കശ്മീരിലെ ബി.ജെ.പി റാലിക്കെത്തിയത് 53 പേര്‍, പ്രസംഗത്തില്‍ മോദിക്കു പകരം വാജ്‌പേയി, ആരാണ് വാജ്‌പേയിയെന്നു ശ്രോതാക്കള്‍; റാഫിയാബാദിലെ ആദ്യ റാലി തന്നെ 'ഹിറ്റ്' ആയി
ശ്രീഗനര്‍: വടക്കന്‍ കശ്മീരിലെ റാഫിയബാദില്‍ ബി.ജെ.പിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി തന്നെ ആളുകളുടെ അസാന്നിധ്യം കൊണ്ടും ശ്രോതാക്കളുടെ ഇടപെടലുകള്‍ കൊണ്ടും സാമൂഹിക മാധ്യമങ്ങളില്‍ 'ഹിറ്റ്' ആയി. പരിപാടിക്കു മുന്നോടിയായി പ്രദേശത്താകെ അനൗണ്‍സ്‌മെന്റും പ്രചാരണവും നടത്തിയിട്ടും ബാരാമുല്ലാ മണ്ഡലത്തില്‍പ്പെട്ട റാഫിയാബാദിലെ റൊഹാമയില്‍ റാലിക്കെത്തിയതാവട്ടെ ആകെ 53 പേര്‍. പരിപാടി നടന്ന വേദിക്ക് മൂന്നുകിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മഖ്ബൂലിന്റെ വീട്. അതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ അടുത്ത ബന്ധുക്കള്‍ എത്തിയതുകൊണ്ട് മാത്രമാണ് അന്‍പതിലധികം പേരെങ്കിലും എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മുവിലും കശ്മീരിലും മൂന്നുവീതം മണ്ഡലങ്ങളാണുള്ളത്. കശ്മീരിലെ മൂന്നുമണ്ഡലങ്ങളിലൊന്നാണ് ബാരാമുല്ല.
സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവും മഹ്ബൂബാ മുഫ്തി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന നിര്‍മല്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലെ പ്രസംഗവും ശ്രോതാക്കളുടെ ഇടപെടലും ചര്‍ച്ചയായി. പ്രസംഗത്തില്‍ നരേന്ദ്രമോദിയുടെ പേരിനെക്കാള്‍ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പേരാണ് പ്രാസംഗികര്‍ കൂടുതല്‍ പരാമര്‍ശിച്ചത്. പ്രധാനമന്ത്രിയായിരിക്കെ പാകിസ്താനുമായി നേരിട്ട് സംഭാഷണം നടത്തി സമാധാനശ്രമങ്ങള്‍ക്കു തുടക്കമിട്ട വാജ്‌പേയി, ബി.ജെ.പി നേതാക്കളില്‍ കശ്മീരികളെ ഏറെ സ്വാധീനിച്ചയാളാണ്. സ്ഥാനാര്‍ത്ഥി മുഹമ്മദ് മഖ്ബൂലാണ് വാജ്‌പേയിയെ പ്രശംസിച്ചു പ്രസംഗം തുടങ്ങിയത്. ഇതോടെ ശ്രോതാക്കളില്‍ ഒരാള്‍ എണീറ്റ്, ഇതിനു മുന്‍പായി അങ്ങിനെയൊരാളെ കേട്ടിട്ടില്ലാത്ത പോലെ 'ആരാണ് വാജ്‌പേയി' എന്നു ചോദിച്ചത് സദസ്സില്‍ ചിരിപടര്‍ത്തി.
പ്രസംഗത്തിനിടെ നിര്‍മല്‍ സിങ്ങിനു നേരെ തിരിഞ്ഞ മഖ്ബൂല്‍, സംസ്ഥാനത്ത് കനത്ത സുരക്ഷനിലനില്‍ക്കുന്നതിനാല്‍ ഇത്രയും പേരേ കാമറക്കു മുന്‍പില്‍ മുഖം കാണിക്കാന്‍ എത്തിയുള്ളൂവെന്നും നാഷനല്‍ കോണ്‍ഫറന്‍സിന്റെ ആയിരം പ്രവര്‍ത്തകര്‍ക്കു സമമാണ് ഇവിടെ വന്നവരെന്നും പറഞ്ഞു. മഖ്ബൂലിന്റെ പ്രസംഗം കത്തിക്കയറുന്നതിനിടെ എന്താണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ആരാണിയാള്‍- പ്രദേശത്തുകാരനായ ശരീഫുദ്ധീന്‍ ഭട്ട് (63) ചോദിച്ചു.
സോപോറിലെ വത്‌ലബില്‍ കഴിഞ്ഞയാഴ്ച നടന്ന ബി.ജെ.പി റാലിക്കെത്തിയത് ആകെ എട്ടുപേരായിരുന്നു. പരിപാടിയിലെ മുഖ്യാതിഥിയായ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗള്‍ ഇതോടെ പരസ്യമായി അതൃപ്തി അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."