നാലാണ്ടിന്റെ നിറവില്‍ രംഗവിലാസം ആര്‍ട്ട് ഗ്യാലറി
സ്വന്തംലേഖിക
തിരുവനന്തപുരം: നാലാണ്ടിന്റെ നിറവില്‍ രംഗവിലാസം ആര്‍ട്ട് ഗ്യാലറി. തിരുവിതാകൂര്‍ രാജ കുടുംബത്തിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള അപൂര്‍വ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ട്ട് ഗ്യാലറിയാണ് രംഗവിലാസം.
2012 ജൂണില്‍ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്തത്. പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗ്യാലറിയില്‍ ചെന്നാല്‍ രാജകുടുംബത്തില്‍ ചെന്ന പ്രതീതിയാണ്. രാജഭരണ കാലത്തെ ആചാരങ്ങളും, ആഘോഷങ്ങളും, കുടുംബാംഗങ്ങള്‍ അങ്ങനെ, കണ്ടാല്‍ അത്ഭുതം തോന്നുന്ന ചിത്രങ്ങളുടെ നീണ്ട നിര. 1839 -ല്‍ സ്വാതി തിരുനാള്‍ മഹാരാജാവാണു കൊട്ടാരം പണികഴിപ്പിച്ചത്. ആ കൊട്ടാരമാണ് നാല് വര്‍ഷം മുമ്പ് ഗ്യാലറിയാക്കിയത്.
ഇരു നിലകളുള്ള കൊട്ടാരത്തില്‍ മുഴുവനും ചിത്രങ്ങളാണ്. ക്ഷേത്ര പരിസരത്തു തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ ദിവസവും സന്ദര്‍ശകരുടെ വന്‍ തിരക്കാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ ഏറെയും. പൊതുജനങ്ങള്‍ക്കു ഇത്തരം ഒരു ആര്‍ട്ട് ഗ്യാലറിയെക്കുറിച്ചുളള അറിവു പരിമിതമായാതാണു സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിക്കാത്തതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
തിരുവിതാകൂറിന്റെ ചരിത്രം വിളിച്ചു പറയുന്ന ആര്‍ട്ട് ഗാലറിയില്‍ പൊതുജ്യൂങ്ങള്‍ക്കു പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയായിരുന്നു. മാധ്യമ ഫോട്ടോ ഗ്രാഫറര്‍മാരായ വില്യം ഡിക്രൂസ്, എന്‍.പി ഹരിഹരന്‍, എസ്.രാജന്‍, ബി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ എടുത്ത ചിത്രങ്ങളും ഗ്യാലറിയിലുണ്ട്. 200 ഓളം ചിത്രങ്ങളാണു ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കു പുറമെ കഥകളി ആടയാഭരണങ്ങളും ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജ ഭരണക്കാലത്തു അന്നദാനത്തിനുളള അച്ചാറുകള്‍ ഇട്ടു വച്ചിരുന്ന വലിയ ചീന ഭരണിയും സന്ദര്‍ശകര്‍ക്ക് കൗതുകമേകും.
ക്ഷേത്ര ദര്‍ശത്തിനു എത്തുന്ന രാജ കുടുംബം തങ്ങിയിരുന്നത് ഈ കൊട്ടാരത്തിലായിരുന്നു. രാജ ഭരണം അവസാനിക്കുകയും ജനാധിപത്യ ഭരണം ആരംഭിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ അഭ്യര്‍ഥനയെ തുടര്‍ന്നു 1965 മുതല്‍ കെഎസ്ആര്‍ടിയ്ക്കു വേണ്ടി കൊട്ടാരം വാടകയ്ക്കു നല്‍കി. 2005 നു ശേഷം കെഎസ്ആര്‍ടിയെ ഒഴിപ്പിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2012 ലാണു ഇത് ആര്‍ട്ട് ഗ്യാലറിയാക്കി മാറ്റിയത്.
1939 ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ തന്റെ വിമാന യാത്രയില്‍ പകര്‍ത്തിയ കിഴക്കേകോട്ടയുടെ ആകാശ ചിത്രമാണു ആര്‍ട്ട് ഗാലറിയില്‍ ആദ്യം കാണാന്‍ സാധിക്കുന്നത്. ശ്രീകൃഷ്ണ ലീലകളുടെ അപൂര്‍വ ചിത്രങ്ങള്‍, തിരുവിതാകൂര്‍ ഭരിച്ചിരുന്ന രാജാക്കന്‍മാരുടെ ചിത്രങ്ങളും, ശബരിമല, പദ്മനാഭ സ്വാമി ക്ഷേത്രം, ചാല മാര്‍ക്കറ്റിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രം തുടങ്ങി അപൂര്‍വ ചിത്രങ്ങളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
തിങ്കളാഴ്ച അവധി ദിനമാണ്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം രാവിലെ 9.30 മുതല്‍ 5.30 വരെയാണ് സന്ദര്‍ശക സമയം. ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നുവരെ ഗ്യാലറി അടച്ചിടും. 15 രൂപയാണു ഫീസ്. സന്ദര്‍ശകരെ സഹായിക്കാന്‍ രണ്ടു
ഗൈഡുകളും ആര്‍ട്ട് ഗാലറിയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."