ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണം സാധ്യമോ?
ഇന്ത്യയുടെ വടക്കു ഭാഗത്തായും ചൈനീസ് അതിര്‍ത്തിയുടെ തെക്കുപടിഞ്ഞാറിലും നിലകൊള്ളുന്ന ഗാല്‍വന്‍ താഴ്‌വരയില്‍ പരസ്പരം നടത്തിയ ഏറ്റുമുട്ടല്‍ ഏഷ്യയിലെ വന്‍ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തെ വീണ്ടും ലോക ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ്. കൊവിഡ് കൈകാര്യ പിഴവിനെതിരേ ആഗോളതലത്തില്‍ വലിയ വിമര്‍ശനവും ഒറ്റപ്പെടലുമാണ് ചൈന നേരിടുന്നത്. ഹോങ്കോങ്ങിലെ തദ്ദേശീയരായ പ്രക്ഷോഭകാരികള്‍ക്കെതിരേ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നതും വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ഇന്ത്യയുമായും ചൈന പ്രകോപനത്തിന് ശ്രമിക്കുന്നത്. ചൈനക്കെതിരായ ലോകത്തിന്റെ എല്ലാ പ്രതിഷേധങ്ങളും അവരുടെ ഉല്‍പന്ന ബഹിഷ്‌കരണത്തില്‍ കലാശിക്കാറാണ് പതിവ്. കാരണം ലോകത്തെ മൊത്തം കയറ്റുമതിയുടെ 12 ശതമാനത്തിലധികം കൈയടക്കിയിരിക്കുന്നത് ചൈനീസ് നിര്‍മ്മിത സാമഗ്രികളാണ്. ഇരുപത് സൈനികര്‍ രക്തസാക്ഷികളായതോടു കൂടി ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണത്തിനായുള്ള വലിയ മുറവിളികളാണ് ഭാരതത്തിലുടനീളം ഉയരുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നായ ടിക് ടോക് ദിനംപ്രതി ആയിരങ്ങളാണ് ഉപേക്ഷിക്കുന്നത്. ടിക് ടോക് ചൈനീസ് നിര്‍മ്മിതമാണ്. ആപ്പുകളുള്‍പ്പെടെയുള്ളവ ബഹിഷ്‌കരിക്കാനായി സംഘടിതമായ ആഹ്വാനങ്ങളാണ് ഉയരുന്നത്. എന്നാല്‍ തുടര്‍ന്നുവരുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാന്‍ രാജ്യത്തിന് സാധിക്കുമോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ചൈനീസ് കുതിപ്പ്
ജനസംഖ്യയില്‍ ഒന്നാമതും ഭൂവിസ്തൃതിയില്‍ മൂന്നാം സ്ഥാനവും കൈയാളുന്ന ചൈന 1980നു ശേഷം സമഗ്രമായ ആസൂത്രണവും കര്‍ശനമായ അച്ചടക്കവും കൈമുതലാക്കി വ്യവസായ, ഉല്‍പാദന രംഗങ്ങളില്‍ നടത്തിയ കുതിച്ചു ചാട്ടം യക്ഷിക്കഥകള്‍ക്കു സമാനമാണ്. വിലയും ഗുണ നിലവാരവും കുറഞ്ഞ അസംസ്‌കൃത വസ്തുക്കളും നിര്‍ബന്ധിത തൊഴില്‍ അന്തരീക്ഷവും ചൈനക്ക് റെക്കോര്‍ഡ് ഉല്‍പാദനം സാധ്യമാക്കിക്കൊടുത്തു. തുച്ഛമായ വില നിര്‍ണ്ണയം വഴി വിപണിയുടെ സമഗ്രാധിപത്യവും ക്രമേണെ വരുതിയിലായി. വിലക്കുറവ് ഉറപ്പു വരുത്താന്‍ നടത്തുന്ന വിട്ടുവീഴ്ചകള്‍ മൂലം പലപ്പോഴും ഉപഭോക്താക്കളുടെ സംതൃപ്തിയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ പിറകില്‍ പോയി. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാവെ, ലെനോവ തുടങ്ങി മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ചൈനയുടേതായുണ്ട്.
