ഞങ്ങള്‍ക്ക് റോഡ് വേണം, എന്നിട്ടാവാം വോട്ട്
അത്തോളി: 15 വര്‍ഷമായിട്ടും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധിച്ച് ഒരു പ്രദേശത്തെ അന്‍പതോളം കുടുംബങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരണത്തിനൊരുങ്ങുന്നു.
അത്തോളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കണ്ണിപ്പൊയില്‍, ചെറിയ കണ്ടോത്ത്, പൂന്തുരുത്തി പ്രദേശത്തുകാരാണ് വോട്ടെടുപ്പ് ബഹിഷ്ക്കരണത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ രംഗത്തെത്തിയിരിക്കുന്നത്. അത്തോളി ചീക്കിലോട് റോഡില്‍നിന്ന് ആരംഭിക്കുന്ന റോഡാണിത്. കണ്ണിപ്പൊയില്‍ ചെറിയ കണ്ടോത്ത് പൂന്തുരുത്തിയിലേക്ക് രണ്ടര കിലോമീറ്ററാണ് റോഡിന്റെ നീളം. അഞ്ചുവര്‍ഷം മുന്‍പാണ് സോളിങ് പോലും നടന്നത്. ആ സോളിങ് ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
ഇതിനിടെ പല ഫണ്ടുകളും അനുവദിച്ചുവെന്ന് ജനപ്രതിനിധികളും അധികൃതരും പറഞ്ഞെങ്കിലും റോഡുപണി മാത്രം തുടങ്ങിയില്ല. പ്രദേശത്ത് ഒരു വിവാഹം നടക്കുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചതായി പ്രഖ്യാപിച്ച് മെംബറായ എം.എം വേലായുധന്റെ ഫോട്ടോ വച്ച് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ പേരില്‍ ഒരു ഫ്ള്കസ് വച്ചതായും പിന്നീട് ഫ്ളകസ് തന്നെ കാണാതായതായും പ്രദേശവാസികള്‍ പറയുന്നു. ഇല്ലാത്ത ഫണ്ടിന്റെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ് വച്ചതെന്നാണ് ഇവിടുത്തുകാരുടെ ആക്ഷേപം.
റോഡിന്റെ ശോച്യാവസ്ഥ കാരണം രോഗികളെ പോലും താഴോട്ടെത്തിക്കാന് പ്രയാസപ്പെടുകയാണ്. ആര് എന്ത് പറഞ്ഞാലും റോഡിന്റെ പണിയുടെ കാര്യത്തില്‍ വ്യക്തമായ ഉറപ്പു ലഭിക്കാതെ വോട്ട് ചെയ്യുന്ന പ്രശ്നമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രദേശവാസികള്‍. ഏറ്റവും അവസാനം പഞ്ചായത്ത് അനുവദിച്ച ഫണ്ട് കരാറുകാരനും പഞ്ചായത്ത് ഭരണസമിതിയും തമ്മിലുള്ള കള്ളക്കളി കാരണം ഉപയോഗിക്കപ്പെടാതെ പോയതാണെന്ന് മുന്‍ മെംബര്‍ സുനീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."