സോഫ്റ്റ്‌വെയറിലെ മാറ്റങ്ങള്‍ ഈയാഴ്ച പൂര്‍ത്തിയാകില്ല
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ അമിത ബില്ലില്‍ സര്‍ക്കാര്‍ അനുവദിച്ച സബ്‌സിഡി അനുവദിച്ചുള്ള ബില്ല് നല്‍കുന്നതിന് കെ.എസ്.ഇ.ബിയുടെ സോഫ്റ്റ്‌വെയറില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഈ ആഴ്ച പൂര്‍ത്തിയാകില്ല. അടുത്തമാസം രണ്ടാം ആഴ്ചയോടെ മാത്രമേ പരീക്ഷണമുള്‍പ്പടെ നടത്തി ബില്ല് നല്‍കുന്നത് ആരംഭിക്കൂ. ഈ ബില്ല് നല്‍കുമ്പോള്‍ സബ്‌സിഡി സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താവിന് എസ്.എം.എസ് വഴിയും ലഭിക്കും.
ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുന്‍പെങ്കിലും മൊബൈല്‍ ഫോണില്‍ സബ്‌സിഡി തുക എത്രയെന്ന് സന്ദേശം വരും. വൈദ്യുതി ബില്ലിലും സബ്‌സിഡി തുക രേഖപ്പെടുത്തിയിരിക്കും.
സബ്‌സിഡി ഉള്‍ക്കൊള്ളിച്ചുള്ള ബില്‍ തയാറാക്കാന്‍ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണ നടപടികള്‍ കെ.എസ്.ഇ.ബിയുടെ ഐ.ടി വിഭാഗത്തില്‍ നടക്കുകയാണ്.
ദിവസം രണ്ട് ലക്ഷം ബില്ലെങ്കിലും തയാറാക്കും വിധമാണ് പരിഷ്‌കരണം നടക്കുന്നത്. സബ്‌സിഡി അടങ്ങിയ ബില്ല് വിതരണം പൂര്‍ത്തിയാകാന്‍ ഓഗസ്റ്റ് അവസാനമാകും.
കൊവിഡ് പശ്ചാത്തലത്തില്‍ വാണിജ്യ, വ്യവസായ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഫിക്‌സഡ് ചാര്‍ജില്‍ അനുവദിച്ച ഇളവ് ജൂലൈയില്‍ ലഭിക്കും. 25 ശതമാനമാണ് ഇളവ്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാര്‍ജിന്റെ ഫിക്‌സഡ് നിരക്കിനാണ് ഇത് ബാധകം. 17 ലക്ഷം പേരാണ് ഗുണഭോക്താക്കള്‍. ഇളവ് ജൂലൈ മാസത്തെ ബില്ലില്‍ കുറവ് ചെയ്തു നല്‍കും. 35 കോടി രൂപയാണ് ഈ ഇനത്തില്‍ കെ.എസ്.ഇ.ബി നല്‍കുന്നത്. നേരത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതും ജൂലൈയില്‍ ലഭിക്കും. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ക്കാണ് സബ്‌സിഡി. ലോക്ക്ഡൗണ്‍ കാലയളവിനു മുന്‍പുള്ള ഡോര്‍ ലോക്ക് അഡ്ജസ്റ്റ്‌മെന്റ്, മുന്‍ ബില്‍ കുടിശിക, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ആയ തുക ഒഴിവാക്കിയാകും തുക കണക്കാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."