ഉള്ള്യേരിയില്‍ അജ്ഞാത രോഗം ബാധിച്ച് അഞ്ച് കന്നുകുട്ടികള്‍ ചത്തു
ഉള്ള്യേരി: കാഞ്ഞിക്കാവ് പ്രദേശത്ത് അഞ്ച് കന്നുകുട്ടികള്‍ അജ്ഞാത രോഗം ബാധിച്ച് ചത്തു. പ്രസവിച്ച ഉടനെ പൊക്കിളിന് പഴുപ്പ് വരികയും പിന്നീട് അത് കൈകാലുകളുടെ മുട്ടിലേക്ക് മാറുകയും ചെയ്യുന്നതാണ് ഈ അപൂര്‍വ രോഗം. പിന്നീട് കന്നുകുട്ടികള്‍ കുഴഞ്ഞുവീണ് ചാകുകയുമാണ് ചെയ്യുന്നതെന്ന് ക്ഷീരകര്‍ഷകനായ തെക്കയില്‍ ഗംഗാധരന്‍ പറഞ്ഞു. അയല്‍ വാസികളായ വടക്കയില്‍ സുകുമാരന്‍, തയ്യുള്ളതില്‍ അശോകന്‍, കുറുങ്ങോട്ട് വിശ്വന്‍ തുടങ്ങിയവരുടെ കന്നുകുട്ടികള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. നേരത്തെയും പ്രദേശത്ത് കന്നുകുട്ടികള്‍ ചത്തതായി ഇവര്‍ പറയുന്നു.
മൃഗാശുപത്രി അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് രോഗബാധ പടരാന്‍ കാരണമെന്ന് ക്ഷീരകര്‍ഷകര്‍ പരാതിപ്പെടുന്നു. ബാലുശ്ശേരി മൃഗാശുപത്രിക്ക് കീഴില്‍പ്പെട്ട ഇവിടെ ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നുകളൊന്നും ഫലം ചെയ്തില്ല. ചികിത്സക്ക് വലിയ ചെലവ് വരുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. കന്നുകുട്ടികളുടെ മരണം ലക്ഷങ്ങളുടെ നഷ്ടമാണ് ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. കന്നുകുട്ടികളുടെ മരണം കാരണം തള്ളപ്പശുക്കളെ വില്‍ക്കാനും പറ്റുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."