കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിയോടെ നടുത്തളത്തിലിരുന്നു
ഗുരുവായൂര്‍: നെന്മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കൗണ്‍സിലറോട് ആലോചിക്കാതെ നടത്തിയതില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ചെയര്‍പേഴ്സണ്‍ അനുമതി നിഷേധിച്ചത് ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തെ ബഹളത്തില്‍ മുക്കി. പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിരുന്നു. ഇതോടെ അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി യോഗം പിരിച്ചുവിട്ടു. ഇന്നലെ 10.30ന് സമയം നിശ്ചയിച്ച കൗണ്‍സില്‍ പതിവില്ലാതെ കൃത്യസമയത്തുതന്നെ തുടങ്ങി. യോഗം തുടങ്ങിയ ശേഷമാണ് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലിലെത്തിയത്. ഈ സമയം മേല്‍പ്പാലത്തിന് തുക അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് സി.പി.എമ്മിലെ എം. രതി കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല് ചര്‍ച്ചയായിരുന്നു. ഒരുമാസം മുമ്പ് മാത്രം അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊളിഞ്ഞ റോഡുകള്‍ നന്നാക്കിയില്ലെന്നാരോപിച്ച് യു.ഡി.എഫ് റോഡില്‍ റീത്ത് വെച്ചത് യു.ഡി.എഫിന്റെ നെഞ്ചത്താണ് വെക്കേണ്ടിയിരുന്നതെന്ന എല്‍.ഡി.എഫിലെ സുരേഷ് വാര്യരുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിന് തുടക്കം കുറിച്ചു. ബഹളത്തിനിടെ കോണ്‍ഗ്രസ് അംഗം പ്രിയ രാജേന്ദ്രനാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. ചെയര്മാന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിയോടെ നടുത്തളത്തിലിരുന്നെങ്കിലും അജണ്ടകള്‍ ഒറ്റയടിക്ക് വായിച്ച് പാസാക്കി ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."