ഗള്‍ഫിലും മിഅ്റാജ് രാവ് തിങ്കളാഴ്ച; അനുസ്മരണ പ്രഭാഷണങ്ങളും പ്രാര്‍ഥനാ സദസുകളും നാളെ മുതല്‍
മനാമ: കേരളത്തോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളും തിങ്കളാഴ്ച മിഅ്റാജ് ദിനം ആചരിക്കും. ഇതോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാഷട്രങ്ങളിലെ മത സംഘടനകളുടെയും പ്രവാസി സംഘടനകളുടെയും കീഴില്‍ പ്രത്യേക അനുസ്മരണ പരിപാടികളും പ്രാര്‍ഥനാ സദസുകളും ഞായറും തിങ്കളുമായി നടക്കും.
പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്റാഅ്, മിഅ്റാജ് ദിനം ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒന്നിലേറെ ദിവസം പ്രത്യേക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മിഅ്റാജിന്റെ സന്ദേശം വിളംബരം ചെയ്യുന്ന നിരവധി പരിപാടികളും വിവിധ രാജ്യങ്ങളിലെ മത കാര്യ വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മിക്ക പള്ളികളിലെയും ജുമുഅ ഖുതുബകള്‍ മിഅ്റാജിനെ കുറിച്ചായിരുന്നു. ഇസ്റാഅ്, മിഅ്റാജ് ചരിത്രം വിശദമായി ഇതില്‍ പ്രതിപാദിച്ചിരുന്നു.
മിഅ്റാജ് ദിനത്തോടനുബന്ധിച്ച് ഫലസ്ഥീനിലെ ബൈതുല്‍ മുഖദ്ദസിലേക്കുള്ള സിയാറത്ത് യാത്രകളടക്കം ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിവിധ പ്രവാസി സംഘടനകളും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന മിഅ്റാജ് ദിന പ്രഭാഷണം ഞായറാഴ്ച രാത്രി ഒന്‍പതിന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് നടക്കുന്ന മിഅ്റാജ് ദിന സന്ദേശത്തിനും പ്രാര്‍ഥനക്കും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.
ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക മിഅ്റാജ് അനുസ്മരണ സംഗമങ്ങള്‍ നടക്കും. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും സമസ്ത, ഇസ്്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, ഐസിഎഫ് തുടങ്ങിയ വിവിധ സംഘടനകളുടെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യക ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മിഅ്റാജ് ദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ പ്രത്യേക വ്രതം അനുഷ്ഠിക്കാറുണ്ട്. തിങ്കളാഴ്ചയാണിത്. നാട്ടിലും ഗള്‍ഫിലുമെല്ലാം ഈ ദിനത്തോടനുബന്ധിച്ചുള്ള രാത്രിയില്‍ വിശ്വാസികള്‍ പ്രത്യേകമായി മധുര പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്യുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."