അഴിമതി റിലയന്‍സ് കേബിളിലൂടെയും?
നിലമ്പൂര്‍: നഗരസഭയിലെ ഉദ്യോഗസ്ഥ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്നു. റിലയന്‍സിന് കേബിള്‍ സ്ഥാപിക്കാന്‍ നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ മുന്‍കൂര്‍ അനുമതി നല്‍കിയതിലൂടെയാണ് അഴിമതിയുടെ കണക്കുകള്‍ പുറത്തുവരുന്നത്. ആരെല്ലാം റിലയന്‍സില്‍നിന്നു പണം കൈപ്പറ്റിയിട്ടുണ്ടെന്ന രഹസ്യാന്വേഷണവും ഒരു വിഭാഗം നടത്തിവരികയാണ്.
ഉദ്യോഗസ്ഥ അഴിമതി പകല്‍പോലെ വ്യക്തമായിട്ടും ഇവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ സി.പി.ഐ ഒഴികെ നിലമ്പൂര്‍ മേഖലയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ജനപ്രതിനിധി പോലും മുന്നോട്ടുവരുന്നില്ലെന്നും ആരോപണമുണ്ട്.
കരാര്‍ പ്രവൃത്തികളുടെ മറവിലാണ് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായ ശതമാന നിരക്കില്‍ കരാറുകാരില്‍നിന്നു തുക ഈടാക്കുന്നത്.
ലക്ഷത്തിന് 15,000 എന്ന നിരക്കിലാണ് കരാറുകാര്‍ ഉദ്യോഗസ്ഥര്‍ക്കു കിമ്പളം നല്‍കേണ്ടത്. അല്ലാത്തപക്ഷം അവര്‍ നടത്തുന്ന പ്രവൃത്തികളുടെ ബില്ലുകള്‍ മാറിയെടുക്കുന്നത് ഏറെ ശ്രമകരമാകും.
നഗരസഭയില്‍ നടക്കുന്ന ഉദ്യോഗസ്ഥ അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ ഇതെല്ലായിടത്തും പതിവാണെന്ന മറുപടിയാണ് ജനപ്രതിനിധികളില്‍നിന്നുപോലും ഉണ്ടാകുന്നത്. കമ്മിഷന്‍ വ്യവസ്ഥയില്‍ തുക കൂടുതല്‍ ലഭിച്ചാല്‍ നഗരസഭാ ചട്ടങ്ങള്‍ മറികടന്നു കെട്ടിടങ്ങള്‍ നിര്‍മിക്കാനും പാടം നികത്തി കെട്ടിടം നിര്‍മിക്കാനും റോഡരികില്‍ അകലം പാലിക്കാതെ കെട്ടിടങ്ങള്‍ നിര്‍മിക്കാനും അനുമതിക്കു പ്രയാസമുണ്ടാകില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചന്തക്കുന്ന് മുതല്‍ നിലമ്പൂര്‍വരെയുള്ള റോഡരികുളില്‍പോലും ഇത്തരം കെട്ടിടങ്ങള്‍ ഉയര്‍ന്നതും ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നതും കാണാന്‍കഴിയും.
ഓരോ മാസവും ശമ്പളത്തെക്കാള്‍ കൂടുതല്‍ കിമ്പളം വീട്ടില്‍ കൊണ്ടുപോവാന്‍ കഴിയുന്ന അവസ്ഥ സംജാതമായതോടെ അഴിമതിക്കു കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉദ്യോഗസ്ഥര്‍തന്നെ ചുക്കാന്‍പിടിക്കുകയാണ്.നഗരസഭയ്ക്കു കീഴിലെ പൊതുമരാമത്ത് കരാറുകാരില്‍ ചിലര്‍ തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന ആവശ്യവുമായാണ് ഉദ്യോഗസ്ഥരുടെ ശതമാനം തിരിച്ചുള്ള വ്യക്തമായ അഴിമതിക്കഥകള്‍ വിവരിക്കുന്നത്.ഇത്തരം ഉദ്യോഗസ്ഥരുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക സ്രോതസ് വിജിലന്‍സ് ഉള്‍പ്പെടെയുള്ള വിഭാഗം അന്വേഷിച്ചാല്‍തന്നെ പുറത്തു കൊണ്ടുവരാന്‍കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."