പാലക്കാട്ടെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി
പാലക്കാട്: എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നത് സംബന്ധിച്ച പാലക്കാട്ടെ എ.ഐ.എ.ഡി.എം കെയില്‍ പൊട്ടിത്തെറി. തമിഴ്‌നാട് മാത്യകയില്‍ പാലക്കാടും ആലത്തൂരും എന്‍.ഡി.എ സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായും എന്‍.ഡി.എ സഖ്യത്തില്‍ അംഗമായതായും പ്രഖ്യാപിച്ച് എ.ഐ.ഡി.എം.കെ. ജില്ല പ്രസിഡന്റ് പി. മണികണ്ഠന്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
എന്നാല്‍ ജില്ല കമ്മിറ്റി ഇത്തരത്തില്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും തമിഴ്‌നാട്ടിലേത് പോലെ പാലക്കാട് എന്‍.ഡി.എ മുന്നണിക്ക് പിന്തുണ കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി ജില്ല സെക്രട്ടറി ബാലമുരളി പറഞ്ഞു. പാര്‍ട്ടി ചട്ടപ്രകാരം നയപരമായ കാര്യങ്ങള്‍ ജില്ല കമ്മിറ്റി കൂടി തീരുമാനിച്ച് പ്രഖ്യാപിക്കാനുള്ള അധികാരം ജില്ലാസെക്രട്ടറിക്കാണ്. ജില്ല പ്രസിഡന്റിന് നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമില്ലെന്നും സെക്രട്ടറി പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ ജില്ല കമ്മിറ്റിയില്‍ 38 പേരാണുള്ളത്. പ്രസിഡന്റ് മണികണ്ഠന്‍ എന്‍.ഡി.എക്ക് പിന്തുണ കൊടുക്കുന്നത് സംബന്ധിച്ച് വിളിച്ച വാര്‍ത്താസമ്മളനത്തില്‍ പാര്‍ട്ടിയുടെ മറ്റു ജില്ല കമ്മിറ്റി അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ബി.ജെ.പി ജില്ല പ്രസിഡന്റ് ഇ ക്യഷ്ണദാസിന് പുറമെ എ.ഐ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി. സമ്പത്തും സി.എ. ജോണി എന്നിവരാണ് ഉണ്ടായിരുന്നത്. എന്‍.ഡി. എ സ്ഥാനാര്‍ഥികളായ പാലക്കാട്ടെ സി. ക്യഷ്ണകുമാര്‍, ആലത്തൂരിലെ ടി. വി. ബാബു എന്നിവരെ പിന്തുണക്കുന്നത് സംബന്ധിച്ചാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ജില്ല പ്രസിഡന്റ് എടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം ജില്ല കമ്മിറ്റി അംഗങ്ങളും. ജില്ലയില്‍ ഏകദേശം 30,000 ത്തിലധികം വോട്ടുണ്ടെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് അവകാശപ്പെട്ടത്. കഴിഞ്ഞ തവണ ചിറ്റൂര്‍, നെന്‍മാറ, മലമ്പുഴ നിയമസഭ മണ്ഡലങ്ങളില്‍ എ.ഐ.ഡി.എം.കെ മത്സരിച്ചിരുന്നു. ചിറ്റൂരില്‍ 7500 വോട്ടുകളും മറ്റു രണ്ടിടങ്ങളിലുമായി 6000 ത്തോളം വോട്ടുകളുമാണ് ലഭിച്ചത്. മൂന്ന് പഞ്ചായത്ത് അംഗങ്ങളും അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടിക്കുണ്ട്.
എന്‍.ഡി.എയെ പിന്തുണക്കാനുള്ള തീരുമാനത്തിന് ജില്ല കമ്മിറ്റിയുടെ അംഗീകാരമില്ലെന്ന ജില്ല സെക്രട്ടറിയുടെ വാദം തെറ്റാണെന്ന് മണികണ്ഠന്‍ പറഞ്ഞു. ജില്ല സെക്രട്ടറി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്താത്ത ആളാണെന്നും ഭൂരിപക്ഷം അംഗങ്ങളും തീരുമാനത്തിന് അനുകൂലമാണെന്നും ജില്ല പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."