ഇന്ത്യന്‍ അമ്പെയ്ത്ത് സംഘം ബ്രസീലില്‍
മാരിക്ക(ബ്രസീല്‍): ഒളിംപിക്‌സിനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഇന്ത്യന്‍ ആര്‍ച്ചറി ടീം ബ്രസീലില്‍. റിയോയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് ടീം നേരത്തെ ബ്രസീലിലെത്തിയത്.
നാലംഗ ടീമിനൊപ്പം സ്റ്റാംഫംഗങ്ങളുമുണ്ട്. തീരദേശ നഗരമായ മാരിക്കയിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്. റിയോയില്‍ നിന്ന് 50 കി.മീ ദൂരമുണ്ട് മാരിക്കയിലേക്ക്.
ജൂണ്‍ 22 വരെ ഇവിടെ പരിശീലനം നടത്തിയ ശേഷം ടീം റിയോയിലെ ചരിത്ര നഗരമായ സെന്‍ട്രോയിലേക്ക് മടങ്ങും. സെന്‍ട്രോയിലെ സാംപോദ്രോമോയിലാണ് അമ്പെയ്ത്ത് മത്സരങ്ങള്‍ നടക്കുന്നത്.
2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഏറെ പ്രതീക്ഷയുയര്‍ത്തിയെങ്കിലും നിരാശാജനകമായിരുന്നു ആര്‍ച്ചറി ടീമിന്റെ പ്രകടനം. നിരന്തരം സമ്മര്‍ദത്തെ തുടര്‍ന്നാണ് ടീമിന്റെ പ്രകടനം മോശമായതെന്നു നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതിനെ മറികടക്കാനാണ് നേരത്തെ തന്നെ പ്രധാന വേദിയില്‍ പരിശീലനം നടത്തുന്നത്. കര്‍ശന നിയമങ്ങളാണ് ടീം കോച്ച് ആര്‍ച്ചറി താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഒളിംപിക്‌സ് കഴിയുന്നതുവരെ താരങ്ങളുടെ ഫോണ്‍ ഓഫാക്കി വയ്ക്കാന്‍ വരെ നിര്‍ദേശമുണ്ട്. പരിശീലന വേളയില്‍ ഇവര്‍ പുറത്തു നിന്നുള്ള ഒരാളുമായും സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
അതേസമയം ടീമിന്റെ പരിശീലനത്തില്‍ തൃപ്തിയുണ്ടെന്ന് ഇന്ത്യന്‍ കോച്ച് ധര്‍മേന്ദ്ര തിവാരി പറഞ്ഞു. റിയോയിലെ കാലാവസ്ഥ മികച്ചതാണ്. അതുകൊണ്ടു പരിശീലനം മുടക്കമില്ലാതെ നടക്കുന്നു.
മൂന്നു സെഷനുകളാണ് പരിശീലനത്തിനുള്ളത്. അതിലൊന്ന് രാത്രിയിലാണെന്നും ധര്‍മേന്ദ്ര പറഞ്ഞു. മൂന്നു ഇനങ്ങളിലാണ് ഇന്ത്യന്‍ ടീം മത്സരിക്കുന്നത്. ദീപിക കുമാരി, ലക്ഷ്മിറാണി മാജി, ബോംബെയ്‌ല ദേവി എന്നിവര്‍ ടീമിനത്തില്‍ മത്സരിക്കും. അതനു ദാസ് പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തിലാണ് മത്സരിക്കുക. എന്നാല്‍ പുരുഷന്‍മാര്‍ക്ക് ടീമിനത്തില്‍ യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.
രാത്രിയിലെ പരിശീലനം ഇന്ത്യന്‍ ടീമിനു പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്നും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ധര്‍മേന്ദ്ര പറഞ്ഞു. ടീം എല്ലാ അര്‍ഥത്തിലും സജ്ജമാണ്. അതോടൊപ്പം മെഡല്‍ പ്രതീക്ഷയുണ്ടെന്നും ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."