ഇംഗ്ലീഷ് ചാനലില്‍ സ്വീഡന് മുങ്ങി
മോസ്കോ: ഇംഗ്ലീഷ് ഫുട്ബോളിന്റെ പെരുമ കാണിച്ച ഇംഗ്ലണ്ടിന് വീണ്ടും ജയം. എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 28 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഇന്നലത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് പൂര്‍ണമായും സ്വീഡനുമേല് ആധിപത്യം പുലര്‍ത്തിയായിരുന്നു ജയം സ്വന്തമാക്കിയത്. പന്ത് കൈയില്‍ കിട്ടിയപ്പോഴെല്ലാം ഇംഗ്ലീഷ് മുന്നേറ്റ നിര സ്വീഡന് ഗോള്‍കീപ്പറെ പരീക്ഷിച്ച് കൊണ്ടിരുന്നു. മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ഇംഗ്ലണ്ട് ആദ്യം തന്നെ സ്വീഡന് മുന്നില്‍ ഭീഷണിയായി നിന്നു. 30ാം മിനുട്ടില്‍ ഇംഗ്ലണ്ടിന് ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്.
ബോക്സിലേക്ക് ഉയര്‍ന്ന് വന്ന പന്തിനെ ഇംഗ്ലണ്ട് താരം ഹാരി മകൗരെ പവര്‍ ഹെഡറിലൂടെ വലയിലെത്തിച്ചു. ഗോള്‍ മടക്കാന്‍ സ്വീഡന് ഇംഗ്ലീഷ് ഗോള്‍ മുഖത്ത് നിരന്തരം ശ്രമം നടത്തിക്കൊണ്ടേയിരുന്നു. ഒരു ഗോളിന്റെ ലീഡുമായി ഇംഗ്ലണ്ട് ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷം തിരിച്ചെത്തിയ ഇംഗ്ലണ്ട് മധ്യനിരയിലും മുന്നേറ്റനിരയിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്നു. ഹാരി കെയ്ന്‍, റഹീം സ്റ്റെര്‍ലിങ്, ലിംഗാര്‍ഡ്, ഡെലി അലി എന്നിവര്‍ നിരന്തരം സ്വീഡിഷ് ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. 58-ാം മിനുട്ടില്‍ സ്വീഡിഷ് ബോക്സിന്റെ വലത് ഭാഗത്ത് നിന്ന് സിക്സ് യാര്‍ഡ് ബോക്സിലേക്ക് ലിംഗാര്‍ഡ് നല്കിയ പാസ് കൃത്യമായ ഹെഡറിലൂടെ ഡെലി അലി വലയിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് രണ്ട് ഗോളിന്റെ ലീഡ് നേടി. 80മിനുട്ടുകള്‍ക്ക് ശേഷം സ്വീഡന് താരങ്ങളെ മാറ്റിപ്പരീക്ഷിച്ച് ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരീക്ഷണം വിജയം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."