അനിയന്ത്രിതമായ വ്യവസായ മുന്നേറ്റത്തിന് ചൈനയുടെ വിണ്ണും മണ്ണും ജനതയും വലിയ വില നല്‍കേണ്ടിവരുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ കണക്കു പ്രകാരം 55 കോടി ചൈനീസ് നഗര ജനതക്ക് ശുദ്ധവായു ലഭ്യമല്ല. 50 കോടി പൗരന്‍മാര്‍ക്ക് ശുദ്ധജലം അന്യമാണ്. ലോകബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത് അന്തരീക്ഷ മലിനീകരണം വഴി 11 ലക്ഷം പേരും, ജലമലിനീകരണം നിമിത്തം 7 ലക്ഷം പേരും പ്രതിവര്‍ഷം മരണമടയുന്നുവെന്നാണ്. 350 മില്യണ്‍ ടണ്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്ന ചൈനയുടെ ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമി മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ക്രോമിയം, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ ആധിക്യത്താല്‍ മലിനമാണ്. ചൈനയുടെ ഏറ്റവും മരണകാരണമായ രോഗം അര്‍ബുദമാണ്.
ബഹിഷ്‌കരണം
കൊവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയുടെ നേതൃത്വത്തിലും അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യയിലും ശക്തമായ ചൈന ബഹിഷ്‌കരണത്തിന് മറ്റു ചില രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ കൂടിയുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മൃഗങ്ങളോടുള്ള ക്രൂരതയും മതവിശ്വാസങ്ങളോട് വെച്ചു പുലര്‍ത്തുന്ന കടുത്ത അസഹിഷ്ണുതയും ചൈനയെ ലോകത്തിനു മുന്നില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഷിന്‍ജിയാങ് പ്രവിശ്യയിലെ തൊഴില്‍രംഗത്തെ അടിമവ്യവസ്ഥിതിയില്‍ പ്രതിഷേധിച്ച് പരുത്തിയുടെ ഇറക്കുമതി 2019ല്‍ ആസ്‌ത്രേലിയ അവസാനിപ്പിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് വിതരണക്കാരായ ചൈന മൊബൈലിനെയും, ചൈനീസ് ടെലികോമിനെയും നിരോധിച്ച ട്രംപ് ഭരണകൂടം വാവെ, സെഡ്.ടി.ഇ തുടങ്ങിയ ചൈനീസ് കുത്തകകളെ കരിമ്പട്ടികയില്‍പെടുത്തി. 2020 മെയ് സര്‍വേ പ്രകാരം 40 ശതമാനം യു.എസ് പൗരന്‍മാരും 49 ശതമാനം ബ്രിട്ടിഷുകാരും ചൈനീസ് ഉല്‍പന്നങ്ങളില്‍നിന്ന് ബോധപൂര്‍വം വിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ശക്തമാകുന്ന ചൈനീസ് വിരുദ്ധ വികാരം കൂടി ഇതിനോട് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ചൈനക്ക് മുന്നില്‍ കാര്യങ്ങള്‍ ഒട്ടും പന്തിയല്ല.
ഇറക്കുമതി
2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 4.25 ലക്ഷം കോടി രൂപയുടേതാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനമാണിത്. 80 ശതമാനം വരുന്ന ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഔഷധ രംഗത്തെ 68 ശതമാനം ഇറക്കുമതിയും ചൈനയില്‍നിന്നാണ്. വാഹന വ്യവസായത്തിന്റെ 24 ശതമാനവും ഇലക്ട്രോണിക്‌സ് രംഗത്തെ 60 ശതമാനവും ഇറക്കുമതിയും ചൈന വഴി നിര്‍വഹിക്കപ്പെടുന്നു. സോളാര്‍ ഉല്‍പന്നങ്ങളുടെ 90 ശതമാനവും എയര്‍ കണ്ടീഷന്‍ സാമഗ്രികളുടെ 40 ശതമാനവും ചൈനയില്‍നിന്ന് വരുന്നു. 50 കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 73 ശതമാനവും കൈയടക്കിവച്ചിട്ടുള്ളത് സിയോമി, ഒപ്പോ, റിയല്‍മി, വിവോ തുടങ്ങിയ ചൈനീസ് ഭീമന്‍മാരാണ്. ഇന്ത്യയിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി, സോഫ്റ്റുവെയര്‍, ഇ - കൊമേഴ്‌സ് മുതല്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ സാമഗ്രികളില്‍വരെ ചൈന ആധിപത്യം പുലര്‍ത്തുന്നു. ഇന്ത്യയുടെ ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പുകളിലെ 60 ശതമാനത്തിലും മുതല്‍ മുടക്കിയിട്ടുള്ളത് ചൈനയാണ്.
