ഡല്‍ഹിക്ക് കറന്‍ടിച്ചു
മൊഹാലി: എട്ടു റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഡല്‍ഹി പഞ്ചാബിനോട് 14 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി. അനായാസം ജയിക്കാവുന്ന മത്സരം ഡല്‍ഹി പഞ്ചാബിന് മുന്നില്‍ അടിയറവ് വയ്ക്കുകയായിരുന്നു. 2.2 ഓവറില്‍ 11 റണ്‍സ് വഴങ്ങി ഹാട്രികോടെ നാല് വിക്കറ്റെടുത്ത സാം കറനാണ് ഡല്‍ഹിയെ തകര്‍ത്തത്. പഞ്ചാബിന് വേണ്ടി അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി.
17ാം ഓവറില്‍ ഋഷഭ് പന്ത് (26 പന്തില്‍ 39) പുറത്തായതോടെയാണ് ഡല്‍ഹിയുടെ പതനം തുടങ്ങുന്നത്. തൊട്ടുടത്ത പന്തില്‍ ക്രിസ് മോറിസും റണ്‍ഔട്ടായി മടങ്ങി. അടുത്ത ഓവറില്‍ പ്രതീക്ഷയായിരുന്ന ഇന്‍ഗ്രാമും മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.
ഹനുമ വിഹാരി (2), ഹര്‍ഷല്‍ പട്ടേല്‍ (0), കഗിസോ റബാഡ (0), സന്ദീപ് ലാമിച്ചൈന്‍ (0) ഡല്‍ഹി നിരയില്‍ അവസാന എട്ടു റണ്‍സ് ചേര്‍ക്കുന്നതി നി ടെ പുറത്തായ മറ്റുള്ളവര്‍.
പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹി കാപിറ്റല്‍സിന് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുന്‍പേ സൂപ്പര്‍ താരം പൃഥി ഷായെ നഷ്ടമായി. അശ്വിന്റെ ആദ്യ പന്ത് നേരിട്ട പൃഥി രാഹുലിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. ശിഖര്‍ ധവാന്‍-ശ്രേയസ് അയര്‍ സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ശ്രേയസ് അയ്യറിന്റെ വിക്കറ്റെടുത്ത് വില്‍ജോയന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു.
22 പന്തില്‍ 28 റണ്‍സെടുത്ത ശ്രേയസിനെ വില്‍ജോയന്‍ ബൗള്‍ഡക്കുകയായിരുന്നു. പിന്നീടെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ശിഖര്‍ ധവാനെ അശ്വിന്‍ എല്‍.ബിയില്‍ കുടുക്കി മടക്കി. 25 പന്തില്‍ 30 റണ്‍സാണ് ധവാന്‍ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിന് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ പഞ്ചാബിന് വേണ്ടി ഡേവിഡ് മില്ലര്‍ (30 പന്തില്‍ 43), സര്‍ഫറാസ് ഖാന്‍ (29 പന്തില്‍ 39), മന്‍ദീപ് സിങ് (21 പന്തില്‍ പുറത്താകാതെ 29) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ക്രിസ് ഗെയ്‌ലിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലിനൊപ്പം സാം കറനാണ് ഓപ്പണറായെത്തിയത്. ഇരുവരും മികച്ച തുടക്കം നല്‍കിയെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ രാഹുല്‍ എല്‍.ബിയില്‍ കുരുങ്ങി പുറത്തായത് കിങ്‌സ് ഇലവന് വിനയായി. 11 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 15 റണ്‍സെടുത്ത രാഹുലിനെ മോറിസ് ആണ് മടക്കിയത്.
പിന്നീടെത്തിയ മായങ്ക് അഗര്‍വാള്‍ പതിവിന് വിപരീതമായി പതുക്കെയാണ് കളി തുടങ്ങിയത്. മറുവശത്ത് സാം കറന്‍ അടിച്ചു തുടങ്ങിയെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സുള്ളപ്പോള്‍ കറനും മടങ്ങി. 10 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക് സും സഹിതം 20 റണ്‍സോടെയാണ് കറന്റെ മടക്കം. ഏഴാം ഓവറില്‍ മായങ്ക് അഗര്‍വാള്‍ റണ്‍ഔട്ടായി മടങ്ങിയതോടെ പഞ്ചാബ് വിയര്‍ത്തു. ഒന്‍പത് പന്തില്‍ ആറു റണ്‍സായിരുന്നു മായങ്ക് നേടിയത്.
58 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന്, നാലാം വിക്കറ്റില്‍ സര്‍ഫറാസ് ഖാന്‍-ഡേവിഡ് മില്ലര്‍ സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 40 പന്തുകള്‍ നീണ്ട കൂട്ടുകെട്ടില്‍ 62 റണ്‍സാണ് ഇരുവരും പഞ്ചാബ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 29 പന്തില്‍ ആറു ബൗണ്ടറി സഹിതം 39 റണ്‍സെടുത്ത സര്‍ഫറാസിനെ മടക്കി സന്ദീപ് ലാമിഷെയ്‌നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
30 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 43 റണ്‍സെടുത്ത മില്ലറിനെ മോറിസ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന് കളിച്ച മന്‍ദീപ് സിങ്ങാണ് പഞ്ചാബ് സ്‌കോര്‍ 160 കടത്തിയത്. മന്‍ദീപ് 21 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഹാര്‍ദൂസ് വില്‍ജോയന്‍ (ഒന്ന്), രവിചന്ദ്രന്‍ അശ്വിന്‍ (മൂന്ന്), മുരുകന്‍ അശ്വിന്‍ (ഒന്ന്), മുഹമ്മദ് ഷമി (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഡല്‍ഹി നിരയില്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസ് തിളങ്ങി. കാഗിസോ റബാദ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും സന്ദീപ് ലാമിഷെയ്ന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."