കോണ്‍ഗ്രസ് പ്രകടനപത്രിക കാണാന്‍ തള്ളിക്കയറ്റം; വെബ്‌സൈറ്റ് തകരാറിലായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറിലായി. ആളുകളുടെ തള്ളിക്കയറ്റം കാരണമാണ് വെബ്‌സൈറ്റ് ഡൗണായിപ്പോയത്.
ചൊവ്വാഴ്ച നേതാക്കള്‍ ചേര്‍ന്ന് പുറത്തിറക്കി നിമിഷങ്ങള്‍ക്കകം വെബ്‌സൈറ്റ് തകരാറിലാവുകയായിരുന്നു. 'ഹെവി ട്രാഫിക്ക്' ആണ് വെബ്‌സൈറ്റ് തകരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വൈകാതെ നന്നാക്കുമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
പ്രകടനപത്രിക പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി manifesto.inc.in എന്ന വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. ഈ വെബ്‌സൈറ്റാണ് ഇപ്പോള്‍ തകരാരിലായിരിക്കുന്നത്.
തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും മുഖ്യവിഷയമാക്കിയാണ് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. സാമ്പത്തികഭദ്രതയും രാജ്യക്ഷേമവുമാണ് പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പ്രധാനപ്രശ്‌നങ്ങള്‍ പ്രചാരണമുഖ്യധാരയില്‍ എത്തിക്കുമെന്നും തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങാന്‍ പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, എ.കെ ആന്റണി എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.
മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള പ്രത്യേക വികസന പദ്ധതി, ജി.എസ്.ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ങിയവയും പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. പ്രകടനപത്രിക സത്യസന്ധമാണെന്നും ജനങ്ങളുടെ ശബ്ദമാണ് ഇതില്‍ നിഴലിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഉല്‍പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് പത്രിക പുറത്തിക്കിയ ശേഷം ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും 7.70 കോടി ജോലിയാണ് മോദി സര്‍ക്കാരിനു കീഴില്‍ നഷ്ടപ്പെട്ടതെന്നും പി.ചിദംബരവും പറഞ്ഞു. പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുന്നോടിയായി ലക്ഷ്യങ്ങള്‍ അക്കമിട്ടു നിരത്തിയുള്ള വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."