ബൈജൂസ്, സൊമാട്ടോ, ഓല കാബ്‌സ്, ഫ്‌ലിപ്കാര്‍ട്ട് മുതലായ കമ്പനികളുടെ പ്രധാന നിക്ഷേപകര്‍ ആലിബാബ, ടെന്‍സന്റ് തുടങ്ങിയ ചൈനീസ് കുത്തകകളാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനക്ക് എച്ച്.ഡി.എഫ്.സിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ ചൈനീസ് മൂലധന നിക്ഷേപം രണ്ട് ലക്ഷം കോടി കവിഞ്ഞപ്പോള്‍ എഫ്.ഡി.ഐ നിബന്ധനകളില്‍ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പേടിഎമ്മില്‍ സിംഗപ്പൂര്‍ മേല്‍വിലാസത്തില്‍ നിക്ഷേപം നടത്തിയാണ് ആലിബാബ നിയമത്തെ മറികടന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നിയമമുണ്ടാക്കുകയും അവ ലംഘിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണ നേതൃത്വം നമ്മെ ലജ്ജിപ്പിക്കുന്നു.
ഇന്ത്യന്‍ കയറ്റുമതി
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം ചൈനയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഒരു ലക്ഷത്തി എണ്ണായിരം കോടി രൂപയുടേതാണ്. ഇന്ത്യയുടെ ഒരു വര്‍ഷത്തെ മൊത്തം കയറ്റുമതി 34 ലക്ഷം കോടി വരുന്നുണ്ട്. ധാതു അയിരുകള്‍, ലോഹക്കൂട്ട്, ഓര്‍ഗാനിക് രാസവസ്തുക്കള്‍, മിനറല്‍ ഇന്ധനങ്ങള്‍, എണ്ണ, ആഷ് എന്നിവയാണ് പ്രധാനമായി ഇന്ത്യ ചൈനക്ക് നല്‍കുന്നത്. മൂന്ന് ലക്ഷം കോടിയുടെ വ്യാപാര കമ്മിയാണ് ചൈനയുമായി ഇന്ത്യയ്ക്കുള്ളത്.
നിയന്ത്രണങ്ങള്‍, പ്രത്യാഘാതങ്ങള്‍
ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്താന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇതോടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് വില ഉയര്‍ന്ന് വിപണി പൊള്ളാന്‍ തുടങ്ങും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഉപഭോക്തൃ സാമഗ്രികളുടെ നിര്‍മ്മാണ ചെലവ് വര്‍ധിക്കും. കൂടിയ വിലയുടെ ഭാരം കോര്‍പറേറ്റുകളും സര്‍ക്കാറും പൊതുജനത്തിന്റെ ചുമലില്‍ കെട്ടിവയ്ക്കാനാണ് സാധ്യത. 370 ചൈനീസ് ഇറക്കുമതി ഇനങ്ങള്‍ക്ക് ഗുണനിലവാര പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വളം, ഫാര്‍മ, പേപ്പര്‍, ഫര്‍ണിച്ചര്‍, ഗ്ലാസ്, മെറ്റല്‍, കളിപ്പാട്ടം മുതല്‍ ഖനന യന്ത്രസാമഗ്രികള്‍ വരെ പട്ടികയിലുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റര്‍നെറ്റ് ട്രേഡ് ഉത്തരവിലൂടെ മുഴുവന്‍ ഇ - കൊമേഴ്‌സ് കമ്പനികളോടും ഉല്‍പാദക രാജ്യങ്ങളുടെ വിവരങ്ങള്‍ ഉപഭോക്താക്കളോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനീസ് ഇറക്കുമതി നിയന്ത്രണം ഇന്ത്യയുടെ കോര്‍പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകളുടെ നട്ടെല്ലൊടിക്കാന്‍ കാരണമാകും. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ ബാഹ്യ വൈകാരിക പ്രകടനങ്ങള്‍ക്കപ്പുറം ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ മോദി സര്‍ക്കാര്‍ തയാറാവില്ല. മതിയായ സമാന്തര മുന്‍കരുതലുകളെടുക്കാതെ തിടുക്കപ്പെട്ട് ചൈനീസ് ബഹിഷ്‌കരണവുമായി മുന്നോട്ടുപോകുന്നത് ദുരന്തമായിരിക്കും. നിലവിലുള്ള ചൈനീസ് സാന്നിധ്യം പകുതിയായി കുറഞ്ഞാല്‍ പോലും രണ്ടര ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുമെന്നാണ് അനുമാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."