വോട്ടഭ്യര്‍ഥിക്കാന്‍ ഒരുതവണ കൂടി രാഹുല്‍ വയനാട്ടിലെത്തും
കോഴിക്കോട്: സ്വന്തം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരുദിവസം കൂടി യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. നാമനിര്‍ദ്ദേശ പത്രിക നല്‍കാനായി ഇന്ന് രാഹുല്‍ വയനാട്ടിലെത്തുന്നുണ്ട്. ഇന്നലെ രാത്രി അദ്ദേഹവും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോഴിക്കോട് എത്തി. ഇന്നു രാവിലെ വെസ്റ്റ്ഹില്‍ ഹെലിപ്പാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോകും.
രാഹുലിന്റെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. രാഹുലും പ്രിയങ്കയും താമസിച്ച ഗസ്റ്റ് ഹൗസിന് എസ്.പി.ജി കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയ രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങി ഏതാനും നേതാക്കള്‍ക്കു മാത്രമാണ് അനുമതി ലഭിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ്് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരകനാണ് രാഹുല്‍.
രാഹുലിന്റെ കേരളത്തിലെ പര്യടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു ലഭിച്ചിട്ടില്ല. ഇതു കൂടാതെയാണ് സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിനായി രാഹുല്‍ ഒരുതവണ കൂടി വയനാട്ടില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."