സിസ്റ്റര്‍ ലൂര്‍ദ് പെരേരക്ക് നാടിന്റെ അന്ത്യാഞ്ജലി
ഫറോക്ക്: ഇന്ത്യയില്‍ വെനെറനി സന്യാസസഭ സ്ഥാപിച്ച സിസ്റ്റര്‍ ലൂര്‍ദ് പെരേരക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള നൂറുകണക്കിനാളുകളുടെ അന്ത്യാജ്ഞലി. കരിങ്കല്ലായി വെനെറിനി ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അക്ഷര ദീപത്തിനു തിരി തെളിയിച്ച സിസ്റ്ററെ അവസാനമായി ഒരു നോക്കു കാണാന്‍ ശിഷ്യഗണങ്ങളടക്കം നിരവധി പേരാണ് ഇന്നലെ ചെറുവണ്ണൂരിലെ കോണ്‍വെന്റിലെത്തിയത്.
1972ലാണ് സിസ്റ്റര്‍ ലൂര്‍ദ് ഇറ്റലിയിലെ വെനെറിനി സന്യാസ സഭയില്‍ അംഗമായത്. സിസ്റ്റര്‍ മറ്റു മൂന്നു വിദേശികളായ സിസ്റ്റര്‍മാര്‍ക്കൊപ്പം 1974ല്‍ ഇന്ത്യയിലെത്തി. അന്നത്തെ കോഴിക്കോട് രൂപത ബിഷപ് ആല്‍ദോ മരിയ പത്രോണിയാണ് ഇവരെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ചെറുവണ്ണൂര്‍ മേഖലയിലേക്ക് അയച്ചത്. അങ്ങനെയാണ് സിസ്റ്റര്‍ ലൂര്‍ദ്ദിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ വെനെറിനി സഭ ചെറുവണ്ണൂരില്‍ സ്ഥാപിതമായത്.
അവര്‍ പിന്നീട് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കുകയും പൊതുജനങ്ങളുടെ ആവശ്യമനുസരിച്ച് ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂര്‍ മേഖലയില്‍ പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനു ഊന്നല്‍ നല്‍കുന്നതിനായി വെനെറിനി സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. അതായിരുന്നു പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കു മാത്രമായിട്ടുള്ള ആദ്യത്തെ സ്കൂള്‍. എം.കെ രാഘവന് എംപി, എം.എല്‍.എമാരായ എം.കെ മുനീര്‍, വി.കെ.സി മമ്മദ്കോയ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ കോണ്‍വെന്റിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."