നിയമ പോരാട്ടം ഫലം കണ്ടു കര്‍ഷകന്റെ വീടിനു പിന്നിലെ മണ്ണു നീക്കി
പേരാമ്പ്ര:ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പറമ്പില്‍ ഭാഗത്തെ കര്‍ഷകന്‍ പടിയറ ചെറിയാന്റെ വീടിനു പിന്നിലെ ഇടിച്ചിട്ട മണ്ണ് മാസങ്ങള്‍ക്കു ശേഷം നീക്കി. വീടിനു പിന്നില്‍ സ്ഥല സൗകര്യമുണ്ടാക്കുന്നതിനാണ് മണ്ണിടിച്ചത്.
ഇടിച്ച മണ്ണ് ചെറിയാന്റെ പറമ്പിലൂടെയുള്ള വഴിയില്‍ ഇടുന്നത് അയല്‍വാസികളില്‍ ചിലര്‍ തടഞ്ഞു. വഴിഭാഗം റവന്യു ഭൂമിയാണെന്നായിരുന്നു ഇവരുടെ വാദഗതി. പ്രാദേശിക സി.പി.എം കമ്മിറ്റി ചെറിയാനെതിരേ ബാനര്‍ സ്ഥാപിച്ചു കൊടി കുത്തുകയും ചെയ്തു.
വീടിനു പിന്നിലെ മണ്‍കൂന മാറ്റാന്‍ കഴിയാത്ത ചറിയാന്‍ നേരിടുന്ന പ്രശ്‌നം നേരത്തെ വാര്‍ത്തയായിരുന്നു. വിഷയം കൊയിലാണ്ടി താലൂക്ക് വികസന സമിതിയുടെ പരിഗണനക്കു വരികയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. ഇതിനിടയില്‍ കര്‍ഷക കോണ്‍ഗ്രസ് ചെമ്പനോട വില്ലേജ് ഓഫിസിനു മുന്‍പില്‍ സമരം നടത്തുകയും ചെയ്തു. തുടര്‍ന്നു താലൂക്കു സര്‍വേയര്‍ സ്ഥലം അളന്നു റവന്യു ഭൂമി ഭാഗം തിട്ടപ്പെടുത്തി കുറ്റിയിട്ടു. ചെറിയാന്റെ സ്ഥലത്തിനുള്ളിലൂടെ തോടു കടന്നു പോകുന്നുണ്ട്.
ഇത് റവന്യുഭൂമിയാണെന്നായിരുന്നു പരാതിക്കാരുടെ വാദഗതി. വെള്ളച്ചാല്‍ കുന്നില്‍ നിന്നു ഉല്‍ഭവിച്ചു കുറ്റ്യാടിപ്പുഴയിലെത്തിച്ചേരുന്നതാണ് തോട്.
ഇതിന്റെ പല ഭാഗങ്ങളും റവന്യം ഭൂമിയാണെന്നാണ് നിഗമനം. ചെറിയാന്റെ കൃഷിയിട ഭാഗത്തെ റവന്യു ഭൂമി സര്‍വ്വേയില്‍ കണ്ടെത്തി. നേരത്തെ മണ്ണിടാന്‍ ശ്രമിച്ച വഴിഭാഗം ചെറിയാന്റെ കുടുംബത്തിന്റേതാണെന്നു അളവില്‍ ബോധ്യമായി.
ഇതോടെയാണ് വീടിനു പിന്നിലെ മണ്ണ് നീക്കിയത്. അത് വഴിയില്‍ തന്നെയിട്ട് നിരപ്പാക്കി. അതേ സമയം വെള്ളച്ചാല്‍ മുതല്‍ കുറ്റ്യാടിപ്പുഴ വരെയുള്ള തോട് ഭാഗം പൂര്‍ണ്ണമായി അളക്കണമെന്നായിരുന്നു കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
റവന്യൂ അധികൃതര്‍ സമ്മതിച്ചെങ്കിലും നടപ്പിലായിട്ടില്ല. തൊട്ടടുത്ത മറ്റൊരു ദിവസം എത്താമെന്നു പറഞ്ഞു പോയ അധികൃതരും സര്‍വ്വേയര്‍മാരും പിന്നീട് വന്നില്ല. ചെറിയാനുമാത്രം സ്ഥല നഷ്ടമുണ്ടാക്കുന്ന നയമാണിത്. തോട് ഉള്‍പ്പടെ സ്ഥലമുള്ള പലര്‍ക്കും ഇവിടെ വന്‍ തോതില്‍ റവന്യം ഭൂമിയുണ്ടെന്നാണ് സൂചന.
ചെറിയാനെതിരേ കൊടികുത്തിയ ഭരണ കക്ഷി തുല്യ നീതി നടപ്പാക്കുന്നതില്‍ അലംഭാവം പുലര്‍ത്തുകയാണെന്നു ഇതിനിടയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."