യാത്രാചെലവ് വെട്ടിച്ചുരുക്കിയത് പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ യാത്രാ ചെലവ് വെട്ടിച്ചുരുക്കിയത് മനുഷ്യാവകാശ കമ്മിഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. സിറ്റിങിനു മറ്റും യാത്രചെയ്യുന്ന ജീവനക്കാരുടെ ചെലവാണ് സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒറ്റയടിക്ക് വെട്ടിച്ചുരുക്കിയത്. ഇതു കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും അടുത്ത ദിവസം ധനമന്ത്രി തോമസ് ഐസക്കിനെ കാണുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് സുപ്രഭാതത്തോട് പറഞ്ഞു. നിലവില്‍ സിറ്റിങ് യാത്രാ അലവന്‍സായി മൂന്നു മാസത്തേക്ക് 3,000 രൂപയാണു കമ്മിഷന്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്.
കമ്മിഷനില്‍ ഉയര്‍ന്ന റാങ്കിലുള്ള ജീവനക്കാര്‍ക്കെല്ലാം ഒരേ തരത്തിലുള്ള യാത്രാ ബത്തയാണ് അനുവദിക്കുന്നത്. ഇതു യാത്രാ ചെലവിന് പോലും തികയാത്ത അവസ്ഥയാണെന്നും പി. മോഹനദാസ് പറഞ്ഞു. ഒരു ജില്ലയില്‍ സിറ്റിങ് നടത്തുമ്പോള്‍ കമ്മിഷനോടൊപ്പം ആറു ജീവനക്കാരെങ്കിലും വേണം. കേസ് നോക്കുന്ന ജീവനക്കാരന്‍, സെക്ഷന്‍ ജീവനക്കാരന്‍, കമ്മിഷന്റെ സ്റ്റെനോഗ്രാഫര്‍, ഡ്രൈവര്‍, പേഴ്‌സനല്‍ സ്റ്റാഫ്, സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവരാണ് ഉണ്ടാവേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പേഴ്‌സനല്‍ സ്റ്റാഫിനെ ഉപയോഗിച്ചു പോലും സിറ്റിങ് നടത്തേണ്ട അവസ്ഥയാണ് കമ്മിഷനുള്ളത്.
സര്‍ക്കാര്‍ യാത്രാ ചെലവ് വെട്ടിച്ചുരുക്കിയതിനാല്‍ ജീവനക്കാര്‍ക്ക് സിറ്റിങിനു വരാന്‍ താല്‍പര്യമില്ലാത്ത സ്ഥിതിയായിരിക്കയാണ്. എല്ലാ ജില്ലകളിലും മാസത്തില്‍ ഒരു തവണ കമ്മിഷന്‍ സിറ്റിങ് നടത്തുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ആലപ്പുഴയിലും ചേര്‍ത്തലയിലുമായി രണ്ടു സിറ്റിങ് നടത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളുമായി ഒരുമിച്ച് സിറ്റിങ് നടത്തുമ്പോള്‍ കേരളത്തില്‍ ചെയര്‍മാനും അംഗവും ഏഴു ജില്ലകള്‍ വീതം തിരിച്ച് സിറ്റിങ് നടത്തുകയാണ്.
ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സിറ്റിങ് നടത്തുമ്പോള്‍ കമ്മിഷന്റെ ഏക അംഗം കെ. മോഹന്‍കുമാറാണ് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലെ സിറ്റിങില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം 13,600ഓളം പരാതികളാണു കമ്മിഷന് ലഭിച്ചത്. ഈ വര്‍ഷത്തെ നിലവിലുള്ള പരാതികള്‍ വച്ചുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുമെന്ന് പി. മോഹനദാസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."