നാട്ടുകാര്‍ സ്മാര്‍ട്ടായി കൂടെ വിദ്യാലയവും
കൊപ്പം: നാട്ടുകാര്‍ സ്മാര്‍ട്ടായപ്പോള്‍ വിദ്യാലയവും സ്മാര്‍ട്ടായി. വിളയൂര്‍ കുപ്പൂത്ത് യൂനിയന്‍ എ.എല്‍.പി സ്‌കൂളിലെ നാലു ക്ലാസ് മുറികളില്‍ പ്രൊജക്ടറുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനും അനുബന്ധ സൗകര്യങ്ങളൊരുക്കാനുമാണ് നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും സ്മാര്‍ട്ടായത്.
വിദ്യാലയ ശാക്തീകരണത്തിനായി ആവിഷ്‌കരിച്ച 'കൂട്ട്' പദ്ധതിയിലാണ് പൂര്‍വ വിദ്യാര്‍ഥികളും ഫാമിലി വാട്‌സ്ആപ് കൂട്ടായ്മകളും സന്നദ്ധ സംഘടനകളും സഹകരിച്ചത്. പൂര്‍വ വിദ്യാര്‍ഥി വെങ്ങാലില്‍ അബ്ദുല്‍ ഖാദര്‍ മൂന്നു ക്ലാസ് മുറികളിലേക്ക് പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സംഭാവന നല്‍കി. വള്ളിക്കുന്നത്ത്, വലിയതൊടി ഫാമിലി വാട്‌സ്ആപ് കൂട്ടായ്മകളും കുപ്പൂത്ത് നന്മ ചാരിറ്റബിള്‍ ട്രസ്റ്റും ഓരോ ക്ലാസ് മുറികള്‍ ടൈല്‍ പതിച്ച് നവീകരിച്ചു.
രണ്ടു ക്ലാസ് മുറികള്‍ നവീകരിക്കാനും സ്‌കൂളിന് എസ്.എസ്.എ അനുവദിച്ച ജൈവ വൈവിധ്യ പാര്‍ക്കിന്റെ പൂര്‍ത്തീകരണത്തിനും പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും സഹകരിച്ചു. കുപ്പൂത്ത് റെയിന്‍ബോ പ്രവാസി വാട്‌സ്ആപ് കൂട്ടായ്മ സ്മാര്‍ട്ട് ഉപകരണങ്ങളും ഫര്‍ണിച്ചറും ക്ലാസ് മുറി നവീകരണവുമടക്കം ഒരു ക്ലാസ് മുറി സ്മാര്‍ട്ടാക്കാനുള്ള പ്രവൃത്തി തുടങ്ങിയിട്ടുമുണ്ട്. എല്ലാ ക്ലാസുകളും സ്മാര്‍ട്ടാവുന്ന ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ് യൂനിയന്‍ സ്‌കൂളെന്ന് ഹൈടെക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത പട്ടാമ്പി എ.ഇ.ഒ ഡി. ഷാജിമോന്‍ പറഞ്ഞു. സ്മാര്‍ട്ട് റൂം സ്വിച്ച് ഓണ്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും പൂര്‍വ വിദ്യാര്‍ഥിയുമായ കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
വി. അഹമ്മദ്കുഞ്ഞി (വള്ളികുന്നത്ത് ഫാമിലി വാട്‌സാപ്പ് കൂട്ടായ്മ), വി.ടി ഫാത്തിമത്തു ശഫിന, കുഞ്ഞുട്ടി (വലിയതൊടി ഫാമിലി വാട്‌സാപ്പ് കൂട്ടായ്മ), നൗഷാദ് കുപ്പൂത്ത് (നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്) എന്നിവര്‍ ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു. പറവകള്‍ക്ക് നീര്‍ക്കുടം സ്ഥാപിച്ച് ജൈവ വൈവിധ്യ പാര്‍ക്ക് ബി.പി.ഒ കെ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഷികാഘോഷം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ നീലടി സുധാകരന്‍, വാര്‍ഡ് മെംബര്‍ വി. അഹമ്മദ്കുഞ്ഞി, ടി. ഗോപാലകൃഷ്ണന്‍, വി.എം മുസ്തഫ സംസാരിച്ചു.
മൂന്ന് ക്ലാസ് മുറികള്‍ക്ക് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും നല്‍കിയ പൂര്‍വ വിദ്യാര്‍ഥി വെങ്ങാലില്‍ അബ്ദുല്‍ ഖാദറിനുള്ള സ്‌കൂളിന്റെ സ്‌നേഹോപഹാരം എം.എല്‍.എയും സ്‌കൂള്‍ മാനേജര്‍ സി. സുരേന്ദ്രനാഥനുണ്ണിയും ചേര്‍ന്ന് കൈമാറി. വി.എം മുസ്തഫ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റര്‍ സി. മോഹനദാസന്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി.കെ പ്രിയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."