'റാലിക്ക് ആളെക്കൂട്ടാന്‍ ഇക്കണ്ട പണം മുഴുവന്‍ പാഴാക്കുന്നതെന്തിനാ ഔട്ട് ഗോയിങ് സര്‍ജീ'- മോദിയെ പരിഹസിച്ച് ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കണക്കിന് കളിയാക്കുന്ന ട്വീറ്റ് പരമ്പരയുമായി നടനും ലോക്സഭാംഗവുമായ ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.
'പുറത്തുപോകുന്ന ബഹുമാനപ്പെട്ട സര്‍ജി (honble outgoing Sirji)' എന്ന് വിശേഷിപ്പിച്ചാണ് ട്വീറ്റ്. ഏതായാലും പുറത്തു പോവാനുള്ളതല്ലേ പിന്നെന്തിനാണ് പരിപാടികളില്‍ ആളെക്കൂട്ടാന്‍ ഇക്കണ്ട പണം മുഴുവന്‍ ചെലവാക്കുന്നതെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ ചോദ്യം. മോദിയുടെ പ്രസംഗത്തേയും തന്റെ ട്വീറ്റ് പരമ്പരയില്‍ സിന്‍ഹ കണക്കറ്റു പരിഹസിക്കുന്നുണ്ട്.
മോദിയുടെ പ്രസംഗങ്ങള്‍ക്ക് ഉള്ളടക്കത്തിന്റേയും തീവ്രതയുടേയും കുറവുണ്ടെന്നും അത്യധികം ആവര്‍ത്തനവിരസതയുള്ള അവ അലോസരപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.
'ഞാനിപ്പോഴും താങ്കളുടെ അഭ്യുദയകാംക്ഷിയാണ്. പക്ഷേ അതില്‍ ഇ.വി.എം ദുരുപയോഗവും താങ്കളുടെ ധാര്‍ഷ്ട്യവും ഉള്‍പ്പെടില്ല. നേര്‍വഴിക്കു പോകണമെന്നാണ് ഈ പതിനൊന്നാം മണിക്കൂറില്‍ എനിക്കു താങ്കളോട് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്.' സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത സിന്‍ഹ അറിയിച്ചത്. ബി.ജെ.പി. എം.പിയാണെങ്കിലും ശക്തനായ മോദി വിമര്‍ശകനായാണ് നേരത്തെ തന്നെ സിന്‍ഹ അറിയപ്പെടുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു തന്റെ കോണ്‍ഗ്രസ് പ്രവേശത്തെക്കുറിച്ച് സിന്‍ഹ മനസ്സുതുറന്നത്. ആര്.ജെ.ഡി. നേതാവും തന്റെ കുടുംബ സുഹൃത്തുമായ ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിന്‍ഹ കഴിഞ്ഞതവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പട്ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."