പി.എസ്.സി ഓഫിസ് ഇനി മുതല്‍ 'ഇ- ഓഫിസ് '
കൊച്ചി: പി.എസ്.സിയുടെ എറണാകുളം ജില്ല, റീജിയണല്‍ ഓഫിസുകള്‍ ഇനി മുതല്‍ ഇ ഓഫിസുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ പേപ്പര്‍ രഹിത ഓഫിസ് എന്ന ആശയം അടിസ്ഥാനമാക്കി നടപ്പാക്കിയ പദ്ധതി പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ഉദ്ഘാടനം ചെയ്തു. കൃത്യതയിലും കാര്യക്ഷമതയിലും പദ്ധതി മുന്‍പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലാണ് കേരളത്തിലെ പി.എസ്.സി പ്രവര്‍ത്തിക്കുന്നത്. പി.എസ്.സിയുടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഇ ഓഫീസ് കേരളത്തിന്റേതാണ്. ആത്മാര്‍ഥതയുള്ള അഴിമതിയുടെ കറപുരളാത്ത ജീവനക്കാര്‍ തന്നെയാണ് കേരളത്തിലെ പി.എസ്.സി യുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഓഫിസില്‍ നിന്നും ഒരു കത്ത് ഇ ഓഫിസ് വഴി പട്ടത്തേക്കുള്ള ഓഫിസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഒരു കോടിയിലേറെ ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കുന്ന സ്ഥാപനമെന്ന നിലയില്‍ പി.എസ്.സി അവരുടെ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇ ഓഫിസ് ആശയം കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഇ ഓഫിസിന്റെ വരവോടെ നിലനിന്നിരുന്ന ഫയലുകള്‍ എല്ലാം മാറ്റുന്ന പ്രക്രിയ 25 ശതമാനം പൂര്‍ത്തീകരിച്ചു. ഇതുവഴി ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ ആരോഗ്യപരമായ അന്തരീക്ഷം കൂടി ലഭ്യമാകുന്നു. വളരെ എളുപ്പത്തില്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നു എന്നത് ഇഓഫീസിന്റെ പ്രത്യേകതയാണ്.
പരീക്ഷാ ഫലങ്ങള്‍ പോലെയുള്ള വളരെ രഹസ്യമായ കാര്യങ്ങള്‍ ഒഴികെ ബാക്കിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇഓഫീസ് വഴി നടപ്പാക്കാന്‍ വേണ്ടിയാണ് ഉദ്ദേശിക്കുന്നത്. അടുത്ത മാസത്തോടെ എല്ലാ ജില്ലാ ഓഫിസുകളുടെയും ഇ ഓഫിസ് ഉദ്ഘാടനം പൂര്‍ത്തിയാകും. പദ്ധതിയുടെ സമാപന പരിപാടികള്‍ മലപ്പുറത്ത് വച്ച് നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ഓഫീസര്‍ വി.എന്‍ ചന്ദ്രബാബു, മേഖലാ ഓഫിസര്‍ ഹരികൃഷ്ണന്‍ എം.എസ്, അഡീഷണല്‍ സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി എ. രവീന്ദ്രന്‍ നായര്‍, എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്യാമ കെ, മെമ്പര്‍മാരായ സിമ്മി റോസ്‌ബെല്‍ജോണ്‍, അഡ്വ.ഇ രവീന്ദ്രനാഥന്‍, ജി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."