ഓണ്‍ലൈന്‍ പഠനത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടും
കൊണ്ടോട്ടി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങളും ആവശ്യമായ സാമഗ്രികളും വാങ്ങാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട് ചെലവഴിക്കാന്‍ അനുമതി. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എത്തിക്കാനും പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കാനുമാണ് ഫണ്ട്. അംഗനവാടി, ലൈബ്രറി പട്ടിക ജാതി കോളനിയിലെ സാംസ്‌കാരിക നിലയങ്ങള്‍ തുടങ്ങിയവയില്‍ ടെലിവിഷന്‍ സ്ഥാപിച്ച് ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കാം. നേരത്തെ ഫണ്ടിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വട്ടംകറങ്ങുകയായിരുന്നു.
പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന മുറി നിര്‍മിക്കുമ്പോള്‍ വയറിംങിന് 9100 രൂപ നിജപ്പെടുത്തി. 100 ചതുരശ്ര അടിയില്‍ കൂടാത്ത പഠന മുറി രണ്ടു ലക്ഷത്തില്‍ പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം.
തനത് ഫണ്ട്, പ്ലാന്‍ഫണ്ട്, മെയിന്റനസ് ഫണ്ട് എന്നിവയാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്. ഇതില്‍ തനത് ഫണ്ട് മാത്രമാണ് അവശ്യഘട്ടങ്ങളില്‍ ചെലവഴിക്കാന്‍ സാധ്യമാകുന്നത്. നികുതി പിരിവില്‍നിന്നുള്ള വരുമാനമാണ് തനത് ഫണ്ട്. പ്ലാന്‍ഫണ്ട് മുന്‍കൂട്ടി പദ്ധതികള്‍ തയാറാക്കി ജില്ലാ പ്ലാനിംങ് കമ്മിറ്റിയുടെ അംഗീകാരം നേടിയാല്‍ മാത്രമെ ചെലവഴിക്കാനാകൂ. മെയിന്റനസ് ഫണ്ട് കെട്ടിടങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."