വന്യമൃഗശല്യം കര്‍ഷകര്‍ക്ക് തീരാദുരിതം
പുല്‍പ്പള്ളി: വന്യമൃഗശല്യംമൂലം നിലനില്‍പ്പ് ഭീഷണിയിലായ കര്‍ഷകര്‍ പ്രതിരോധത്തിന് ഒരുങ്ങുന്നു. പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കര്‍ഷകരാണ് സംയുക്തമായി അധികൃതരുടെ അവഗണനക്കെതിരെ പ്രക്ഷോഭത്തിനും നിയമ നടപടികള്‍ക്കുമായി രംഗത്തിറങ്ങുന്നത്. മുമ്പൊക്കെ വനാതിര്‍ത്തിയിലായിരുന്നു വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ടൗണുകള്‍ക്ക് പോലും വന്യമൃഗങ്ങളില്‍നിന്നും മോചനമില്ലാത്ത അവസ്ഥയാണ്. പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ 99 ശതമാനം സ്ഥലങ്ങളും വനത്തിനുള്ളിലാണ്.
ഈ മേഖലയിലുള്ളവര്‍ക്ക് വനത്തിനുള്ളില്‍ നിന്നും പുറത്തുകടക്കുവാന്‍ വനത്തിലൂടെയല്ലാതെ എരിയപ്പള്ളി-കേണിച്ചിറ റോഡ് മാത്രമാണുള്ളത്. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി പാതയിലെ വനത്തില്‍ കാട്ടാനയെ വെടിവച്ചുകൊന്ന സംഭവം യഥാര്‍തത്തില്‍ പുല്‍പ്പള്ളിക്കാരെയാണ് ഞെട്ടിച്ചത്. ആന കൊല്ലപ്പെട്ടപ്പോള്‍ വയനാട്ടിലെ പരിസ്ഥിതി സംഘടനകള്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിക്കുവാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന പ്രസ്താവനയിറക്കിയിരുന്നു. പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ വനത്തിലൂടെയുള്ള മാത്രം റോഡുകളുള്ള പുല്‍പ്പള്ളിക്കാര്‍ ഇവരുടെ പ്രസ്താവന കേട്ട് ഞെട്ടുകയായിരുന്നു. വന്യമൃഗശല്യം തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടിയും ഫലപ്രദമല്ലെന്നതാണ് യാഥാര്‍ഥ്യം. വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിമാറ്റിയും, കിടങ്ങുകള്‍ നിര്‍മിച്ചും, ഷോക്ക്‌ലൈനുകള്‍ നിര്‍മിച്ചും വന്യമൃഗങ്ങളെ കൃഷിയിടങ്ങളില്‍നിന്നും അകറ്റാമെന്നത് വ്യാമോഹമാണ്. വനനിയമങ്ങള്‍ കര്‍ശനമായതോടെ കൃഷിയിടങ്ങളില്‍ കയറുന്ന വന്യമൃഗങ്ങളെ ഓടിച്ചുവിടാനും കര്‍ഷകര്‍ മടിക്കുവാന്‍ തുടങ്ങി. ഓടിപ്പോകുന്ന വന്യമൃഗങ്ങള്‍ക്ക് എന്തെങ്കിലും പരുക്കുപറ്റിയാല്‍ കര്‍ഷകര്‍ കുടുങ്ങും. കര്‍ഷകര്‍ക്കുവേണ്ടി എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജാതിസംഘടനകള്‍ക്കും സംഘടനകള്‍ ഉണ്ടെങ്കിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി യാതൊന്നും നടക്കുന്നില്ല. ആരും സഹായിക്കുവാനില്ലാത്ത നിസ്സഹായാവസ്ഥയിലാണ് കര്‍ഷകര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കുടുംബനാഥന്മാരടക്കം മരണപ്പെട്ട് അനാഥമായ കുടുംബങ്ങളുടെ ഇന്നത്തെ നിസ്സഹായാവസ്ഥ കാണുവാനൊ പഠിക്കുവാനൊ ആരും തയാറാകുന്നില്ല. പുല്‍പ്പള്ളി പഞ്ചായത്തില്‍ ചേകാടി മുതല്‍ ചീയമ്പം 73-വരെയുള്ള ഭാഗങ്ങള്‍ ഏകദേശം 25 കിലോമീറ്റര്‍ ദൂരം കര്‍ണാടക വനത്തോട് ചേര്‍ന്നാണുള്ളത്. ചേകാടി മുതല്‍ ഇരുളം വരെയുള്ള ഭാഗം കേരളത്തിന്റെ വനത്തോടും ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ചേകാടി മുതല്‍ കൊളവള്ളിവരെയുള്ള ഭാഗങ്ങളിലെ കര്‍ഷകരുടെ പ്രധാന ശത്രു കാട്ടാനകളാണ്.
എന്നാല്‍ ചീയമ്പം മേഖലയില്‍ മാനുകളാണ് കര്‍ഷകരുടെ കൃഷികള്‍ക്ക് പ്രധാനമായും നാശനഷ്ടങ്ങള്‍ വരുത്തുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലെ മൂഴിമല, കാപ്പിക്കുന്ന് പ്രദേശങ്ങളില്‍ കാട്ടാനകള്‍ക്കു പുറമെ കുരങ്ങുകളാണ് ഭീഷണി. നൂറുകണക്കിന് കുരങ്ങുകളാണ് ഈ പ്രദേശങ്ങളില്‍ കൃഷികള്‍ക്കും വീടുകള്‍ക്കും നാശം വിതക്കുന്നത്. വേലിയമ്പം മുതല്‍ കുറിച്ചിപ്പറ്റവരെയുള്ള പ്രദേശങ്ങളില്‍ കാട്ടാനകള്‍ തന്നെയാണ് മുഖ്യശത്രു. കാര്യമ്പാതിക്കുന്ന്, കോളറാട്ട്കുന്ന് തുടങ്ങിയ ഗ്രാമങ്ങളില്‍ കാട്ടുപന്നികളാണ് കൃഷികള്‍ക്ക് നാശം വിതയ്ക്കുന്നത്. ഇങ്ങനെ വിവിധങ്ങളായ വന്യമൃഗങ്ങള്‍മൂലം കര്‍ഷകര്‍ നരകയാതന അനുഭവിക്കുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ പ്രശ്‌നം ഗൗരവമായ എടുത്തിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വന്യമൃഗങ്ങള്‍ ഈ മേഖലയില്‍ വരുത്തിയിരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരം കാണുകയെന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും മനുഷ്യരുടെ വംശവര്‍ധനവ് തടയുവാന്‍വരെ നിയമനിര്‍മാണം നടത്തുന്ന നമ്മുടെ രാജ്യത്ത് വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ അവയുടെ വംശവര്‍ധനവു തടയുന്നതിനും ശ്രമങ്ങള്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്തായാലും വന്യമൃഗശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് ഒറ്റപ്പെട്ട പ്രക്ഷോഭത്തിന് പകരം കൂട്ടായ പ്രക്ഷോഭങ്ങള്‍ക്കും നിയമനടപടികള്‍ക്കുമാണ് പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കര്‍ഷകര്‍ നീക്കങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ കര്‍ഷക കൂട്ടായ്മകള്‍ വിളിച്ചുചേര്‍ത്ത് പ്രക്ഷോഭങ്ങള്‍ക്ക് ഏകീകൃത സ്വഭാവമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഗ്രാമങ്ങളില്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."