കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; ഉമ്മറിനും പ്രിയതമക്കും നാട് കണ്ണീരോടെ വിട നല്കി
കണ്ടത്തുവയല്‍: കൊല്ലപ്പെട്ട നവദമ്പതികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നാടിന്റെ നാനാഭാഗത്ത് നിന്നും സ്ത്രീകളും പുരുഷന്മാരുമടക്കം നൂറ് കണക്കിന് ആളുകളാണ് മയ്യിത്തുകള്‍ ഒരു നോക്ക് കാണാന്‍ പന്ത്രണ്ടാം മൈലില്‍ തടിച്ച് കൂടിയത്. കൊലചെയ്യപ്പെട്ട പൊയിലന്‍ ഉമ്മര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പന്ത്രണ്ടാംമൈലില്‍ എത്തിച്ചത്.
ഒരു നാടു മുഴുവന്‍ ഇവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കണ്ടത്തുവയലില്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. ഉമ്മറിന്റെ മൃതദേഹം മൂത്ത സഹോദരന് അബ്ദുള്ളയുടെ വീട്ടിലും ഫാത്തിമയുടെ മൃതദേഹം ഭര്‍തൃ സഹോദരന് മുനീറിന്റെ വീട്ടിലുമാണ് പൊതുദര്‍ശനത്തിന് വച്ചത്. നാട്ടുകാരും ബന്ധുക്കളടക്കം നിരവധിപേര്‍ ഇവിടെയെത്തിയിരുന്നു.
പിന്നീട് ഇരുവരുടെയും മയ്യിത്തുകള്‍ പൂരിഞ്ഞി ജുമാസമ്ജിദിലേക്ക് കൊണ്ടുപോയി. ഇവിടെ ഫാത്തിമയുടെ പിതാവ് ആറങ്ങാടന്‍ മുഹമ്മദ് എന്ന മമ്മൂട്ടി മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നല്കി. നൂറ് കണക്കിനാളുകളാണ് മയ്യിത്ത് നിസ്ക്കാരത്തില്‍ സംബന്ധിച്ചത്. പിന്നീട് പൂരിഞ്ഞിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കണ്ടത്തുവയല്‍ ജുമാമസ്ജിദിലേക്ക് ഖബറടക്കത്തിനായി മയ്യിത്തുകള്‍ കൊണ്ടുപോയി. ഖബര്‍സ്ഥാനില്‍ ഒരു കുഴിയെടുത്ത് ഇതിനുള്ളില്‍ രണ്ട് അടിക്കബറുകള് ഒരുക്കിയാണ് മയ്യിത്തുകള്‍ ഖബറടക്കിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പൊയിലന്‍ ഉമ്മറിന്റെയും മാനന്തവാടി ചെറ്റപ്പാലം ആറങ്ങാടന്‍ ഫാത്തിമയുടെയും വിവാഹം നടന്നത്. ജീവിതത്തിലേക്ക് ഇരുവരും കൈപിടിച്ച് നടക്കാന്‍ തുടങ്ങുമ്പോഴേക്കും നാടിനെ നടുക്കിയ ദുരന്തമായി ഇവരുടെ വേര്‍പാട്. സ്വന്തം വീട്ടിലുണ്ടായ അരുംകൊല ഉമ്മ ആയിഷയെയും മാനസികമായി തളര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."