രണ്ടാംഘട്ട പഠന ക്ലാസ്: സംസ്ഥാനതല ഉദ്ഘാടനം മെയ് ഒന്നിന്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടകര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് ഒന്നിന് ഉച്ചക്ക് 2ന് മലപ്പുറം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഹാളില്‍ ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. മെയ് 2 മുതല്‍ 23 വരെയുള്ള തിയതികളിലായി കേരളത്തിലെ മുഴുവന്‍ തീര്‍ഥാടകര്‍ക്കും പരിശീലനം നല്‍കും.
ഹജ്ജ് തീര്ഥാടകന് മക്കയിലെത്തി മടങ്ങുന്നത് വരെയുളള മുഴുവന്‍ കാര്യങ്ങളും രണ്ടാംഘട്ട പഠന ക്ലാസില്‍ വിശദീകരിക്കും.
മുംബൈയില്‍നിന്ന് പരിശീലനം സിദ്ധിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 49 ട്രെയിനര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക. റമദാന് നോമ്പ് കഴിഞ്ഞാല്‍ മൂന്നാംഘട്ട പരിശീലന ക്ലാസ് നല്‍കും.
45കിലോ തൂക്കം വരുന്ന ബാഗേജുകളാണ് ഹജ്ജിനു പോകുമ്പോഴും മടങ്ങിവരുമ്പോഴും അനുവദിക്കുക. ഇവ രണ്ടു ബാഗേജുകളായിട്ടായിരിക്കണം യാത്രക്കാര്‍ കൊണ്ടുവരേണ്ടത്. ഹാന്‍ഡ് ബാഗേജ് പത്ത് കിലോയില്‍ കൂടരുത്.
മെയ് ഒന്നിന് രാവിലെ 11.30ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചേരും. ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."