റെയ്ഞ്ച് തലങ്ങളില്‍ നിറസാന്നിധ്യമായ ജില്ലയിലെ മുദരിബുമാരുടെ സേവനം മാതൃക
പട്ടാമ്പി: സമസ്തകേരള വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ റെയ്ഞ്ച് മദ്‌റസ ശാക്തീകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ മുദരിബുമാരുടെ സേവനം മാതൃകയാവുന്നു. കിഴക്കന്‍ മേഖലകള്‍ ഉള്‍പ്പെടെ ജില്ലയിലെ റെയ്ഞ്ച് തലങ്ങളിലെ മദ്‌റസകളിലെ അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും രക്ഷിതാക്കള്‍ക്കും പഠനാര്‍ഹമായ ക്ലാസുകളാണ് ഇവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്നത്. വല്ലപ്പുഴ സ്വദേശി ഷൗക്കത്തലി റഹീമി, വാണിയംകുളം പാവുക്കോണം സ്വദേശി ശാഫി റഹീമി, ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അബ്ദുറഹ്മാന്‍ റഹീമി എന്നിവരാണ് റെയ്ഞ്ച് തലങ്ങളിലെ മുദരിബുമാരായി പ്രവര്‍ത്തിക്കുന്നത്.
സമസ്തക്ക് കീഴില്‍ 39 മുദരിബുമാരാണ് വിവിധ ജില്ലകളിലായി മദ്‌റസ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ഓരോ മുദരിബിന് കീഴിലും 11, 12 റെയ്ഞ്ചുകളായി വിഭജിച്ചാണ് ജില്ലയിലെ മദ്‌റസ ശാക്തീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓരോ റെയ്ഞ്ചുകള്‍ക്ക് കീഴിലും പതിനഞ്ചും മുപ്പതും മദ്‌റസകളുമുണ്ട്. 'ലഹരിയില്ലാത്ത നാട്, സ്‌നേഹമുള്ള വീട്' എന്ന വിഷയത്തില്‍ നടന്ന് വരുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയും എസ്.കെ.ജെ.എം യുടെ ലഹരിവിരുദ്ധ ബോധവല്‍കരണമടക്കമുള്ള പരിപാടികള്‍ മദ്‌റസയിലെ മാനേജ്‌മെന്റിനിടയിലും രക്ഷിതാക്കള്‍, യുവാക്കള്‍ എന്നിവര്‍ക്കിടയിലും സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് മദ്‌റസ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
സമസ്ത ചുമതലപ്പെടുത്തിയ മുഫത്തിശുമാര്‍ വര്‍ഷത്തില്‍ മൂന്ന് തവണകളിലായി മദ്‌റസകളിലെ കുട്ടികളുടെ പഠനിലവാരവും അധ്യാപകരെയും മറ്റു അനുബന്ധപ്രവര്‍ത്തനങ്ങളെയും പരിശോധിക്കുന്നതിനായി എത്തുന്നുണ്ട്. ഇതിന് പുറമെയാണ് മുഫത്തിശുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് വേണ്ടിയും മദ്‌റസാശാക്തീകരണ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി സമസ്തക്ക് കീഴില്‍ മുദരിബുമാരെ കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പ് ജില്ലകളില്‍ ചുമതലപ്പെടുത്തിയത്. അതിനാല്‍ തന്നെ മതപഠനം മദ്‌റസകളില്‍ മികച്ചരീതിയില്‍ നല്‍കുന്നതിനായി റെയ്ഞ്ച് തലങ്ങളില്‍ മദ്‌റസാ അധ്യാപകര്‍ക്ക് മുദരിബുമാരുടെ നേതൃത്വത്തില്‍ പരിശീലനങ്ങളും ക്ലാസുകളും റെയ്ഞ്ച് അടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്.സുപ്രഭാതം ദിനപത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റെയ്ഞ്ച് തലങ്ങളില്‍ വ്യാപിപ്പിക്കുന്നതിനും മുദരിബുമാര്‍ നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."