ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടരുത്: ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാകിസ്താന് യാതൊരു അവകാശവുമില്ല. ഭീകരവാദത്തെ മഹത്വവത്കരിക്കുന്ന പ്രവണത പാകിസ്താന്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പാകിസ്താന്‍ മന്ത്രിസഭയുടെ തീരുമാനത്തെ ഏകകണ്ഠമായി തള്ളിക്കളയുന്നുവെന്നും ഭീകരവാദത്തിന് പിന്തുണ നല്‍കി ദക്ഷിണേഷ്യയിലെ ക്രമസമാധാനം തകര്‍ക്കാന്‍ പാകിസ്താന്‍ ശ്രമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-പാക് സമാധാനത്തിന് പാകിസ്താന്റെ നിലപാട് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കശ്മീര്‍ സൈന്യം വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ജൂലൈ 19ന് പാകിസ്താന്‍ കരിദിനമാചരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയത് നിയമത്തിന് അതീതമായ കൊലയെന്നാണ് ഷരീഫ് വിശേഷിപ്പിച്ചത്. വാനി കശ്മീരി നേതാവാണെന്നും രക്തസാക്ഷിയാണെന്നും ശരീഫ് പറഞ്ഞു. കശ്മീരിലെ ക്രമസമാധാനവും സുരക്ഷയും ഗുരുതരമായ ഭീഷണി നേരിടുന്ന സന്ദര്‍ഭമാണിത്. ഇന്ത്യയുടെ ക്രൂരതകളാണ് കശ്മീരികളുടെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം. സ്വാതന്ത്രത്തിനായി പോരാടുന്ന കശ്മീരിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പാകിസ്താന്‍ ഒന്നടങ്കം അവരുടെ പിന്നില്‍ അണിനിരക്കുമെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ സംഭവങ്ങളെതുടര്‍ന്ന് ലാഹോറില്‍ ചേര്‍ന്ന കാബിനറ്റ് മീറ്റിങ്ങിനുശേഷമാണ് നവാസ് ശരീഫ് പ്രസ്താവനയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."