രാഹുലിനെ ഭയപ്പെടുന്നത് നെഹ്‌റുവിനെ കാസര്‍കോട്ട് മത്സരിക്കാന്‍ വെല്ലുവിളിച്ച എ.കെ.ജിയുടെ പാര്‍ട്ടി
രാഹുല്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത് എങ്ങനെ കാണുന്നു ?
സി.പി ജോണ്‍: വയനാട്ടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയൊരു ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ആ ഉണര്‍വ് സംസ്ഥാനത്താകെ പ്രതിഫലിക്കുന്നുണ്ട്. കേരളത്തിന് കിട്ടിയ വലിയ ഒരു അംഗീകാരം കൂടിയാണിത്. സി.പി.എമ്മിന്റെയോ സി.പി.ഐയുടെയോ ദേശീയനേതാക്കള്‍ പോലും അവരുടെ തട്ടകമായ കേരളത്തില്‍ വന്ന് മത്സരിക്കാറില്ല, ഉറപ്പായ സീറ്റുകളുണ്ടായിട്ടുപോലും. ആ സമയത്താണ് എ.ഐ.സി.സിയുടെ അധ്യക്ഷന്‍ കേരളത്തില്‍ മത്സരിക്കാനെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് 1980 മുതല്‍ കോണ്‍ഗ്രസ് ഈ പരീക്ഷണത്തിന് തുനിഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധി മരിക്കുമ്പോള്‍ തെലങ്കാനയിലെ മേധക് മണ്ഡലത്തില്‍ നിന്നുള്ള എം.പി ആയിരുന്നു. ഇന്ദിരാഗാന്ധി തിരിച്ചുവരവ് നടത്തിയതും കര്‍ണാടകയിലെ ചിക്മംഗലൂരില്‍ നിന്നാണ്. സോണിയാഗാന്ധി ബെല്ലാരിയില്‍ 1999ല്‍ മത്സരിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ ഇത് ആദ്യമായാണ് ദേശീയനേതാവ് മത്സരിക്കാനെത്തുന്നത്.
രാഹുലിന്റെ വരവ് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതെന്തുകൊണ്ട്?
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള സി.പി.എമ്മിന്റെ പ്രതികരണം അങ്ങേയറ്റം ദയനീയമാണ്. ഒരു പാര്‍ട്ടിയില്‍ ആര് മത്സരിക്കണമെന്നുള്ളത് ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് അവരുടെ രാഷ്ട്രീയ നിസ്സഹായാവസ്ഥയും ഭീതിയുമാണ് കാണിക്കുന്നത്. എ.കെ.ജി പാര്‍ലമെന്റില്‍ നെഹ്‌റുവിനോട് താങ്കള്‍ക്ക് കാസര്‍കോട്ട് തനിക്കെതിരേ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. കാസര്‍കോട്ട് മത്സരിക്കാന്‍ നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിയുടെ പാര്‍ട്ടി എന്തിനാണ് രാഹുല്‍ഗാന്ധിയെ കാണുമ്പോള്‍ പേടിക്കുന്നത് ദേശീയതലത്തില്‍ അവര്‍ക്കുണ്ടായ തകര്‍ച്ച കൂടിയാണ് ഇത് കാണിക്കുന്നത്. ബംഗാളും ത്രിപുരയും എന്നന്നേക്കുമായി അവര്‍ക്ക് നഷ്ടപ്പെട്ടു. രാജസ്ഥാനിലില്ല, അവരുടെ ശക്തികേന്ദ്രമായ പഞ്ചാബും നഷ്ടമായി.ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും വെപ്രാളമാണ് രാഹുലിന്റെ വരവില്‍ കേരളത്തില്‍ കാണുന്നത്.
കേരളത്തില്‍ യു.ഡി.എഫിന്റെ സാധ്യതയെ എങ്ങനെ വിലയിരുത്തുന്നു?
യു.ഡി.എഫിനു കേരളത്തില്‍ സാധ്യതയുണ്ട്. എന്നാല്‍ അമിത ആത്മവിശ്വാസവും പാടില്ല. ഇരുപതു സീറ്റുകളുംം നേടാനുള്ള സാധ്യതയുണ്ട്. പക്ഷെ മത്സരം ആമയും മുയലും തമ്മിലാണെങ്കിലും മുയല്‍ ഉറങ്ങിയാല്‍ മത്സരത്തില്‍ തോല്‍ക്കും. അതുകൊണ്ട് മുയല്‍ ഉറങ്ങാതിരിക്കണം. രാഹുല്‍ വന്നല്ലോ ഇനി ഉറങ്ങിയേക്കാം എന്നുകരുതരുത്. ചെറിയ ഒരു ശതമാനം മാത്രം വോട്ടുകള്‍ മാത്രമാണ് കേരളത്തില്‍ മറിയുന്നത്. ഇരുമുന്നണികള്‍ക്കും സ്‌പെയിസ് കേരളത്തിലുണ്ട്. 35 ശതമാനം വീതം വോട്ട് ഇരുമുന്നണികള്‍ക്കും കേരളത്തിലുണ്ട്. 10 ശതമാനം ബി.ജെ.പിക്കും കൊടുത്താല്‍ 80 ശതമാനമായി. ബാക്കി 20 ശതമാനം വോട്ടാണ് ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തരപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ?
