. കുറവുകളില്‍ ദുഃഖിച്ചിരിക്കുകയല്ലതന്റെ കടമയെന്നും, വെല്ലുവിളികളെ അതിജീവിച്ചവരാണ് മഹാന്‍മാരെന്ന് അവള്‍ തിരിച്ചറിഞ്ഞു. പുതിയ ജീവിത സ്വപ്നങ്ങളിലൂടെ ദിജിയുടെ ജൈത്രയാത്ര തുടരുകയാണ്.
പരിസ്ഥിതി സൗഹൃദ വിത്തുപേന നിര്‍മാണത്തിരക്കിലാണ് ദിജി ഇന്ന്. തലശ്ശേരി ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ദിജിയുടെ വിത്തുപേന വിപണനം നടത്തുന്നുണ്ട്. ഒപ്പം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളിലെ കുട്ടികള്‍ക്ക് വിത്ത് പേന നിര്‍മാണ പരിശീലനം നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയും പ്രോത്സാഹനവുമായി ഭിന്നശേഷി സുഹൃദ് സംഘം ദിജിയോടൊപ്പമുണ്ട്.
ഫ്‌ളവര്‍ വേസ്, പെന്‍പോട്ട്, പേഴ്‌സുകള്‍, ടേബിള്‍ മാറ്റ്, ഗ്ലാസ് പെയിന്റിങ്, അലങ്കാര തുന്നല്‍, കുട നിര്‍മാണം തുടങ്ങി ദിജിയുടെ സൃഷ്ടികള്‍ നയന മനോഹരം തന്നെ. മനോധൈര്യത്തിന്റെ പിന്‍ബലത്തില്‍ തന്നെ നോക്കി നെറ്റി ചുളിച്ചവര്‍ക്ക് ചിരിയിലൂടെ ദിജി മറുപടി നല്‍കി. ചക്രക്കസേരയില്‍ ഇരുന്ന് തന്റെ ജീവിതാനുഭവങ്ങളിലൂടെ സ്വയം ആര്‍ജിച്ച നേട്ടത്തിലൂടെ മാതൃക തീര്‍ത്ത ധീരവനിതയായി മാറിയിരിക്കുന്നയാണ് ദിജി ഇന്ന്. ചാലിശേരി സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടേയും, കുണ്ടുളളി കുട്ടിനാരായണന്‍ സ്മാരക സൗജന്യ ഫിസിയോ തെറാപ്പി സെന്ററിന്റെയും ജനറല്‍ കൗണ്‍സില്‍ അംഗമായി ദിജി പ്രവര്‍ത്തിക്കുന്നു.
ഭിന്നശേഷി ഡെ കെയറിന്റെ മുഖ്യ സംഘാടകയുമാണ്. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചാലിശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഉണര്‍വ് പുനരധിവാസ ക്യാംപിലും ദിജി സജീവമാണ്. കമ്പ്യൂട്ടര്‍ പഠനം, വായനയും, പരിശീലന ക്ലാസുകളുമായി തിരക്കുകളാണ് ദിജിക്കിപ്പോള്‍. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വനിത ശിശുക്ഷേമ വകുപ്പ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനാചരണത്തോടനുബന്ധിച്ച് പ്രതിസന്ധികളെ അതിജീവിച്ച ധീരവനിത ക്കുള്ള അവാര്‍ഡിന് ദിജിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."