സംസ്ഥാനസര്‍ക്കാരിന്റെ പ്രളയാനന്തരപ്രവര്‍ത്തനങ്ങള്‍ വന്‍പരാജയമാണ്. അത് സാരമായി തന്നെ തെരഞ്ഞെടുപ്പിനെ ബാധിക്കും. പ്രളയം ബാധിച്ച മിക്ക സ്ഥലങ്ങളിലേക്കും ആശ്വാസപ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടില്ല. ആദ്യഘട്ടത്തില്‍ പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നതില്‍പോലും അപാകതയുണ്ടായിരുന്നു. പഞ്ചായത്തീരാജിലൂടെയായിരുന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടിയിരുന്നത്.അതിനുപകരം റവന്യൂവകുപ്പിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചപ്പോഴാണ് ഇത്രയും പരാജയം നേരിടേണ്ടിവന്നത്. ഗ്രാമസഭാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീടുതകര്‍ന്നത് കണ്ടുപിടിക്കുന്നതിനുപകരം നാടും വീടും ഒന്നുമറിയാത്ത ഒരുപറ്റം ചെറുപ്പക്കാരെ മൊബൈല്‍ആപ്പും കൊടുത്ത് വീട് തകര്‍ന്നോ എന്ന് പരിശോധിക്കാന്‍ വിട്ടതാണ് വിനയായത്. എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ പ്രളയാനന്തര കെടുതിയുടെകണക്കെടുക്കാന്‍ വിട്ടപ്പോള്‍ കഴിഞ്ഞ 25കൊല്ലമായി ഏത് സര്‍ക്കാര്‍ ഭരിച്ചപ്പോഴും ശക്തമായി നിന്നിട്ടുള്ള പഞ്ചായത്തീരാജ് നോക്കുകുത്തിയായി. വീടുപണിതുകൊടുക്കുന്നത് പഞ്ചായത്തുകളാണെങ്കില്‍ ആ പണം പഞ്ചായത്തിനെ ഏല്‍പിക്കണമായിരുന്നു.
സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകുമോ തെരഞ്ഞെടുപ്പ്?
സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍കൂടിയാണ് തെരഞ്ഞെടുപ്പ്. ഈ സര്‍ക്കാരിനെ പിന്താങ്ങാനുള്ള മാനസികാവസ്ഥയുള്ളവര്‍ പോലും യു.ഡി.എഫിനു വോട്ട് ചെയ്യണമെന്നാണ് ഞങ്ങള്‍ പറയുന്നത്. കാരണം ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ലക്ഷ്യം. ഇവിടെ 85 ശതമാനം ജനങ്ങളും ബി.ജെ.പിക്ക് എതിരാണ്. ആ വോട്ടുകളില്‍ ഭൂരിഭാഗവും യു.ഡി.എഫിന് അനുകൂലമായി മാറുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ നിന്ന് പോകുന്ന സി.പി.എം എം.പിയും സി.പി.ഐ എം.പിയും വെറും നോക്കുകുത്തികളാണ്. വിശ്വാസപ്രമേയത്തിലോ ഇല്ലെങ്കില്‍ അവര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയത്തിലോ വോട്ട് ചെയ്യാനുള്ള അധികാരം മാത്രമേ അവര്‍ക്കുള്ളൂ. അവിടെയാണ് 2004ല്‍ രൂപീകരിച്ച യു.പി.എയുടെ പ്രസക്തി. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മിലുള്ള തര്‍ക്കമാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തിനു തടസ്സം. കാരാട്ടും പിണറായി പക്ഷവും ഒരു ഭാഗത്തും യെച്ചൂരി മറുഭാഗത്തുമാണ്. അന്ന് യു.പി.എ സംവിധാനം ഉണ്ടാക്കാനുള്ള തീരുമാനം സുര്‍ജിതും ജ്യോതിബസുവും എടുത്തതുപോലെ ഇന്നിവര്‍ എടുക്കുന്നില്ലല്ലോ.സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍ രാജ്യത്തിനുതന്നെ അപകടമായിരിക്കുകയാണ്. യെച്ചൂരിയുടെ ശക്തികേന്ദ്രമായ ബംഗാളില്‍ കോണ്‍ഗ്രസ് സി.പി.എം സഖ്യം കാരാട്ട് പക്ഷം പൊളിച്ചതുവഴി യെച്ചൂരിയെ ദുര്‍ബലനാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."